പീരിഡ്സിലെ അസഹനീയ വേദനയും നിലയ്ക്കാത്ത ബ്ലീഡിങ്ങു൦ എന്നെ ഗൈനക്കോളജിസ്റ്റിൻ്റെ അടുക്കൽ എത്തിച്ചു ശേഷം കണ്ടെത്തിയത്


 അനീഷ ഐക്കുളത്തു എഴുതുന്നു ഗർഭപാത്രം മുറിഞ്ഞു വീഴുമ്പോൾ അറ്റുപോകുന്ന ഗർഭപാത്രങ്ങളിൽ നിന്നും പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ നിലവിളികൾ കേൾക്കുന്നുണ്ടാകുമോ…?

എൻ്റെ ഗർഭപാത്രം മുറിച്ചു മാറ്റിയിട്ട് ഒരു വർഷം. സർജറിയാണ് യൂട്രസ് റിമൂവലാണ് എന്ന് കേട്ടതു മുതൽ ചുറ്റും നിന്ന് ഉപദേശങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഈ പ്രായത്തിൽ ഇങ്ങനൊരു സർജറി വേണോ എന്ന് ചോദിച്ചവരായിരുന്നു കൂടുതൽ. കുറച്ചൊക്കെ വേദന സഹിച്ചു കൂടെ എന്ന് ചോദിച്ചവരും കുറവല്ല.പീരിഡ്സിനിടയിലെ അസഹനീയമായ വേദനയും നിലയ്ക്കാത്ത ബ്ലീഡിങ്ങുമാണ് എന്നെ ഗൈനക്കോളജിസ്റ്റിൻ്റെ അടുക്കൽ എത്തിച്ചത്.

ഒരു പാട് മരുന്നുകൾ മരുന്ന് നൽകുന്ന ക്ഷീണം ദിവസങ്ങൾ നീളുന്ന ബ്ലീ ഡിങ് അതിൻ്റെ വല്ലായ്മ ഡിപ്രഷൻ, പങ്കെടുക്കാനാകാത്ത കല്യാണങ്ങൾ, മാറ്റിവയ്ക്കപ്പെട്ട യാത്രകൾ,ഉപേക്ഷിക്കപ്പട്ട പ്രോഗ്രാമുകൾ നഷ്ടങ്ങളുടെ പട്ടിക നീണ്ടതായിരുന്നു.

നിരവധി ഗൈനക്കോളജിസ്റ്റുമാർ പല പല അഭിപ്രായങ്ങൾ ..ഒടുവിൽ, കിംസ് ഹോസ്പിറ്റലിലെ Dr. വിനു ബാലകൃഷ്ണന്റെ മുന്നിലാണ് ആ അലച്ചിൽ അവസാനിച്ചത്.. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഡോക്ടർ ഞങ്ങളോട് വിശദമായി സംസാരിച്ചു .ഫൈബ്രോയ്ഡുകളാൽ സമ്പന്നമായ എൻ്റെ ഗർഭപാത്രത്തെക്കുറിച്ച്.


