ഏകാന്തതയുടെ 40ദിവസങ്ങൾഅഥവാ മരണമേ വിട്ട്പിടി.മാനവരാശി കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളിൽ ആ നാല് കുട്ടികളുടെ പേര് എഴുതി ചേർക്കപ്പെടും. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോൺ കാടുകളിലെ ഇരുട്ടിലേക്ക് അപ്രത്യക്ഷമാവുക,
40 ദിവസങ്ങൾക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിന്റെ
വെളിച്ചത്തിലേക്ക് പ്രത്യക്ഷപ്പെടുക.
ഈ സർവ്വൈവൽ സ്റ്റോറിയുടെ ഫ്ലാഷ് ബാക്ക് ഏതാണ്ടിങ്ങനെയാണ്..
സെസ്ന 206 എന്ന ചെറുവിമാനം അറാറക്വാറയിൽ നിന്നും കൊളംബിയൻ ആമസോണിലെ 350 കിലോ മീറ്റർ ദൂരമുള്ള സാൻ ജോസ് ഡേൽ ഗൊവിയാരെയിലേക്ക് യാത്ര തിരിക്കുന്നത് മെയ് ഒന്നിനാണ്. യാത്ര പുറപ്പെട്ട് മിനുട്ടുകൾക്കുകളിൽ തന്നെ എൻജിൻ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുന്നു.നിമിഷങ്ങൾക്കകം വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുന്നു. ഭർത്താവ് മാനുവൽ റനോക്കിനൊപ്പം താമസിക്കാനായാണ് ഹുയിറ്റോട്ടോ എന്ന തദ്ദേശീയ ഗോത്ര വിഭാഗത്തിൽപ്പെട്ട മുകുതുയ് എന്ന സ്ത്രീ മക്കളായ ജേക്കബോംബെയർ മുകുതുയ് (13), സോളിനി ജേക്കോബോംബെയർ മുകുതുയ് (9), റ്റിയാൻ നോറെ റനോക് മുകുതുയ് (4), ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് (11 മാസം) എന്നിവർക്കൊപ്പം ബൊഗോട്ടയിലേക്ക് യാത്ര തിരിച്ചത്. കൂടെ ഒരു പ്രദേശവാസിയും പൈലറ്റും. റഡാറിൽ നിന്ന് കാണാതായ വിമാനത്തെത്തേടി അന്ന് മുതൽ സാറ്റ്ലെറ്റ് അന്വേഷണം തുടങ്ങുന്നു. ദുർഘടമായ ആമസോൺ കാടുകളിൽ മെയ് 15 ന് രക്ഷാപ്രവർത്തകർ തകർന്ന് വീണ വിമാനത്തിനുള്ളിൽ കാണുന്നത് യാത്രികരായ കുട്ടികളുടെ അമ്മയുടേയും പൈലറ്റിന്റേയും പ്രദേശവാസിയുടേയും മൃതദേഹങ്ങളാണ്.പരിസരം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്ന നാല് കുട്ടികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. അപകടത്തിൽ നിന്ന് ഈ കുട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട് എന്ന ആദ്യ സൂചന അവിടെ നിന്നും തുടങ്ങുകയാണ്. വിമാനം വിട്ട് കുട്ടികൾ രക്ഷാസ്ഥാനം തേടി വനത്തിനുള്ളിലേക്ക് കേറി പോയിട്ടുണ്ടാകാമെന്നും രക്ഷാപ്രവർത്തകർ കരുതി. കുട്ടികളുടെ പ്രായം, അപകടത്തിലെ പരിക്കുകൾ ഇതെല്ലാം ചേർത്ത് ആ വനത്തിൽ അവർ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്ന് ദൗത്യസംഘം കണക്ക് കൂട്ടി. കാടിനെ അറിയുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട 13 വയസ്സുള്ള പെൺകുട്ടിയുടെ സാന്നിധ്യം കുട്ടികളെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന സാധ്യത വർധിപ്പിച്ചു. കുട്ടികൾ ജീവനോടെ ഉണ്ടെന്ന ചില സൂചനകൾ രക്ഷാ സംഘത്തിന് ലഭിക്കുന്നു.
രാജ്യം വലിയ രക്ഷാദൗത്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്ററിൽ നിന്നും കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് മെയ് 16ന് ട്വീറ്റ് ചെയ്തു. ആ വാർത്ത പ്രസിഡന്റ് കുറച്ചു മണിക്കൂറുകൾക്കു ശേഷം പിൻവലിക്കുകയുണ്ടായി. കുട്ടികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന നിരാശകരമായ വാർത്ത ലോകം കേട്ടു .ഒരുപക്ഷേ കൊളംബിയൻ പ്രസിഡന്റിന്റെ ട്വീറ്റ് ഈ വിഷയത്തിലേക്ക് ലോകത്തിന്റെശ്രദ്ധ പതിയാൻ സഹായമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്തയുടെ ഓരോ അപ്ഡേറ്റിനും പുറകെയായി ... ദൗത്യം 150 ഓളം സൈനികരേയും കുട്ടികളുടെ ഗ്രോത്രവിഭാഗത്തിലെ തദ്ദേശിയരേയും വെച്ച് വിപുലമാക്കപ്പെട്ടു. തെറ്റായ ഒരു ട്വീറ്റ് പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചു. മൃഗങ്ങളും ജാഗ്വറുകളും മയക്കുമരുന്ന് സായുദ്ധസംഘങ്ങളും വിലസുന്ന ആമസോണിന്റെ ഇരുട്ടു വീണ കാടുകളിലേക്ക് പ്രതീക്ഷയുടെ സെർച്ച് ലൈറ്റുകൾ തെളിയാൻ തുടങ്ങി.
