ഭാര്യയുടെ ഗര്‍ഭധാരണത്തിനായി യുവാവിന് 15 ദിവസം പരോള്‍ നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി

 


ജോധ്പൂര്‍: ഭാര്യയുടെ ഗര്‍ഭധാരണത്തിനായി യുവാവിന് 15 ദിവസം പരോള്‍ നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി. ഹൈക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ചാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്.

ഗര്‍ഭധാരണത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി 34 കാരനായ നന്ദ്‌ലാലിന്റെ ഭാര്യ രേഖ കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് സന്ദീപ് മേത്ത, ഫര്‍ജന്ദ് അലി എന്നിവരുടെ രണ്ടംഗ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.

നന്ദലാലിന്റെ ഭാര്യ നിരപരാധിയാണെന്നും യുവാവ് തടവിലായതിനാല്‍ അവരുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. ഏതു നിലക്ക് നിരീക്ഷിച്ചാലും തടവുകാരന് കുട്ടികളുണ്ടാകണമെന്ന് ആഗ്രഹിക്കാനുള്ള അവകാശമുണ്ടെന്ന നിഗമനത്തിലെത്താനാകുമെന്നും ദമ്ബതിമാര്‍ക്ക് അത് നിഷേധിക്കാനാകില്ലെന്നും ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.

ഋഗ്വേദം, ജൂത- ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ തുടങ്ങിയവ ഉദ്ധരിച്ചായിരുന്നു കോടതി വിധിന്യായം പറഞ്ഞത്. ഗര്‍ഭധാരണം ഹിന്ദു തത്വശാസ്ത്ര പ്രകാരം സുപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വംശാവലിയുടെ സംരക്ഷണത്തിന് ഇസ്‌ലാമിക ശരീഅത്ത് പ്രാധാന്യം നല്‍കുന്നുണ്ടെന്നും കൈറോ മനുഷ്യാവകാശ പ്രഖ്യാപനം ഇതു വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞു.

ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം ജീവിക്കാനുള്ള അവകാശത്തില്‍പ്പെട്ടതാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങള്‍ക്കനുസൃതമായി നിയമം ഒരു വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തില്ലെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും അതിന്റെ പരിധിയില്‍ തടവുകാരും ഉള്‍പ്പെടുന്നുവെന്നും ജഡ്ജിമാര്‍ പറഞ്ഞു. 2019 ല്‍ ഭില്‍വാര കോടതി ജീവപര്യന്തം തടവ് വിധിച്ചതിനെ തുടര്‍ന്ന് നന്ദലാല്‍ അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. 2021ല്‍ ഇയാള്‍ക്ക് 20 ദിവസം പരോള്‍ നല്‍കിയിരുന്നു. ജയിലിനകത്ത് നന്ദ ലാല്‍ നന്നായി പെരുമാറുന്നതും അനുകൂല വിധിക്ക് കാരണമായിട്ടുണ്ട്.

Post a Comment

0 Comments