അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങി എയ്‌ഡന്‍; അനുപമയുടെയും അജിത്തിന്റെയും ഫാമിലി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

 


തിരുവനന്തപുരം: വാര്‍ത്തകളില്‍ നിറഞ്ഞ ദത്ത് വിവാദത്തിന് ശേഷം അനുപമയ്‌ക്കും അജിത്തിനും ഇത് കുഞ്ഞിനെ തിരികെ ലഭിച്ചതിന്റെ സന്തോഷകാലം.കുഞ്ഞ് എയ്‌ഡനൊപ്പം കടല്‍തീരത്തുകൂടി നടക്കുന്ന അനുപമയുടെ കുടുംബചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുണ്ട്.

ഏറെനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തിരികെ ലഭിച്ച കുഞ്ഞിനൊപ്പം സന്തോഷത്തോടെ അജിത്തും അനുപമയും കടല്‍തീരത്ത് നടക്കുന്നതാണ് ചിത്രങ്ങള്‍. മുണ്ടും ഷര്‍ട്ടുമാണ് കുഞ്ഞിന്റെ വേഷം.അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങിയുള‌ള കുഞ്ഞിന്റെ ചിത്രം ശ്രദ്ധ നേടിക്കഴിഞ്ഞു.

സിപിഎമ്മിനും സര്‍ക്കാരിനും വലിയ വെല്ലുവിളിയായിരുന്നു അനുപമയുടെ കേസ്. അനുപമയുടെ കുഞ്ഞിനെ ജനിച്ചയുടന്‍ അനധികൃതമായി ദത്ത് നല്‍കിയെന്ന വെളിപ്പെടുത്തല്‍ ശിശുക്ഷേമ സമിതിയെയും വിവാദത്തിലാക്കിയിരുന്നു. സമിതി ആന്ധ്രാ ദമ്ബതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. ഇതിന്റെ താല്‍ക്കാലിക ദത്ത് നിര്‍ത്തലാക്കി കോടതി വഴി കുഞ്ഞിനെ അനുപമയ്‌ക്ക് ലഭിക്കുകയായിരുന്നു. കഴിഞ്ഞയാഴ്‌ച അനുപമയും അജിത്തും നിയമപരമായി വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു.

Post a Comment

0 Comments