ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ നടന്നിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്കായിരുന്നു പ്രേക്ഷകര്‍ കഴിഞ്ഞ വാരം സാക്ഷ്യം വഹിച്ചത്.
സീസണ്‍ 4-ന്റെ ടോപ്പ് ഫൈവിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാര്‍ത്ഥികളാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഷോയുടെ പുറത്ത് പോയത്. ജാസ്മിനും റോബിനും പുറത്ത് പോയത് മത്സരാര്‍ത്ഥികളെ മാത്രമല്ല, ബിഗ് ബോസിനെയും പ്രേക്ഷകരെത്തന്നെയും നിരാശപ്പെടുത്തിക്കളഞ്ഞു.
വീക്ക്‌ലി ടാസ്‌ക്കിനിടെ റിയാസ് സലീമുമായി നടന്ന കയ്യാങ്കളിയെത്തുടര്‍ന്നായിരുന്നു റോബിനെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയത്. റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിട്ടും ഹൗസില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല. പലതിന്റെയും തുടക്കം അവിടെ നിന്നായിരുന്നു.
നേരത്തെ തന്നെ ഹൗസില്‍ നിന്ന് പോകണമെന്ന് പലവട്ടം ആവശ്യപ്പെട്ട ജാസ്മിന്‍ വീണ്ടും മാനസികമായി തളര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ഷോയില്‍നിന്ന് പുറത്തുപോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. റോബിനെ തിരികെ കൊണ്ടുവരുന്നതിനോടും ജാസ്മിന് യോജിപ്പുണ്ടായിരുന്നില്ല. ജാസ്മിനൊപ്പം റിയാസും റോബിന്‍ തിരിച്ചു വരുന്നതിനോട് എതിരായിരുന്നു.
ജാസ്മിന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ പുറത്തുപോകാന്‍ അനുവാദം നല്‍കുകയായിരുന്നു ബിഗ് ബോസ്. മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞുനോക്കിയിട്ടും തീരുമാനം മാറ്റാതിരുന്ന ജാസ്മിന്‍ തന്റെ സെല്‍ഫ് റെസ്‌പെക്ട് എന്തിനേക്കാളും വലുതാണെന്ന് വ്യക്തമാക്കിയായിരുന്നു ഷോ വിട്ടത്.
അതേസമയം വാരാന്ത്യത്തില്‍ എത്തിയ ലാലേട്ടേന്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി തന്നെ മത്സരാര്‍ത്ഥികളോട് അഭിപ്രായം ചോദിച്ചിരുന്നു. ജാസ്മിന്റെ വോക്കൗട്ടും റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയതും തന്നെ വളരെ നിരാശപ്പെടുത്തിയതായി ലാലേട്ടന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഷോയുടെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് റോബിനെ സീക്രട്ട് റൂമില്‍നിന്നും വിളിച്ചു വരുത്തി ഷോയുടെ നിയമാവലി ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് ലാലേട്ടന്‍ റോബിനെ മത്സരത്തില്‍ നിന്നും പുറത്താക്കുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഷോയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിങ് പാനലിന്റെ കൂടി തീരുമാനമനുസരിച്ചാണ് റോബിനെ മത്സരത്തില്‍നിന്നും പുറത്താക്കുന്നതായി ലാലേട്ടന്‍ അറിയിച്ചത്.
എന്നാല്‍ 70 ദിവസമായി ഹൗസിനുള്ളില്‍ നിന്നിരുന്ന റോബിന്‍ പുറത്തെ കോലാഹലങ്ങളൊന്നും അറിഞ്ഞിരുന്നില്ല. തിരികെ നാട്ടിലെത്തിയ റോബിന് ലക്ഷക്കണക്കിന് ആളുകളാണ് പിന്തുണയുമായി രംഗത്തെത്തിയത്. ഇത്ര വലിയൊരു ജനപിന്തുണ തനിക്ക് കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നുവെന്ന് റോബിനും പറയുന്നു.
ഷോയില്‍ നിന്ന് പുറത്തുപോയിട്ടും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് റോബിനെ ഇപ്പോഴും പിന്തുണയ്ക്കുന്നത്. മാത്രമല്ല, അവരില്‍ പലരും റോബിന്‍ തിരികെ ഷോയിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലുമാണ്. മികച്ച മത്സരാര്‍ത്ഥികളിലൊരാളായ റോബിന്‍ തിരികെയെത്തിയാല്‍ ബിഗ് ബോസ് വീണ്ടും കളറാകുമെന്നാണ് പല ആരാധകരും പറയുന്നത്. കണ്ടന്റുണ്ടാക്കാന്‍ മിടുക്കനായ റോബിന്‍ ബിഗ് ബോസില്‍ തന്നെ തുടരണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും ആരാധകരുടെ മുറവിളി.
അതില്‍ പലരും ഈ വരുന്ന വെള്ളിയാഴ്ച റോബിന്‍ തിരികെ ബിഗ് ബോസില്‍ ഹൗസില്‍ എത്തുമോ എന്നാണ് പ്രധാനമായും ചോദ്യം ഉയര്‍ത്തുന്നത്. പക്ഷെ, ഇതുവരെയായും ബിഗ് ബോസോ റോബിനോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. ഈ സീസണില്‍ ഇതുവരെ പുറത്തുപോയൊരാള്‍ തിരികെ വന്ന ചരിത്രമില്ല. മാത്രമല്ല, കളിനിയമം തെറ്റിച്ചതിനെ തുടര്‍ന്നാണ് റോബിനെ മത്സരത്തില്‍നിന്നും പുറത്താക്കിയത്. അതിനാല്‍ റോബിനെ സംബന്ധിച്ച് ഇനിയൊരു മടക്കം സാധ്യമല്ലെന്നു തന്നെയാണ് പല ബിഗ് ബോസ് നിരീക്ഷകരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
റോബിനും ജാസ്മിനും ഷോ വിട്ടതിന് ശേഷം ഇപ്പോള്‍ ഒന്‍പത് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ദില്‍ഷ, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, റോണ്‍സണ്‍, ബ്ലെസ്‌ലി, റിയാസ് സലീം, വിനയ് മാധവ്, അഖില്‍, സൂരജ് എന്നിവരാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ ധന്യയും ദില്‍ഷയും ഒഴികെയുള്ളവര്‍ ഈയാഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിയ്ക്കുകയും ചെയ്തു.

0 Comments