നെറ്റ് ഇല്ലെങ്കിലും ഫോണ്‍ വഴി പണമിടപാട് നടത്താം; ഓഫ്‌ലൈന്‍ ഡിജിറ്റല്‍ പേയ്‌മെന്റിനെക്കുറിച്ച്‌ അറിയേണ്ടതെല്ലാം

 


ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ഒരു വിദൂര ഗ്രാമത്തില്‍, കൈയില്‍ ഒട്ടും കാശില്ലാതെ നിങ്ങള്‍ താമസിക്കുമ്ബോള്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ വഴി പണമിടപാട് നടത്താന്‍ കഴിയുമോ?

കഴിയും എന്നാണ് ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരം. 200 രൂപ വരെയുള്ള ഇടപാടുകള്‍ ഇന്‍്റര്‍നെറ്റ് ഇല്ലെങ്കിലും ഫോണ്‍ വഴിയോ വാലറ്റ് വഴിയോ നടത്താന്‍ ഇനി സാധിക്കും.ചെറിയ മൂല്യമുള്ള പേയ്‌മെന്റുകളുടെ ഓഫ്‌ലൈന്‍ മോഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കിയതിനാലാണ് ഇത് ഇപ്പോള്‍ സാധ്യമാവുന്നത്.

എങ്ങനെയാണ് ഇത് ചെയ്യുന്നത് ?

ഓഫ്‌ലൈന്‍ ഇടപാടുകളില്‍ ഓരോ ഇടപാടിനും 200 രൂപ വരെയാണ് പരിധി. അക്കൗണ്ടില്‍ ബാലന്‍സ് നിറയുന്നത് വരെയുള്ള സമയപരിധിയില്‍ ആകെ പരമാവധി 2000 രൂപയാവുന്നത് വരെ ഇത്തരം ഇടപാടുകള്‍ നടത്താം. ഉപഭോക്താക്കളുടെ മൊബൈല്‍ വാലറ്റിലോ അക്കൗണ്ടിലേ 2000 രൂപ ഈ സമയത്ത് ഉണ്ടായിരിക്കണം.

ഓഫ്‌ലൈന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് എന്നാല്‍ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ടെലികോം കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഇടപാട് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ പുതിയ ചട്ടക്കൂടിന് കീഴില്‍, കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവ പോലുള്ള ഏതെങ്കിലും ചാനലോ ഉപകരണമോ ഉപയോഗിച്ച്‌ അത്തരം പേയ്‌മെന്റുകള്‍ അടുത്തടുത്ത രണ്ട് ഉപകരണങ്ങളില്‍ (പ്രോക്‌സിമിറ്റി മോഡ്) നടത്താം.അത്തരം ഇടപാടുകള്‍ക്ക് ഒരു അധിക ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്‌എ) ആവശ്യമില്ല.

"ഇത് പ്രാഥമികമായി ചെറിയ മൂല്യമുള്ള ഇടപാടുകള്‍ സ്വീകരിക്കുന്നതിന് മാത്രമുള്ളതാണെങ്കിലും, രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്ബത്തികമായി ഉള്‍പ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു വലിയ നീക്കമാണിത്," വേള്‍ഡ് ലൈനിലെ സൗത്ത് ഏഷ്യ ആന്‍ഡ് മിഡില്‍ ഈസ്റ്റ് എംഡി ദീപക് ചന്ദനാനി പറഞ്ഞു.


ഉടനടി അലര്‍ട്ടുകള്‍ ലഭിക്കില്ല

ഇടപാടുകള്‍ ഓഫ്‌ലൈനായതിനാല്‍, കുറച്ച്‌ സമയത്തിന് ശേഷമാവും ഉപഭോക്താവിന് അലേര്‍ട്ടുകള്‍ (എസ്‌എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി) ലഭിക്കുക. ഉപഭോക്താക്കളുടെ പ്രത്യേക സമ്മതം നേടിയ ശേഷം മാത്രമേ ഓഫ്‌ലൈന്‍ പേയ്‌മെന്റ് മോഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയൂ. കാലാകാലങ്ങളില്‍ ഭേദഗതി വരുത്തി ആര്‍ബിഐ പുറപ്പെടുവിക്കുന്ന ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തുന്ന സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് പരിരക്ഷ ലഭിക്കും. എന്നിരുന്നാലും, എഎഫ്‌എ ഉള്ള ഓണ്‍ലൈന്‍ മോഡില്‍ മാത്രമേ ഓഫ്ലൈനില്‍ ഉപയോഗിച്ച ലിമിറ്റ് റീഫില്‍ ചെയ്യാന്‍ കഴിയൂ.


എന്തുകൊണ്ട് ഓഫ്‌ലൈന്‍ മോഡ് ?

മൊബൈല്‍ ഫോണുകള്‍, കാര്‍ഡുകള്‍, വാലറ്റുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം അല്ലെങ്കില്‍ ഇന്റര്‍നെറ്റിന്റെ കുറഞ്ഞ വേഗത ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിനുള്ള ഒരു പ്രധാന തടസ്സമാണ്. പ്രത്യേകിച്ച്‌ വിദൂര പ്രദേശങ്ങളില്‍ ഇത് കൂടുതലാണ്. ഈ പശ്ചാത്തലത്തില്‍, കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവ വഴിയുള്ള ഓഫ്-ലൈന്‍ പേയ്‌മെന്റുകളുടെ ഓപ്ഷന്‍ നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സ്വീകാര്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ഇന്ത്യ അനുമതി നല്‍കിയ കോവിഡ് ഗുളിക, എന്താണ് മോള്‍നുപിരാവിര്‍ ?

ഓഫ്‌ലൈന്‍ പേയ്‌മെന്റ് മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് സ്ഥാപനങ്ങളെ റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു. "ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ക്രമരഹിതമാകുകയും ഡിജിറ്റല്‍ ഇടപാടുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ഓഫ്‌ലൈന്‍ മോഡില്‍ റീട്ടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റിനായി ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട് വളരെ ആവശ്യമാണ്," റാപ്പിപേ ഫിന്‍ടെക് സിഇഒ നിപുണ്‍ ജെയിന്‍ പറഞ്ഞു.


പൈലറ്റ് പദ്ധതി വിജയിച്ചു

2020 സെപ്തംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ പരീക്ഷിച്ച്‌ വിജയിച്ചതായി ആര്‍ബിഐ അറിയിച്ചു. 1.16 കോടി രൂപ ആകെ മൂല്യമുള്ള 2.41 ലക്ഷം ഇടപാടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പൈലറ്റ് പദ്ധതിയില്‍ നടന്നതായും ആര്‍ബിഐ പറയുന്നു.

പൈലറ്റ് പദ്ധതിയില്‍ നിന്ന് ലഭിച്ച അനുഭവവും പ്രോത്സാഹജനകമായ പ്രതികരണവും കണക്കിലെടുത്ത്, റിസര്‍വ് ബാങ്ക് ഇപ്പോള്‍ രാജ്യത്തുടനീളം ഓഫ്‌ലൈന്‍ മോഡില്‍ റീട്ടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള ഒരു ചട്ടക്കൂട് അവതരിപ്പിച്ചിരിക്കുകയാണ്.

Post a Comment

0 Comments