മാള: കുട്ടിക്കാലത്തേ അച്ഛൻ ഉപേക്ഷിച്ചു പോയതോടെ താങ്ങും തണലുമായി നിന്ന അമ്മയും ലോകത്തോട് വിടപറഞ്ഞ് പോയതോടെ അതിജീവനത്തിലുള്ള തത്രപ്പാടിലാണ് 12 വയസുകാരി ശ്രീഷ്മ.
ലോട്ടറി വിറ്റാണ് ഇപ്പോൾ ഉപജീവന മാർഗം കണ്ടെത്തുന്നത്. അഷ്ടമിച്ചിറയിലെ ഭാഗങ്ങളിലാണ് ഈ കുരുന്നിന്റെ അതിജീവനം കാണാൻ സാധിക്കുക.
പഴൂക്കര സ്വദേശി മടപ്പാട്ടിൽ രാംദാസിന്റെയും പരേതയായ വത്സലയുടെയും ഇളയ മകളാണ് ശ്രീഷ്മ. നാളെ സ്‌കൂൾ തുറക്കുമ്പോൾ ഊരകം സഞ്ജീവനി ബാലിക സദനിൽ 7-ാം ക്ലാസിലേക്ക് ശ്രീഷ്മയും പഠിക്കാനെത്തും. കുട്ടിക്കാലത്തേ തങ്ങളെ അച്ഛൻ ഉപേക്ഷിച്ചു പോയെന്ന് ശ്രീഷ്മ പറയുന്നു. അമ്മ 6 മാസം മുൻപ് മരിച്ചു. തുടർന്നുള്ള ശ്രീഷ്മയുടെ കൂട്ട് മൂത്ത സഹോദരി ഗ്രീഷ്മയും കുടുംബവുമാണ്.
എന്നാൽ, ഗ്രീഷ്മയുടെ ഭർത്താവ് സുനിലിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ജോലിക്ക് പോകാൻ സാധിക്കുന്നില്ല. എന്നാലും ലോട്ടറി വിൽപന നടത്തി കുടുംബം പുലർത്താനുള്ള ശ്രമത്തിലാണ്.അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ആയിരിക്കെ വേനലവധി ആയപ്പോഴാണ് ലോട്ടറി വിൽപനയ്‌ക്കെത്തിയത്.
25 വർഷം മുൻപ് സർക്കാരിൽ നിന്ന് ലഭിച്ച 40,000 രൂപ ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് ഇപ്പോൾ ഇവരുടെ താമസം. എന്നാൽ, കാലപ്പഴക്കം കൊണ്ട് ഏതും നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിലാണ് വീട്. വീട്ടിലെ അവസ്ഥ മോശമായതിനാലാണ് ശ്രീഷ്മയെ ഊരകത്തെ ബാലസദനത്തിൽ ആക്കിയിരിക്കുന്നത്.

0 Comments