കോട്ടയം: കപ്പിള്‍ മീറ്റ് കേരള എന്ന ആപ്പിനെ കുടുക്കുന്നത് ഭര്‍ത്താവിന്റെ നിരന്തര ശല്യത്താല്‍ ഗതികെട്ട യുവതി.പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി 26 വയസ്സുകാരി കറുകച്ചാല്‍ പൊലീസില്‍ എത്തുന്നത് ഭര്‍ത്താവിനാല്‍ പൊറുതിമുട്ടിയാണ്. 2 വര്‍ഷം മുന്‍പാണു ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമൂഹമാധ്യമ ഗ്രൂപ്പില്‍ എത്തപ്പെട്ടത്.
32 വയസ്സായ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടല്‍. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാന്‍ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ വീടുകളില്‍ ഒത്തുചേരുകയാണു പതിവെന്നും പൊലീസ് പറഞ്ഞു.
സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആയിരുന്നു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാനായത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ ഇടപെടലാണ്. ശനിയാഴ്ച വൈകിട്ടാണ് ഇരയായ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. യുവതിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ നമ്ബരുകളുടെയും അടിസ്ഥാനത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം അന്വേഷണത്തിനു പുറപ്പെട്ടു.
സൈബര്‍ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പ്രതികളുള്ള സ്ഥലങ്ങളില്‍ പൊലീസ് സംഘം എത്തിയത്. പുലര്‍ച്ചെയോടെ പ്രതികളുമായാണ് പൊലീസ് തിരിച്ചെത്തിയത്. ഇവരെ പിടികൂടിയെങ്കിലും വന്‍ ശൃംഖലയുടെ ഒരു കണ്ണി മാത്രമാണ് പൊലീസിന് മുന്‍പില്‍ അഴിഞ്ഞത്. സംഘത്തില്‍പെട്ട മറ്റാരെങ്കിലും പരാതിയുമായി എത്തിയാല്‍ മാത്രമേ അന്വേഷണം കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിയൂ എന്നു പൊലീസ് പറഞ്ഞു.
ഫേസ്‌ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്ബതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്ബതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.
സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൈഫ് സ്വാപ്പിങ് അഥവാ കീ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഈ ഏര്‍പ്പാട് മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ വ്യാപകമാണ്. മെട്രോ നഗരങ്ങളിലെ വന്‍കിട ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാര്‍ട്ടിക്ക് ഭാര്യാസമേതമെത്തുന്നവര്‍ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതില്‍നിന്ന് ഒരാള്‍ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇതായിരുന്നു ഈ ശൈലി.
വൈഫ് സ്വാപ്പിങ് പലപ്പോഴും വിവാദവും കേസും വാര്‍ത്തയുമൊക്കെയായി മാറിയിട്ടുണ്ട്. 2013ല്‍ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തില്‍ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഭര്‍ത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു.
2011ല്‍ ബംഗളുരുവില്‍ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്. തവനൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ബംഗളൂരു എച്ച്.എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. കായംകുളത്തും മുമ്ബും സമാനപരാതി ഉയര്‍ന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പൊലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
കായംകുളത്ത് പിടിയിലായ യുവാക്കള്‍ ഷെയര്‍ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറല്‍) താത്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവര്‍ ഭാര്യമാരെ കൈമാറിയിരുന്നത്. കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്നതായി പൊലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു.
0 Comments