വിജയന്‍ പെരിങ്ങോട് എന്ന കേട്ടാല്‍ അതാരാണെന്ന് നെറ്റിചുളിക്കുന്ന മലയാളികളാണ് ഏറെയും. എന്നാല്‍ അദ്ദേഹം അഭിനയിച്ച ചലച്ചിത്ര രംഗങ്ങള്‍ ഓരോ മലയാളിക്കും സുപരിചിതമായിരിക്കും. മീശമാധവന്‍, അച്ചുവിന്റെ അമ്മ, പട്ടാളം, കുളിച്ചുണ്ടന്‍ മാമ്പഴം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ ശ്രീധരന്റെ ഒന്നാംതിരുമുറിവ്, ഭൂതക്കണ്ണാടി, സല്ലാപം,വടക്കുംനാഥന്‍,സെല്ലുലോയ്ഡ്,ദേവാസുരം,രക്ഷാധികാരി ബൈജു തുടങ്ങി നാനൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.ഗ്രാമീണകഥകള്‍ പറയുന്ന ചിത്രത്തിലാണ് കൂടുതലും അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. നടനായിട്ടല്ല അദ്ദേഹം സിനിമയുടെ ലോകത്തേക്ക് എത്തിയത്. മറിച്ച്,പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായാണ് സിനിമാ മേഖലയിലേക്ക് അദ്ദേഹം കടന്നു വന്നത്. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, ആര്യന്‍, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, ആധിപന്‍, പാവം പാവം രാജകുമാരന്‍, ആധാരം, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. അടിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ രാം ദേവ് ആയും സാദരത്തിലൂടെ കേശവന്‍പിള്ളയായും കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തിലൂടെ കുട്ടിമാമയായും കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ വക്കീലായും മനസ്സിനക്കരെയിലെ കേളു പോലീസായും വടക്കുംനാഥനിലെ രാവുണ്ണിയായും അഭിനയത്തിന്റെ വിവിധ ഹാസ്യരസങ്ങള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കണിക്കുകയായിരുന്നു.
മലയാളികളുടെ മനസ്സില്‍ പതിഞ്ഞുപോയ ചിത്രമാണ് ദിലീപ് നായകനായി എത്തിയ മീശമാധവന്‍. ചിത്രത്തില്‍ പ്രേക്ഷകരില്‍ പെട്ടിച്ചിരി തീര്‍ത്ത രംഗമായിരുന്നു ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള അമ്പലത്തില്‍ വെടിവഴിപാടിനായി എത്തുന്നത്. ഈ രംഗത്തില്‍ മൈക്കില്‍ക്കൂടി വിളിച്ചുപറയാതെ വെടിവഴിപാട് നടത്താന്‍ സാധിക്കുമോ എന്ന് ജഗതി ചോദിക്കുമ്പോള്‍ ‘ പിള്ളേച്ചനാണോ, വെടിവഴിപാടാകുമ്പോള്‍ സാധാരണ വിളിച്ച് പറയാറാ പതിവ്’ എന്ന് മൈക്കിലൂടെ അമ്പലക്കമ്മറ്റിക്കാരന്‍ വാര്യര്‍ പറയുന്ന രംഗമാണത്. ചിത്രത്തില്‍ അമ്പലക്കമ്മറ്റിക്കാരന്‍ വാര്യരായി വേഷമിട്ടത് വിജയന്‍ പെരിങ്ങോട് ആയിരുന്നു.
പിന്‍നിലാവ്, കാര്യം നിസാരം, അടിയൊഴുക്കുകള്‍, അനുബന്ധം, അതിരാത്രം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി തിളങ്ങി. വാനപ്രസ്ഥം, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും ഇദ്ദേഹം തന്നെ ആയിരുന്നു. രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.2018 ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലക്കാട് പെരിങ്ങോട്ടെ വീട്ടില്‍ വെച്ച് അദ്ദേഹം മലയാളസിനിമയോടും ജീവിതത്തോടും വിട പറയുകയായിരുന്നു. ചഞ്ചലാക്ഷിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഗായത്രി, കണ്ണന്‍ എന്നിവര്‍ മക്കളായിരുന്നു.ഇന്നും മലയാളികളുടെ സിനിമാബോധത്തില്‍ അദ്ദേഹത്തിനും സ്ഥാനമുണ്ട്.കൊച്ചു കൊച്ചു വേഷങ്ങളിലൂടെപ്പോലും നമ്മുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഈ കലാകാരനെ മറക്കാന്‍ മലയാളിക്കാവില്ല എന്ന് നമുക്ക് നിസ്സംശയം പറയാം.
0 Comments