Covid: ഒമിക്രോണിലൂടെ കേരളത്തിലും മൂന്നാംതരം​ഗം? ആന്റിജന്‍ പരിശോധനകള്‍ കൂട്ടണമെന്നും ആരോ​ഗ്യ വിദ​ഗ്ധര്‍

 


തിരുവനന്തപുരം: ടിപിആര്‍ (tpr)പത്ത് കടന്നതോടെ സംസ്ഥാനത്തും ഒമിക്രോണിലൂടെ (omicron)മൂന്നാം തരംഗമെന്ന(third wave) വിലയിരുത്തലിലേക്കാണ് പോകുന്നത്.

കേരളം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകള്‍ ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ടു വെക്കുന്നുണ്ട്. കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ നല്‍കുന്ന കോക്ടെയില്‍ ചികിത്സയുടെ ഫലപ്രാപ്തിയടക്കം പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.ഇതുവരെയുണ്ടായ ഏറ്റവുമുയര്‍ന്ന പ്രതിദിന കണക്ക് 43,000 വരെ. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നതില്‍ 50 ശതമാനം വരെ കുറവെന്ന് വിലയിരുത്തല്‍. കേസുകള്‍ കൈവിട്ടാല്‍ ചികിത്സാ സംവിധാനങ്ങള്‍ ഞെരുങ്ങും.

 കോക്ടെയില്‍ ചികിത്സ ഫലിക്കാതാകുമോ എന്ന ആശങ്കയുമുണ്ട്. മോണോക്ലോണല്‍ ആന്റിബോഡി കോക്ക്ടെയില്‍ ചികിത്സയുടെ ഫലപ്രാപ്തിയില്‍ ആണ് ആശങ്ക. മോണോക്ലോണല്‍ ആന്റിബോഡി കോക്ക്ടെയില്‍ ചികിത്സ ഒമിക്രോണിനെതിരെ ഫലപ്രദമോയെന്ന് പരിശോധിക്കണമെന്നും വിദഗ്ദര്‍ പറയുന്നു.

ജനിതക പരിശോധനയില്ലാതെ തന്നെ, ഒമിക്രോണ്‍ കണ്ടെത്താവുന്ന പിസിആര്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അതിലേക്ക് മാറണമെന്നാണ് പ്രധാന നിര്‍ദേശം. സംസ്ഥാനത്തെത്തുന്നവരില്‍ മാത്രം ഒമിക്രോണ്‍ പരിശോധന ഒതുക്കാതെ റാന്‍ഡം പരിശോധനകള്‍ സമൂഹത്തിലും നടത്തണം.കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ ആന്റിജന്‍ പരിശോധനകള്‍ വീണ്ടും കൂട്ടണമെന്ന നിര്‍ദേശവും വിദ​ഗ്ധര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ അവലോകന യോഗം ഇന്ന് ചേരും. ജില്ലകലിലെ സാഹചര്യം വിലയിരുത്തി സിഎഫ്‌എല്‍ടിസിസികളും മറ്റും വീണ്ടും തുറക്കുന്നത് ചര്‍ച്ചയാകും. ഒമിക്രോണ്‍ കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണം, പ്രതിരോധം എന്നിവയില്‍ വിദഗ്ദസമിതി നിര്‍ദേശവും തേടും.

60 വയസ്സിന് മുകളില്‍ പ്രായമുള്ള അനുബന്ധ രോഗമുള്ളവ‍ര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിനും ഇന്ന് തുടങ്ങും. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. അതേസമയം കൗമാരക്കാര്‍ക്കുള്ള ഊര്‍ജ്ജിത വാക്സിനേഷന്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ ആഴ്ച്ചയില്‍ നാല് ദിവസമെന്ന നിലയില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലാകും കൗമാരക്കാര്‍ക്കുള്ള വാക്സിന്‍.



Post a Comment

0 Comments