68-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ‘അയ്യപ്പനും കോശിയും’ ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് ലഭിച്ച അംഗീകാരം ഏതൊരു മലയാളിയെയും സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നൽകുന്ന ഒന്നാണ്.
പ്രശസ്തിയും, അംഗീകാരവും ലഭിക്കാൻ വമ്പൻ താര രാജാക്കന്മാരോ, കോടികൾ മുടക്കേണ്ടതോ ഇല്ലെന്ന് തെളിയിച്ച ചിത്രങ്ങൾക്ക് ഉദാഹരണമാണ് ‘തിങ്കളാഴ്ച നിശ്ചയം’ പോലുള്ള പടങ്ങൾ. സച്ചി എന്ന അനശ്വര സംവിധായകൻ്റെ വേർപാടിൽ അയ്യപ്പനും, കോശിയ്ക്കും ലഭിച്ച അംഗീകാരം അഭിമാന നിമിഷങ്ങൾക്കൊപ്പം അൽപ്പം വേദനയും സമ്മാനിക്കുന്നു.
എപ്പോഴും പുരസ്‌കാര പ്രഖ്യാപനവും, അവർഡ് ദാനവുമെല്ലാം കഴിയുമ്പോൾ വലിയ രീതിയിലുള്ള തർക്കങ്ങൾ നില നിൽക്കാറുണ്ട്. തങ്ങൾ തൃപ്‌തരല്ലെന്നും, വ്യക്തി താൽപര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌കാര പ്രഖ്യാപനം നടന്നതെല്ലാം വിമർശനങ്ങൾ ഉയരരാറുണ്ട്. ഇത്തവണയും അത് പതിവിന് വിപരീതമായിരുന്നില്ല. മികച്ച നടനുള്ള അവാർഡ് രണ്ട് പേർ പങ്കിട്ടാണ് എടുത്തത്. അജയ് ദേവ്ഗണും, സൂര്യയും. ‘സൂരരൈ പോട്ര്’ എന്ന സിനിമയിലെ അഭിനയത്തെ പരിഗണിച്ച് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മലയാളി താരം അപർണമുരളി –യും സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്‌കാരം അയ്യപ്പനും, കോശിയിലെയും അഭിനയത്തിന് ബിജു മേനോനും ലഭിച്ചു. മികച്ച സംവിധാകനുള്ള അവാർഡ് അയ്യപ്പനും, കോശിയുടെയും സംവിധായ
കനായ സച്ചിയ്ക്കാണ് ലഭിച്ചത്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചു. മലയാള സിനിമയ്ക്ക് ഒന്നാകെ അഭിമാന നിമിഷം സമ്മാനിച്ച നിമിഷങ്ങളിൽ നഞ്ചിയമ്മയുടെ പുരസ്‌കാര നേട്ടം എടുത്ത് പറയേണ്ട ഒന്നാണ്.
‘കലക്കാത്ത’ എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം അട്ടപ്പാടിയുടെ സ്വകാര്യ അഹകാരം ‘നഞ്ചിയമ്മ’ സ്വന്തമാക്കിയത്. കഴിഞ്ഞ സംസ്ഥാന അവർഡ് വേളയിൽ പ്രത്യേക ജൂറി അവാർഡും നഞ്ചിയമ്മയെ തേടിയെത്തിയിരുന്നു. ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളായി നഞ്ചിയമ്മ മാറി കഴിഞ്ഞു. നിഷ്‍കളങ്കമായ ചിരിയിലൂടെയും, ലളിതമായ സംസാരത്തിലൂടെയും മലയാളികളുടെ മനം കവർന്ന ഗായികയാണ് നഞ്ചിയമ്മ. അതേസമയം രാജ്യത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചപ്പോൾ അതിനെതിരെ വിമർശനം ഉന്നയിച്ച് ചില ആളുകൾ രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകൻ ‘ലിനു ലാലാണ്’ ആദ്യം രംഗത്തെത്തിയത്.
“സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് നഞ്ചിയമ്മയ്ക്ക് നൽകിയ ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്നും ? സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം ? ആ അമ്മയെ എനിക്ക് ഇഷ്ടമാണ്. ആ ഫോക് സോങ്ങ് നല്ല രസമായി അവർ പാടിയിട്ടുണ്ട്. ഞാനുള്ള ഒന്ന് രണ്ട് വേദിയിൽ ഈ അമ്മ വന്നിരുന്നു. പിച്ച് ഇട്ടു കൊടുത്താൽ അതിന് അനുസരിച്ച് പാടാനൊന്നും അവർക്ക് സാധിക്കില്ല. ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചിയമ്മയെ കൊണ്ട് പാടിപ്പിക്കാൻ ശ്രമിച്ചാലും കഴിയില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ ഒരു പാട്ട് പാടാൻ പറ്റുമെന്ന് തനിക്കു തോന്നുന്നില്ല. അങ്ങനെയുള്ള ഒരാൾക്കാണോ ഈ പുരസ്‌കാരം കൊടുക്കേണ്ടത്.” എന്നായിരുന്നു ലിനുലാലിൻ്റെ വിമർശനം. ഫേസ്ബുക്ക് ലൈവിലൂടെയാണ് ലിനുലാൽ ഈ കാര്യം പങ്കുവെച്ചത്. നിരവധി പേർ ലിനു ലാലിനെ അനുകൂലിച്ചും, വിയോജിച്ചും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
ഗായിക സുജാത, സിത്താര കൃഷ്ണകുമാർ, അൽഫോൺസ്, ദീപക് ദേവ് തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖർ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. “സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ ഹൃദയം കൊണ്ട് നഞ്ചിയമ്മ പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല എന്നാണ് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ലിനു ലാലിന് മറുപടിയായി പറഞ്ഞത്”. “ഈ പുരസ്‌കാരം ഒരു തെളിച്ചമാണ്, പാട്ട് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്, അത്കൊണ്ട് ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും” എന്നാണ് ഗായിക സിത്താര നഞ്ചിയമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്. “നഞ്ചിയമ്മ നന്നായി പാടിയെന്നും, അവർഡ് അവർക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും” അറിയിച്ചുകൊണ്ടാണ് ഗായിക സുജാത ഉൾപ്പടെ രംഗത്തെത്തിയത്.

0 Comments