‘മനുഷ്യരെ ബൊമ്മയാക്കി നിർത്തുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കില്ല; കാരണം, അവിടെ മനുഷ്യത്വത്തിന്റെ സ്വാദുണ്ടാവില്ല!’: കുറിപ്പ്


 "വെയിലായാലും മഴ ആയാലും രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ബോർഡും പിടിപ്പിച്ചു അവരെ നിർത്തിയിരിക്കുകയാണ് വഴിയരികിൽ... ഇരിക്കാൻ ഒരു കസേര പോലും ഇല്ലാതെ. 

ഈ കുട പോലും പലപ്പോഴും ആർഭാടം ആണ്. പലപ്പോഴും അതും കാണാറില്ല. സത്യത്തിൽ എന്താണിതിന്റെ ആവശ്യം? ഒരു വെറും ബോർഡിന്റെ പണി എടുക്കാൻ മനുഷ്യരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ?"- ഡോക്ടര്‍ സൗമ്യ സരിന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 


ഡോക്ടര്‍ സൗമ്യ സരിന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;


നിങ്ങളുടെ യാത്രകളിൽ പലയിടത്തും നിങ്ങൾ ഇങ്ങനെ വഴിയരികിൽ നിൽക്കുന്നവരെ കണ്ടിട്ടുണ്ടാവും. ഹോട്ടലുകളുടെ പുറത്തായി...ഇങ്ങനെ ഒരു ബോർഡും പിടിച്ചു കൊണ്ട്... എന്റെ ആശുപത്രിയിലേക്കുള്ള ചെറിയ ദൂരത്തിൽ തന്നെ ഞാൻ 3- 4 പേരെ ഇതുപോലെ കാണാറുണ്ട്. അതിൽ ഒരാൾ ആണ് ചിത്രത്തിൽ...


വെയിലായാലും മഴ ആയാലും രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ബോർഡും പിടിപ്പിച്ചു അവരെ നിർത്തിയിരിക്കുകയാണ് വഴിയരികിൽ...ഇരിക്കാൻ ഒരു കസേര പോലും ഇല്ലാതെ. ഈ കുട പോലും പലപ്പോഴും ആർഭാടം ആണ്. പലപ്പോഴും അതും കാണാറില്ല. 


സത്യത്തിൽ എന്താണിതിന്റെ ആവശ്യം? ഒരു വെറും ബോർഡിന്റെ പണി എടുക്കാൻ മനുഷ്യരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഒരു ദിവസത്തെ അന്നത്തിനു വേണ്ടി ഇതിലും കഷ്ടപ്പാടുള്ള പണിയും അവർ ചെയ്യുമായിരിക്കും. അതവരുടെ ഗതികേട്! അതിനെ ഇങ്ങനെ മുതലെടുക്കുന്നത് കഷ്ടമല്ലേ?!


അക്ഷരാഭ്യാസമുള്ള ആർക്കും ഹോട്ടൽ എന്നൊരു ബോർഡ് വായിക്കാം. വിശക്കുന്നുണ്ടെങ്കിൽ കയറി ഭക്ഷണം കഴിക്കാം. അതിന് ഒരു മനുഷ്യൻ ഇങ്ങനെ പാവ പോലെ പൊരിവെയിലത്തു നിക്കണോ? ഒരു 10 മിനിറ്റ് ഈ ഹോട്ടൽ മുതലാളിമാർ ഒന്ന് ഇങ്ങനെ വന്നു നിന്ന് നോക്കിയാൽ അറിയാം എന്താണ് ഇതിന്റെ ബുദ്ധിമുട്ട് എന്ന്... എത്ര വിശപ്പുണ്ടെങ്കിലും ഇത്തരത്തിൽ മനുഷ്യരെ ബൊമ്മ ആക്കി നിർത്തുന്ന ഹോട്ടലിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല എന്ന് തീരുമാനിച്ചു. കാരണം അവിടെ മനുഷ്യത്വത്തിന്റെ സ്വാദുണ്ടാവില്ല!

Post a Comment

0 Comments