‘അവനെ കടത്താൻ കൂട്ടുനിന്നവരുടെ അടുത്തേക്ക് കൊണ്ടുവന്ന നിമിഷം... ശരിക്കും പേടിയായിരുന്നു’: അനുപമ പറയുന്നു


 ദത്തുവിവാദത്തിലൂടെ ശ്രദ്ധ നേടിയ അനുപമ എസ്. ചന്ദ്രനും ഭർത്താവ് അജിത്കുമാറും മകൻ ഏയ്ഡൻ എന്ന ഏയ്ബൂവും ഇപ്പോൾ യൂട്യൂബിലെ മിന്നും താരങ്ങൾ.! മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണു വൈറലാവുന്നത്. 

രണ്ടു മാസം മുൻപു യൂട്യൂബിൽ റിലീസ് ചെയ്ത ആദ്യ വിഡിയോ നാലു ലക്ഷത്തോളം പേർ കണ്ടു. ആറോളം വ്ലോഗ് വിഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. മാതാപിതാക്കൾക്കു മകനെ തിരിച്ചുകിട്ടാൻ പ്രാർഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേർ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കി വിളിക്കാറുണ്ട്. എങ്കിൽ എന്തുകൊണ്ട് അവന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്ലോഗ് എന്ന ആശയത്തിലേക്കെത്തിയത്.

കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികൾക്കിടെ സൗഹൃദത്തിലായ ചിലർ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നൽകി. ‘അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണു വ്ലോഗുകൾ. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകൾ, രാത്രി കറക്കം, ഷോപ്പിങ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ ചാലഞ്ചുകൾ എന്നിവയൊക്കെയാണു വിഷയങ്ങൾ. വിഡിയോകൾ ഹിറ്റ് ആയതോടെ യൂട്യൂബിൽ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി.

ഇപ്പോഴിതാ തങ്ങളുടെ ജീവിത പോരാട്ടത്തിന്റെ കഥ ഹൃദ്യമായി പറയുകയാണ് ഈ വൈറൽ ജോഡി. അമ്മത്തൊട്ടിലിനു മുന്നിലെ തങ്ങളുടെ സമരവും എയ്ബൂവിനായുള്ള തങ്ങളുടെ കാത്തിരിപ്പും വിഡിയോയിലൂടെ അനുപമ വ്യക്തമാക്കുന്നു.

‘കടന്നു പോയ വഴികളും അവന്റെ അമ്മ അനുഭവിച്ച ത്യാഗങ്ങളും വളർന്നു വലുതാകുമ്പോ അവന് പറഞ്ഞു കൊടുക്കണം എന്നുണ്ട്. ആ അമ്മത്തൊട്ടിൽ ഒരിക്കലും മറക്കില്ല. അവനു വേണ്ടി അവിടെ കുറേ കയറിയിറങ്ങിയിട്ടുണ്ട്. ആ സമയത്ത് മാനസികമായി ഒത്തിരി തളർന്നു പോയിട്ടുണ്ട്. മഴയത്ത് സമര പന്തൽ ഇല്ലാതെ ഒമ്നി വാനിൽ ഇരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ഡിഎൻഎ പരിശോധനയും മറ്റ് നടപടികളും കഴിഞ്ഞ് കുഞ്ഞിനെ കിട്ടിയ നിമിഷം മറക്കില്ല. അവനെ കടത്താൻ കൂട്ടുനിന്നവരുടെ അടുത്ത് വീണ്ടു കൊണ്ടുവരുന്നത് ശരിക്കും പേടിയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം കയ്യിൽ കിട്ടിയ ഫീലായിരുന്നു അവനെ രണ്ടാമത് അവനെ കണ്ട നിമിഷം. അവനെ അജിത്തേട്ടൻ അപ്പോഴാണ് ആദ്യമായി കണ്ടത്. ശരിക്കും അജിത്തേട്ടൻ‌ ഭയങ്കര കരച്ചിലായിരുന്നു.’– അനുപമ പറയുന്നു.


Post a Comment

0 Comments