യഥാര്‍ത്ഥ ചങ്ങാതിമാര്‍ക്കൊപ്പം ഒരുമിച്ച് വെള്ളം കുടിക്കുന്നത് പോലും മധുരമാണ്” -അലിഫ് മുഹമ്മദ് കുറിച്ച വാക്കുകളാണിത്. ഇരു കാലുകള്‍ക്കും സ്വാധീനമില്ലാത്ത തന്നെ രണ്ട് പെണ്‍ സുഹൃത്തുക്കള്‍ തേളിലേറ്റി കോളേജിലൂടെ കൊണ്ടുപോകുന്ന മനോഹരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അലിഫ് മുഹമ്മദ് ഈ വാക്കുകള്‍ കുറിച്ചിട്ടത്.
കാണുന്നവരുടെ കണ്ണിന് നന്മയുടെ നേര്‍ത്ത കുളിര്‍മ്മ നല്‍കുന്ന മനോഹരമായ വീഡിയോ. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അലിഫ് മുഹമ്മദ്. വീഡിയോ പങ്കുവെച്ച് നിമിഷ നേരങ്ങള്‍ക്കകം തന്നെ വൈറലാവുകയായിരുന്നു. അലിഫിന്റെ കാലും കരുത്തുമാകുന്ന സൗഹൃദത്തണലിനെ പ്രശംസിച്ച് കമന്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ വാരിവിതറി.ഈ ചിത്രം പകര്‍ത്തിയത് ഫോട്ടോഗ്രാഫറായ ജഗത്ത് തീളസീധരന്‍ ആണ്.ഡിബി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ജഗത്ത് തുളസീധരന്‍.
ജനിച്ചപ്പോഴേ അലിഫിന്റെ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലായിരുന്നു. എന്നാല്‍ ഇന്ന് കാലുകള്‍ ഇല്ലെന്ന ബുദ്ധിമുട്ട് അവന്‍ അറിയാറില്ല… അവന്റെ ചങ്ങാതിമാര്‍ ആ ചിന്ത പോലും അലിഫിന്റെ മനസ്സില്‍ എത്താന്‍ സമ്മതിക്കുന്നില്ല എന്ന് വേണം പറയാന്‍.ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അലിഫിനെ കോളേജില്‍ കൊണ്ടുവരുന്നതും ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കുന്നതും സുഹൃത്ത് വലയം തന്നെ. സിനിമ കാണാനും ഉത്സവത്തിനും ഹോട്ടലിലും തുടങ്ങി അവന് പോകാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകാന്‍ ഏത് സമയത്തും സുഹൃത്തുക്കള്‍ റെഡിയാണ്. ബസില്‍ കോളേജിലേക്ക് പോകേണ്ടി വരുന്ന സമയത്ത് ബസില്‍ കയറ്റാനും ഇറക്കാനും കൂട്ടുകാര്‍ ഒപ്പമുണ്ടാകും.
കാലിന് സ്വാധീനമില്ലാത്ത തങ്ങളുടെ കൂട്ടുകാരനെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ എടുത്തുകൊണ്ട് നടക്കുന്ന സുഹൃത്തുക്കളായ ആര്യയുടെയും അര്‍ച്ചനയുടെയും ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്. കോളജ് ആര്‍ട്‌സ് ഡേയുടെ അന്നാണ് അര്‍ച്ചനയും ആര്യയും കൂടി അലീഫിനെ എടുത്തുകൊണ്ട് കോളേജിലേക്ക് വരുന്ന ചിത്രം പകര്‍ത്തിയത് .പി സി വിഷ്ണുനാഥ്, ശബരീനാഥ്,ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
വീടിനുള്ളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്തേക്കുള്ള യാത്രകളില്‍ വീല്‍ചെയര്‍ കൊണ്ടുപോവാറില്ല. അടുത്തിടെ ഡല്‍ഹിയിലും ആഗ്രയിലുമെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും അലിഫ് യാത്രചെയ്തു. ഇന്‍സ്റ്റഗ്രാം റീല്‍സിലും അലിഫ് വളരെ സജീവമാണ്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെയ്ത നിരവധി റീല്‍സ് വീഡിയോകള്‍ അലിഫ് പങ്കുവെച്ചിട്ടുണ്ട്. ശാരീരിക പരിമിതികള്‍ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മള്‍ തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാന്‍ തന്നെപ്പോലെയുള്ളവര്‍ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു.കരുനാഗപ്പള്ളി മാരാരിതോട്ടം ബീമാ മന്‍സിലില്‍ ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ് അലിഫ് മുഹമ്മദ്.

0 Comments