നവ്യയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാന്‍ തോന്നുന്നു..!! രതീഷ് വേഗയുടെ വാക്കുകള്‍..!!

 


വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ഒരുത്തീ. തിരിച്ചു വരവിന് താരം തിരഞ്ഞെടുത്ത കഥാപാത്രത്തിന്റെ വ്യാപ്തി ആ സിനിമയുടെ പേരില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം സംഗീത സംവിധായകന്‍ രതീഷ് വേഗ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരുത്തീയിലെ നവ്യയുടെ പ്രകടനം അവരെ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാന്‍ തന്നെ തോന്നിപ്പിക്കുന്നു എന്നാണ് രതീഷ് വേഗ പറയുന്നത്.


 അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

ഒരുത്തി എന്ന ചിത്രം കണ്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയറക്ടര്‍ എന്റെ പ്രിയ ഗുരുനാഥന്‍ കൂടിയായ വികെ പ്രകാശ് സാറിന്റെ ചിത്രം എന്നത് തന്നെയാണ് ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച ആദ്യഘടകം. സാധാരണകാരുടെ ജീവിതത്തിലെ നേര്‍ക്കാഴ്ചയാണ് ഒരുത്തി. നന്ദനത്തിലെ ബാലാമണിയില്‍ നിന്നും ഒരുത്തിയിലെ രാധാമണിയിലേക്ക് എത്തുന്ന നവ്യ. ഒരിക്കലും നവ്യയെ ചിത്രത്തില്‍ കണ്ടില്ല;

നമ്മുടെ ഇടയില്‍ കാണുന്ന ജീവിതപ്രാരാബ്ധങ്ങളാല്‍ നെട്ടോട്ടമോടുന്ന രാധാമണിയായി നവ്യ ജീവിക്കുന്ന അനുഭവം. രാധാമണിയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ നമ്മളും യാത്രചെയ്യുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ശരിക്കും വിളിക്കാന്‍ തോന്നുന്ന അഭിനയ മുഹൂര്‍ത്തം കോറിയിടുന്നു നവ്യ. പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കില്‍ വികെപി സര്‍ അത് കണ്‍സീവ് ചെയ്യുന്നതില്‍ അള്‍ട്ടിമേറ്റ് ആണ് എന്ന് ഞാന്‍ എപ്പോഴും പറയുന്നതാണ്. ഇവിടെ ഒരുത്തിയുടെ കൂടെ നമ്മുടെ മനസ്സിനെയും യാത്ര ചെയ്യിക്കുന്നുണ്ട് വികെപി. എടുത്തു പറയേണ്ട മറ്റൊരു കാര്യം വിനായകന്റെ പോലീസ് വേഷം.

ഇപ്പോഴും വേണ്ടപോലെ ഉപയോഗിക്കപ്പെടാത്ത ചട്ടക്കൂടുകള്‍ക്ക് ഉള്ളില്‍ മാത്രം നിര്‍ത്തിപോന്ന കലാകാരന്‍ ആണ് വിനായകന്‍ എന്ന് ഒരുത്തി കണ്ടപ്പോള്‍ തോന്നി. പക്വതയുള്ള സത്യസന്ധനായ പോലീസ് കഥാപാത്രം എത്രമാത്രം അച്ചടക്കത്തോടെ ആണ് വിനായകന്‍ ചെയ്തിരിക്കുന്നത്. അങ്ങനെ ഒരു ചലഞ്ച് എടുത്തതിന് വികെപി സാറിന് ആണ് ആദ്യ കൈയ്യടി. വിനായകന്‍ ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ തിളങ്ങട്ടെ.

അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കള്ളിമുണ്ട് കഥാപാത്രങ്ങള്‍ക്ക് അപ്പുറം ഇനിയും എത്രയോ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേത്തിന് കഴിയും. ശിക്കാറിനുശേഷം സുരേഷ് ബാബു ചേട്ടന്റെ ഹൃദയം തൊടുന്ന തിരക്കഥയും സംഭാഷണവും. ഒരുത്തി സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണ്.

Post a Comment

0 Comments