Dileep : ഗൂഢാലോചനാ കേസ്, ദിലീപിന്റെ സുഹൃത്തിന്റെയും സഹോദരി ഭര്‍ത്താവിന്റെയും വീടുകളില്‍ റെയ്ഡ്

 


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന സംവിധായകന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിലും സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.

ദിലീപിന്റെ അടുത്ത സുഹൃത്തായ ഹോട്ടല്‍ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.മൂന്നു മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ടര വരെ തുടര്‍ന്നു. ശരത് സ്ഥലത്തുണ്ടായിരുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതായിരുന്നു. ബാലചന്ദ്രകുമാറിന്റെ കയ്യിലുള്ള ശബ്ദരേഖ പരിശോധിച്ച ശേഷമാണ് ശരത്തിലേക്ക് അന്വേഷണമെത്തിയതെന്നും വിഐപി ശരത്താണോ എന്നുറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നും അന്വേഷണ സംഘം അറിയിച്ചു.

കേസിലെ പ്രതിയായ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ സുരാജ് നല്‍കിയ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വീട്ടിലെ പരിശോധന.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാ‌ഞ്ച് എസ്പി മോഹന ചന്ദനാണ് അന്വേഷിക്കുനനത്. ഒന്നാം പ്രതിയായ നടന്‍ ദിലിപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, അനൂപിന്‍റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കെതിരെയാണ് ക്രമിനില്‍ ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുള്ളത്. ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്നാണ് വിവരം.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന കോടതി ഉത്തരവ് ലംഘിക്കുന്നതാണ് മാധ്യമവാര്‍ത്തകളെന്നാണ് ദിലീപിന്‍റെ ആരോപണം. വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകും വരെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം. രഹസ്യവിചാരണയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യം. സാക്ഷി വിസ്താരം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കേസിന്‍റെ വിചാരണ അട്ടിമറിക്കാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയിലൂടെ പൊതുജന മധ്യത്തില്‍ തന്നെ അവഹേളിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. എന്നാല്‍ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചു. രാവിലെ കോടതിയില്‍ 3 പേരുടെ പുനര്‍വിസ്താരത്തിന് അനുമതി നല്‍കുന്നതായി ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് അറിയിച്ചെങ്കിലും ഉത്തരവില്‍ നിന്ന് ഇത് ഒഴിവാക്കി.

Post a Comment

0 Comments