വേദന കഠിനമാകുന്നതിന്റെ കാരണത്തെക്കുറിച്ച് ഞാൻ സർജറിയാണ് സജസ്റ്റ് ചെയ്യുന്നത് എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞു നിർത്തിയത്.ഗർഭപാത്രം എന്നാൽ സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണെന്നും അത് നഷ്ടപ്പെടുന്നതോടുകൂടി സ്ത്രീയുടെ ഓജസ്സും തേജസും ഒക്കെ എന്നേക്കുമായി നഷ്ടപ്പെടും എന്നുമായിരുന്നു പൊതുവേയുള്ള നാട്ടുവിശ്വാസം. ഗർഭപാത്രം എടുത്തു കളഞ്ഞതിനുശേഷം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരുപാട് വിവരണങ്ങൾ കേട്ടിരുന്നു ഞാൻ. ആ എന്നെ മാനസികമായി സജ്ജയാക്കുക എന്നതായിരുന്നു അന്ന് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതിനായി നല്ല യൂട്യൂബ് വീഡിയോസ് കണ്ടു. അനുഭവസമ്പന്നരായ ചിലരുടെ അഭിപ്രായങ്ങൾ കേട്ടു . പോസിറ്റീവായവ മാത്രം സ്വീകരിച്ച് നെഗറ്റീവ് ആയിട്ടുള്ള സർവതും പാടെ തള്ളിക്കളഞ്ഞു. ഈ സർജറി എന്നെ ഒരുതരത്തിലും ശാരീരികമായോ മാനസികമായോ ബാധിക്കുകയില്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞു സ്വയം ഉറപ്പുവരുത്തി.സർജറിയുടെ തലേദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. കോവിഡ് കാലമാണ് പേഷ്യൻ്റിനൊപ്പം ഒരാൾ മാത്രമേ പാടുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ തീർത്തു പറഞ്ഞിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രം.


നല്ല റൂംനല്ല അന്തരീക്ഷംഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. റൂമിൽ കാൻ്റീൻ കാർഡ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രൂട്ട് സലാഡ് ഓർഡർ ചെയ്തു ഞങ്ങൾ രണ്ടാളും കഴിച്ചു. കയ്യിൽ കരുതിയിരുന്ന പുസ്തകങ്ങൾ വായിച്ചു. ആകപ്പാടെ ഒരു ടൂർ മൂഡ്. വൈകുന്നേരം ആയപ്പോഴേക്കും അതിനൊരു തീരുമാനമായി. ഒന്നിന് പിറകെ ഒന്നായി ടെസ്റ്റുകൾ വന്നു.വൈകുന്നേരം 7 മണിയോടെ അവസാനത്തെ ഗ്ലാസ് വെള്ളവും കുടിച്ച് പിറ്റേന്നത്തേയ്ക്കുള്ള സർജറിക്ക് ഞാൻ റെഡിയായി. കഴിഞ്ഞ മൂന്നു സർജറികൾക്കും, ഞാൻ ആഹാരം കഴിക്കുന്നത് വരേയും പട്ടിണിയിരുന്ന പ്രിയതമനെ ഭീഷണിപ്പെടുത്തി. സർജറി കഴിഞ്ഞാൽ എന്നെ പരിചരിക്കാൻ ഉള്ളതാണല്ലോ. ഇത്തവണയും നിരാഹാരം കിടന്നാൽ ശരിയാക്കി കളയുംന്ന്.പ്രായം മാറി വരികയാണല്ലോ സഖീ.ഞാൻ കഴിച്ചു കൊള്ളാം “എന്നു പറഞ്ഞ് ഏട്ടൻ ചിരിച്ചു.കുറച്ചു കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്നു ഒരു ടാബ്ലറ്റ് insert ചെയ്യാനുണ്ട് എന്ന് അറിയിച്ചു. ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്കൊരു വേദന. ഇടുപ്പെല്ലുകൾ ഇളകിപ്പോകുന്ന തരത്തിൽ, 10 മിനിറ്റ് ഇടവേളയിൽ ആ വേദന എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. വേദന വരുമ്പോൾ മുഖം ചുളിച്ചും ഏട്ടന്റെ കൈകളിൽ അമർത്തിപ്പിടിച്ചും പല്ല് കടിച്ചമർത്തിയും ഒക്കെയിരുന്ന എൻ്റെ ഭാവം മാറാൻ തുടങ്ങി. അസഹനീയമായ രീതിയിലേക്ക് അത് വളരുകയാണ് . ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞാൻ ഞാനല്ലാതായി മാറിയിരുന്നു. നിലവിളികൾ റൂമിൻ്റെ വാതിലുകളും കടന്ന് ആശുപത്രിയുടെ ആകാശത്തേക്ക് പറന്നു പോയിക്കൊണ്ടിരുന്നു.

Post a Comment

0 Comments