ഷെഫ് സുരേഷ് പിള്ള അള്‍ട്രാ പ്രീമിയം ബെന്‍സ് സ്വന്തമാക്കിയത് മലയാളികള്‍ക്ക് വലിയ വാര്‍ത്തയായിരുന്നില്ലെങ്കിലും അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് ഒറ്റദിവസം കൊണ്ട് കണ്ടത് ഒരു ലക്ഷത്തിലധികം പേരായിരുന്നു. 5000ത്തിലധികം കമന്റുകളും പോസ്റ്റിന് താഴെ വന്നു.
‘ കയറുപിരി തൊഴിലാളിയായ അമ്മയ്ക്ക് ബെന്‍സ് സ്വന്തം’ എന്നതായിരുന്നു തലക്കെട്ട്. ഈ പോസ്റ്റിനെക്കുറിച്ചും അതിലേക്ക് എത്താന്‍ പ്രയത്‌നിച്ച വഴികളെക്കുറിച്ചും പാചകവിദഗ്ധന്‍ സുരേഷ് പിള്ള പറയുകയാണിപ്പോള്‍.
താന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്നോ ആളുകള്‍ ശ്രദ്ധിക്കുമെന്നോ സുരേഷ് പിള്ള ചിന്തിച്ചിരുന്നില്ല.സ്വന്തമായിട്ട് ഒരു ബെൻസ് അല്ലെങ്കിൽ അതുപോലെയുള്ള ഒരു വാഹനമൊക്കെ മധ്യവർഗത്തിലോ അതല്ലെങ്കിൽ അതിൽ താഴെയോ ഉള്ള ഒരുപാട് പേരുടെ വലിയൊരു സ്വപ്നമാണ്.അത്തരത്തിലുള്ള ഒരാളായിരുന്നു താനെന്ന് സുരേഷ് പിള്ള പറയുന്നു. ദാരിദ്ര്യം നിറഞ്ഞ വഴികള്‍ താണ്ടിയാണ് ഇപ്പോഴത്തെ ഷെഫ് സുരേഷ് പിള്ളയായി അദ്ദേഹം പരിണമിക്കുന്നത്. അതുകൊണ്ടാണ് ഈ പോസ്റ്റ് ഒരുപാട് പേര്‍ക്ക് പ്രചോദനമായത്.അദ്ദേഹം ഇന്ന് ഈ നിലയിലെത്തിയതിന്റെ ക്രെഡിറ്റ് അമ്മ രാധയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. സുരേഷ് പിള്ളയ്ക്ക് പാചകം ചെയ്യാനുള്ള കഴിവ് ലഭിച്ചത് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നാണ്. കൊല്ലം ചവറ തെക്കുംഭാഗം ദ്വീപിലാണ് സുരേഷ് പിള്ളയുടെ സ്വന്തം വീട്. അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. പണി കഴിഞ്ഞ് വന്ന ശേഷം അമ്മയും അച്ഛനും കൂടി എന്നും അടുത്തുള്ള ചന്തയില്‍ പോയി രണ്ടോ മൂന്നോ രൂപയ്ക്ക് ചാളയോ അയലയോ വാങ്ങി കറിവെയ്ക്കും. എന്നിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അന്നക്കെ അമ്മ പാചകം ചെയ്യുന്നത് താന്‍ കണ്ടുപഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
പാചകത്തോടൊപ്പം തന്നെ അദ്ദേഹത്തിന് ചെസ് കളിയോടും താല്പര്യമുണ്ടായിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാതലത്തില്‍ ചെസ് ചാമ്പ്യനായി.”സ്റ്റേറ്റ് തലത്തിൽ മത്സരിക്കാൻ കണ്ണൂര് പോകണം. റിസൾട്ട് അറിഞ്ഞതിന്റെ പിറ്റേദിവസം തന്നെയാണ് കണ്ണൂര് പോകേണ്ടിയിരുന്നത്. അതിന് 300 രൂപ വേണമായിരുന്നു. വീട്ടിലാണെങ്കിൽ അഞ്ചുപൈസയില്ല.പണി കഴിഞ്ഞ് വന്നപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. അന്ന് രാത്രി തന്നെ അമ്മ ആകെയുണ്ടായിരുന്ന കമ്മൽ എവിടെയോ കൊണ്ടുപോയി പണയംവെച്ച് പണവുമായി എത്തി. പിറ്റേദിവസം ഏഴുമണിയുടെ വണ്ടിക്ക് എന്നെ വിട്ടു.അത്രയധികം മക്കളെ സ്നേഹിക്കുന്ന അമ്മയ്ക്ക് ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ?”-സുരേഷ് പിള്ള പറയുന്നു.
അമ്മയ്ക്ക് താന്‍ വാങ്ങിയത് ബെന്‍സ് ആണെന്നോ അതിന് എത്ര വില വരുമെന്നോ അത് ലക്ഷ്വറിയാണെന്നോ അറിയില്ലെന്ന് അദ്ദേഹം പറയുന്നു. വാഹനം വാങ്ങിയ ശേഷം അമ്മയുമൊത്ത് കൊല്ലം ബീച്ചിലെല്ലാം പോയി. തന്റെ മകന് സ്വന്തമായി കാറ് വാങ്ങിയെന്നും ആ അമ്മയുടെ സ്വപ്‌നങ്ങള്‍ക്കുമപ്പുറം രക്ഷപ്പെട്ടു എന്നുള്ള സംതൃപ്തിയുമാണ് ആ മാതൃഹൃദയത്തിലുള്ളത്.പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ സുരേഷ് പിള്ളയ്ക്ക് പഠിക്കണം എന്നുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം മോശമായതിനാല്‍ ഹോട്ടലില്‍ വെയിറ്ററായി ജോലിക്ക് കയറി. 450 രൂപയായിരുന്നു ശമ്പളം. പിന്നീട് കോഴിക്കോടേക്കും ബാംഗ്ലൂരിലേക്കും ജോലിക്ക് പോയി. തുടര്‍ന്ന് ലണ്ടനില്‍ ഷെഫായി ജോലി ലഭിച്ചതോടെയാണ് ജീവിതം മാറിമറിയുന്നത്.അപ്പോഴും സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. അത് ആവശ്യമാണെന്ന് തോന്നുകയും ചെയ്തിരുന്നില്ല. എന്നാല്‍ കേരളത്തിലെത്തിയതോട് സ്വന്തമായി വാഹനം വേണമെന്ന് ആഗ്രഹം ഉടലെടുത്തു. ചെന്നൈയിലും ബാംഗ്ലൂരിലുമൊക്കെ അദ്ദേഹത്തിന് റെസ്‌റ്റോറന്റുകളുള്ളതിനാല്‍ മിക്കവാറും ദിവസങ്ങളില്‍ അങ്ങോട്ടേക്കെല്ലാം യാത്ര ചെയ്യണമായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി വാഹനം വാങ്ങിച്ചു. ആഡംബരം കാണിക്കാനല്ല വാങ്ങിതയെന്നും ബെന്‍സ് വാങ്ങിക്കാനുള്ള സ്ഥിതി ഇപ്പോഴുള്ളത് കൊണ്ട് വാങ്ങി എന്നും അദ്ദേഹം പറയുന്നു.

0 Comments