വിവാഹമോചനവും(Divorce), ഒറ്റയ്ക്ക് താമസിക്കുന്നതും മധ്യവയസ്കരായ പുരുഷന്മാരുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ പഠനം.ഇത് നേരത്തെയുള്ള മരണത്തിന് വരെ കാരണമായേക്കാമെന്നും പഠനം പറയുന്നു.
ദ ജേണല്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തി(Journal of Epidemiology and Community Health)ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, ഒന്നിലധികം വേര്‍പിരിയലുകള്‍ അനുഭവിച്ചിട്ടുള്ള അല്ലെങ്കില്‍ വര്‍ഷങ്ങളോളം ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരായ പുരുഷന്മാര്‍ക്ക് ശരീരത്തില്‍ വീക്കമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത് രോഗപ്രതിരോധ ശേഷിയെ താറുമാറാക്കുമെന്നും, രോഗത്തിന്റെയും മരണത്തിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ വാദിക്കുന്നു.48 -നും 62 -നും ഇടയില്‍ പ്രായമുള്ള 4,800 -ലധികം ആളുകളിലാണ് പഠനം നടത്തിയത്. അവര്‍ 1986 -നും 2011-നും ഇടയില്‍ വിവാഹമോചനങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചയും നേരിട്ടവരാണ്. അവര്‍ എത്രകാലം ഒറ്റയ്ക്ക് ജീവിച്ചു എന്നതും, അത് മൂലമുണ്ടായ ശാരീരിക മാറ്റങ്ങളുമാണ് പഠനവിധേയമാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്നത് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം നേരത്തെയുള്ള മരണം, ഹൃദയാഘാതം, സ്ട്രോക്ക്, കാന്‍സര്‍, ഡിമെന്‍ഷ്യ എന്നിവയ്ക്ക് കാരണമാകുന്നു. അതേസമയം, ഒന്നിലധികം ബന്ധങ്ങളുടെ തകര്‍ച്ച അനുഭവിച്ച അല്ലെങ്കില്‍ വളരെക്കാലം ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളില്‍ ഈ പ്രശ്‍നങ്ങള്‍ അധികം കണ്ടുവരുന്നില്ലെന്നും പഠനം പറയുന്നു.
പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് വൈകാരിക പിന്തുണ നല്‍കുന്ന സുഹൃത്തുക്കള്‍ കൂടുതലായിരിക്കും. ഈ സൗഹൃദങ്ങള്‍ അവരുടെ സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നു. വിവാഹമോചനത്തിന് ശേഷം കൂടുതല്‍ അനാരോഗ്യകരമായി ജീവിച്ചേക്കാവുന്ന പുരുഷന്മാരുടെ രക്തത്തില്‍ വീക്കത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് 17 ശതമാനം കൂടുതലാണ്. "അതിനൊരു കാരണം പുരുഷന്മാര്‍ അവരുടെ സ്ത്രീ പങ്കാളികളെ കൂടുതലായി ആശ്രയിക്കുന്നു. അതിനാല്‍ പങ്കാളികളെ നഷ്ടപ്പെട്ടാല്‍ പുരുഷന്മാര്‍ കൂടുതല്‍ ദുര്‍ബലരാകുന്നു" പഠനത്തിന്റെ ഭാഗമായിരുന്ന കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ റിക്കെ ലണ്ട് പറഞ്ഞു.
പഠനത്തില്‍ ഉള്‍പ്പെട്ട മധ്യവയസ്കരായ പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച്, സാമൂഹ്യബന്ധങ്ങള്‍ കുറവാണ്. അതിനാല്‍ അവര്‍ കൂടുതലും ഏകാന്തജീവിതം നയിക്കുന്നു. ഇത് ആരോഗ്യത്തെ ബാധിക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാര്‍ തങ്ങളെത്തന്നെ പരിപാലിക്കുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കാന്‍ വിമുഖത കാണിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. വിവാഹമോചനം ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവമാണെന്നും, മാനസികാരോഗ്യം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, നേരത്തെയുള്ള മരണം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.
കുറഞ്ഞ വിദ്യാഭ്യാസം, അമിതവണ്ണം, മരുന്നുകള്‍, അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ പോലും, ബ്രേക്ക്-അപ്പുകള്‍ക്കും, ഒറ്റക്കുള്ള താമസത്തിനും അനാരോഗ്യവുമായി ബന്ധമുണ്ടെന്നത് നിഷേധിക്കാന്‍ സാധിക്കില്ല. പുരുഷന്മാര്‍ക്ക് സമ്മര്‍ദ്ദം വരുമ്ബോള്‍ അമിതമായ മദ്യപാനം, പുകവലി പോലുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. എന്നാല്‍, സ്ത്രീകള്‍ അവരുടെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ദോഷഫലങ്ങള്‍ കുറയുന്നുവെന്ന് പഠന രചയിതാക്കള്‍ പറയുന്നു. വിവാഹമോചനം അല്ലെങ്കില്‍ വേര്‍പിരിയലിന് ശേഷം സ്ത്രീകള്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ഇത് അവരുടെ സമ്മര്‍ദ്ദത്തിന്റെ ആഘാതം കുറക്കുന്നു. അതുകൊണ്ട് തന്നെ, ആളുകള്‍ അവരുടെ വിഷമങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്നും, ഇത് ആരോഗ്യത്തിന് വളരെ അനിവാര്യമാണെന്നും പഠനം കൂട്ടിച്ചേര്‍ത്തു.
0 Comments