അഭിനയിച്ചത് നാല്‍പ്പതിലധികം ചിത്രങ്ങളില്‍; അനീഷിനെ ആളുകള്‍ തിരിച്ചറിഞ്ഞത് ട്രോളുകളിലൂടെ

 


നാല്‍പ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അനീഷ് ചന്ദ്രനെ നിങ്ങള്‍ക്കറിയാമോ? അനീഷ് ചന്ദ്രന്‍ എന്ന നടന്‍ എന്ന് കേട്ടാല്‍ അതാരെന്ന് ആലോചിച്ച് നെറ്റി ചുളിക്കുന്നവരായിരിക്കും ഇന്നലെ വരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിയുന്നു. അതും സിനിമകളിലൂടെയല്ല… മറിച്ച് ട്രോളുകളിലൂടെയാണ്. സിനിമയില്‍ തന്റെ ഭാവി സ്വപ്നം കണ്ട് സിനിമാ മേഖലയിലേക്കിറങ്ങിയ അനീഷിന്റെ ജീവിതത്തില്‍ വിധി വില്ലനാവുകയായിരുന്നു.

 ഒരു അപകടത്തില്‍പ്പെട്ട് സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായ അദ്ദേഹം പക്ഷേ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാന്‍ തയ്യാറായിരുന്നില്ല. മറിച്ച് കരുത്തോടെ വിധിയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി പിടിച്ച് നില്‍ക്കുകയാണ് ചെയ്തത്.തന്റെ കുടുംബം പുലര്‍ത്താനായി ഇന്ന് മീന്‍ കച്ചവടം നടത്തുകയാണ് ആലപ്പുഴ വെളിയില്‍വീട്ടില്‍ മുപ്പത്തിയൊമ്പതുകാരനായ അനീഷ് ചന്ദ്രന്‍.

 സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയ്ക്ക് ശേഷം ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു അനീഷ്. പക്ഷേ, അപ്പോഴും സിനിമയോടുള്ള അടങ്ങാത്ത മോഹം അദ്ദേഹത്തിനൊപ്പംതന്നെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ 2008ല്‍ തന്റെ ഡിസൈനര്‍ ജോലി ഉപേക്ഷിച്ച് സിനിമയുടെ വഴി തേടി അദ്ദഹം നടന്നു.

ലൈറ്റ് ടെക്‌നീഷ്യനായാണ് ആദ്യം സിനിമയില്‍ പ്രവര്‍ത്തിച്ചത്. അതുവഴി അഭിനയമെന്ന മനസ്സിലെ അടങ്ങാത്ത മോഹം പ്രാവര്‍ത്തികമാക്കുകയായിരുന്നു അനീഷിന്റെ ലക്ഷ്യം. ഏതു ചെറിയ വേഷവും അഭിനയിക്കാന്‍ യാതൊരു മടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെ തന്റെ ലൈറ്റിങ് ജോലികള്‍ക്കിടയില്‍ വീണു കിട്ടുന്ന ചെറിയ വേഷങ്ങള്‍ അദ്ദേഹം അഭിനയിക്കാന്‍ തുടങ്ങി. കുറുപ്പ്, അനുരാഗ കരിക്കിന്‍വെള്ളം.24 ഫീമെയില്‍ കോട്ടയം, നത്തോലി ചെറിയ മീനല്ല, ഉണ്ട തുടങ്ങി നാല്പ്പതോളം വേഷങ്ങളില്‍ ചെറിയ വേഷങ്ങള്‍ ആത്മസംതൃപ്തിയോടെ അനീഷ് ചെയ്തുതീര്‍ത്തു.

അഭിനയത്തില്‍ മാത്രം ഒതുങ്ങാന്‍ താല്പര്യമില്ലാത്തതിനാല്‍ രണ്ട് തിരക്കഥകളും ഇതിനിടയില്‍ പൂര്‍ത്തിയാക്കി. അമിത് ചക്കാലക്കല്‍ നായകനായ ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണം നടക്കവേ ഹെലിക്യാം കൈയ്യില്‍ തട്ടി പരിക്കേല്‍ക്കുകയായിരുന്നു. ഈ അപകടത്തില്‍ വിരലിനെ ഞെരമ്പിന് ക്ഷതമേറ്റുകയും ചെയ്തു. അത് നട്ടെല്ലിനെയും ബാധിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രം നിര്‍ദേശിക്കുകയായിരുന്നു. അതിനിടെയാണ് മറ്റൊരു അപകടം കൂടി കുടുംബത്തിലേക്ക് വിധി കൊണ്ടുചെന്നെത്തിച്ചത്. അനീഷിന്റെ ഭാര്യ അനുലക്ഷ്മിക്കും വാഹനാപകടത്തില്‍ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ഇനി എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്ന് ചിന്തിച്ചപ്പോഴാണ് മീന്‍ കച്ചവടമെന്ന ആശയം അനീഷിന് മുന്നില്‍ തെളിഞ്ഞത്. അങ്ങനെ മീന്‍ കച്ചവടം നടത്തി ഭാര്യയും മക്കളായ അന്നപൂര്‍ണയും ആര്യന്‍ പരംജ്യോതിയുമടങ്ങുന്ന കുടുംബത്തെ പുലര്‍ത്തുകയാണ് അനീഷ് ചന്ദ്രനെന്ന നടന്‍ ഇപ്പോള്‍. ചില സമയങ്ങളില്‍ അസഹ്യമായ വേദന അനുഭവപ്പെടും. ആ സമയങ്ങളില്‍ മീന്‍ കച്ചവടത്തിന് പോകാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല.പ്രതിസന്ധികളില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുകയാണ് തന്റെ ജീവിതത്തിലൂടെ അനീഷ് ചന്ദ്രന്‍. വിധി എതിരായാലും ജീവിതം ജീവിച്ചുതന്നെ തീര്‍ക്കും എന്ന് വിളിച്ചു പറയുകയാണ് സ്വന്തം ജീവിതത്തിലൂടെ ഈ മുപ്പത്തൊമ്പതുകാരന്‍.

Post a Comment

0 Comments