മീനൂട്ടിയുടെ അവസ്ഥയായിരുന്നു സങ്കടകരം; എയര്‍ക്രാഷിലൂടെ ദിലീപ് അപകടപെടുമെന്ന പ്രവചനം ഉണ്ടായിരുന്നതായി താരം

 


താരദമ്പതിമാരായ ദിലീപും കാവ്യയുമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. മുന്‍പും താരങ്ങളുടെ ജീവിതത്തെ പറ്റി നിരന്തരം വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ വനിത മാഗസിന് നല്‍കിയ കവര്‍ പേജിന്റെ പേരിലുള്ള വിമര്‍ശനങ്ങളാണ് താരകുടുംബം നേരിടുന്നത്. 

മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കൂടെ എത്തിയാണ് ദിലീപും കാവ്യയും അഭിമുഖത്തില്‍ പങ്കെടുത്തത്. ഇതിന്റെ കവര്‍പേജ് പുറത്ത് വന്നതോടെ തന്നെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്ന് വന്നത്.എയര്‍ക്രാഷിലൂടെ ദിലീപിന് അപകടം സംഭവിച്ചേക്കാമെന്ന പ്രവചനം ഉണ്ടായതിനെ കുറിച്ച് താരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

 പ്രവചനത്തിന് ശേഷം സമാനമായൊരു കാര്യം നടക്കുകയും ചെയ്തിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചത് പോലെയുള്ള അവസ്ഥ തനിക്കുണ്ടായെന്നും ദിലീപ് വെളിപ്പെടുത്തുന്നു. മക്കളെ കുറിച്ചും പാരന്റിംഗിനെ കുറിച്ചും സംസാരിച്ച് കൊണ്ടാണ് കാവ്യ മാധവനും എത്തിയിരിക്കുന്നത്. താരങ്ങളുടെ വാക്കുകളിലേക്ക്...

മകള്‍ മഹാലക്ഷ്മിയുടെ ഇടതൂര്‍ന്ന മുടിയ്ക്ക് പിന്നിലൊരു രഹസ്യമുണ്ടെന്നാണ് കാവ്യ പറയുന്നത്. ''ഇത് മുരുകന് വേണ്ടി നല്‍കിയ വഴിപാടാണ്. മുടി മുറിച്ചു നല്‍കിയാല്‍ ചുമന്ന മുടി വരും എന്ന് പറഞ്ഞാണ് മകളെ ആശ്വസിപ്പിച്ചിരിക്കുന്നത്. മാമാട്ടിയെ പ്രസവിക്കാന്‍ കയറിയപ്പോള്‍ ലേബര്‍ റൂമില്‍ ദിലീപേട്ടനും ഉണ്ടായിരുന്നു. മകളെ കൈയ്യില്‍ കിട്ടിയതോടെ മഹാലക്ഷ്മി എന്ന് ചെവിയില്‍ ദിലീപേട്ടന്‍ വിളിച്ചു. പിന്നാലെ മകളെ മീനാക്ഷിയുടെ കൈയില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടാളുടെയും പാരന്റിംഗ് രണ്ടാണ്. എത്ര ദേഷ്യം വന്നാലും അതൊക്കെ ഉള്ളിലൊതുക്കിയാണ് ദിലീപേട്ടന്‍ മാമാട്ടിയെ ചേര്‍ത്ത് നിര്‍ത്തുന്നത്. ഞാന്‍ പക്ഷേ ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും. ദിലീപേട്ടന്‍ അരുതെന്ന് പറയുന്ന കാര്യങ്ങള്‍ മാമാട്ടി ചെയ്യാറില്ല. പക്ഷേ ഞാന്‍ ചെയ്യരുതെന്ന് എത്ര അലറി പറഞ്ഞാലും അവളത് ചെയ്തിരിക്കുമെന്നും കാവ്യ പറയുന്നു.

പ്രശ്‌നങ്ങളൊക്കെ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടകരമായ അവസ്ഥ മീനൂട്ടിയുടെ ആയിരുന്നു. അന്നവള്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. സ്‌കൂളില്‍ പോകുന്ന കൗമാരക്കാരിയുടെ അവസ്ഥ ഒന്നോര്‍ത്ത് നോക്കൂ. മോള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ നോട്ടങ്ങള്‍ പോലും അവരെ വേദനിപ്പിക്കും. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന രീതിയിലാണ് സ്‌കൂളില്‍ ഉള്ളവരെല്ലാം പെരുമാറിയത്. എല്ലാവരുടെയും പിന്തുണയിലാണ് മീനൂട്ടി നല്ല മാര്‍ക്കോടെ വിജയിച്ചതെന്നാണ് ദിലീപ് പറയുന്നത്.

ഇതൊക്കെ ഒരു സമയദോഷമാണെന്നാണ് താരങ്ങള്‍ പറയുന്നത്. സഹായിച്ചിട്ടുള്ളവര്‍ പോലും എനിക്കെതിരെ തിരിയുന്ന കാലമാണ്. നാളുകള്‍ക്ക് മുന്‍പ് ലാല്‍ ജോസ് വിളിച്ച് പറഞ്ഞ കാര്യത്തെ കുറിച്ചും ദിലീപ് സൂചിപ്പിച്ചു. ലാലുവിന്റെ വീടിനടുത്തുള്ള ഒരാള്‍ ദിലീപിനോട് സൂക്ഷിക്കാന്‍ പറയണമെന്ന് പറഞ്ഞത്രേ. 48-ാം പിറന്നാളിന് മുന്‍പ് അദ്ദേഹത്തിന് വലിയൊരു ആപത്ത് വരുന്നുണ്ടെന്നും മരണസന്ധിയാണ്, എയര്‍ ക്രാഷാണ് മനസില്‍ കാണുന്നത് എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തെ പോയി ഞാന്‍ കണ്ടിരുന്നു. പ്രാര്‍ഥനയില്‍ തെളിഞ്ഞതാണ് അതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നീട് ഇതത്ര കാര്യമാക്കിയില്ലെങ്കിലും അമേരിക്കയില്‍ ഒരു ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനം എയര്‍പോക്കറ്റില്‍ പെട്ടു. റിമി ടോമിയും നാദിര്‍ഷയുമൊക്കെ കരച്ചിലായി. വിമാനം ഇപ്പോള്‍ തകരും, എല്ലാവരും മരിക്കും എന്നൊക്കെ കരുതി. പെട്ടെന്ന് ആ പ്രവചനമാണ് ഓര്‍മ്മ വന്നതെന്ന് ദിലീപ് പറയുന്നു. പിന്നീട് കേസിലൊക്കെ പെട്ടതിന് ശേഷം അയാളെ കണ്ടിരുന്നു. അന്ന് അയാള്‍ പറഞ്ഞത് മരണസന്ധിയെന്നല്ല മരണം എന്ന് തന്നെയാണ്. ഇതും ഒരുതരം മരണം ആണല്ലോ. ദിലീപ് എന്ന വ്യക്തിയുടെ മരണമല്ലേ നടന്നത് എന്നാണ് അവര്‍ പറഞ്ഞത്. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും ദിലീപ് പറയുന്നു.

Post a Comment

0 Comments