തൃശൂരിലെ 'സദാചാര' ആക്രമണത്തില്‍ ട്വിസ്റ്റ്, പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് വിദ്യാര്‍ത്ഥി; വീഡിയോ പുറത്ത്

 


തൃശൂരില്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ 'സദാചാര' ആക്രമണത്തില്‍ ട്വിസ്റ്റ്. ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി ബൈക്ക് വീല്‍ ചെയ്യുന്നതിനിടെ പിറകിലിരുന്ന പെണ്‍കുട്ടി വീണത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് തുടക്കം.വിദ്യാര്‍ത്ഥിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന് വ്യക്തമാവുന്ന ദൃശ്യങ്ങള്‍ പുറത്ത്.

തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തവെയാണ് ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്. ഇതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരില്‍ ഒരാളെ തല്ലുകയായിരുന്നു.

 പിന്നീട് നാട്ടുകാരും അമലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. അമല്‍ മര്‍ദ്ദിച്ചെന്ന ഡേവിസിന്റെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തു.

തന്നെ മര്‍ദ്ദിച്ചവരെ മുന്‍പരിചയമില്ലെന്നും അവര്‍ തന്നെ എന്തിനാണ് മര്‍ദ്ദിച്ചത് എന്ന് അറിയില്ലെന്നുമായിരുന്നു അമലിന്റെ പ്രതികരണം. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിപ്പോഴാണ് സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്നും താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മര്‍ദ്ദിച്ചെന്നും അമല്‍ പറഞ്ഞിരുന്നു.

Post a Comment

0 Comments