വിമാനപകടം നടന്ന സ്ഥലത്തുനിന്നും കുറച്ച് അകലെനിന്ന് ലഭിച്ച ഒരു കത്രിക, രണ്ടു വെള്ള കുപ്പികൾ ,ഒരു ഡയപ്പർ മുടി കെട്ടാൻ ഉപയോഗിക്കുന്ന ഒരു ബാൻഡ് ഇവ വിദഗ്ധ പരിശീലനം ലഭിച്ച നായകളെ കൊണ്ട് മണം പിടിച്ച് കുട്ടികളുടെ രക്ഷാസ്ഥാനം കണ്ടെത്താനുള്ള ശ്രമം വലിയ മഴ കാരണം പാതിവഴിയിലായി. സൈന്യത്തിലെ വിദഗ്ദ്ധനായ ഒരു സ്നിഫർ ഡോഗിനെ ഇതിനിടയിൽ കാട്ടിൽ വെച്ച് കാണാതായി. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദം റെക്കോർഡ് ചെയ്തു ഭയപ്പെടേണ്ട നിങ്ങൾക്കടുത്ത് ഞങ്ങളുണ്ട് എന്നീ ആശ്വാസവചനങ്ങൾ ഉൾക്കൊള്ളുന്ന ശബ്ദം ലൗഡ് സ്പീക്കറിൽ പ്ലേ ചെയ്തു. രക്ഷാദൗത്യം 40 ദിവസത്തേക്ക് കടക്കുമ്പോൾ രാത്രിയും പകലും ഇല്ലാതെ മനുഷ്യർ കാടുകളിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി നിരാശരാവാതെ അരിച്ചുപെറുക്കിക്കൊണ്ടേയിരുന്നു. ജൂൺ പത്താം തീയതി ലോകം ആ നല്ല വാർത്ത കേട്ടു....
അവിശ്വസിനീയമായ തിരിച്ചുവരവിന് അത്ഭുതമെന്ന് മാത്രം പറയാൻ കഴിയുന്ന ഒന്ന്...
40 ദിവസം ക്രൂര മൃഗങ്ങളിൽ നിന്നും മോശമായ കാലാവസ്ഥയേയും അതിജീവിച്ച് ഈ നാലു കുഞ്ഞുങ്ങൾ ജീവനോടെ എന്ന വിവരം കൊളംബിയൻ പ്രസിഡണ്ട് ലോകത്തെ അറിയിച്ചു.
അതിജീവനത്തിന്റെ എക്കാലത്തേയും ജ്വലിക്കുന്ന ജീവിതകഥ ..
ലോക സാഹിത്യത്തിന് പകരം വെക്കാനില്ലാത്ത മാജിക്കൽ റിയലിസത്തിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ നാട്ടിൽ നിന്നും ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഈ 4 കുഞ്ഞുങ്ങളുടെ തിരിച്ചു വരവ്... നാല്പതു ദിവസത്തോളം ഒരു വയസ്സുകാരനായ തന്റെ അനുജനെ മാറോട് ചേർത്ത് അമ്മയെപ്പോലെ "മരണമേ വിട്ട് പിടി"എന്ന് കാത്തു രക്ഷിച്ച ആ 13 വയസ്സുകാരിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എവറസ്റ്റിന്റെ ഉയരങ്ങൾ പോലും തലകുനിക്കും...
ഒമ്പതും നാലും വയസ്സുള്ള കൂടപ്പിറപ്പുകളെ ചേർത്ത് പിടിച്ച് മനോധൈര്യത്തോടെ പഴങ്ങൾ കഴിപ്പിച്ചും കഴിച്ചും മഴവെള്ളം ശേഖരിച്ചു കുടിച്ചും രക്ഷകർ വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ ചേച്ചിയുടെ കൈ പിടിച്ച് അവർ കാടിന് പുറത്തേക്ക് വരികയാണ് .... രക്ഷാദൗത്യത്തിനിടയിൽ കുട്ടികളെ കണ്ടുപിടിക്കാൻ പോയി കാണാതായ സ്നിഫർ ഡോഗിനെയും കണ്ടെത്താനായി എന്നതും പരിപൂർണ്ണ വിജയമായ രക്ഷാദൗത്യം എന്ന പേരിലായിരിക്കും ഈ കൊളംബിയൻ സർവ്വൈവൽ സ്റ്റോറി അറിയപ്പെടുക. ❤️

0 Comments