Omicron In Kerala : ഒമിക്രോണ്‍: കേരളത്തിന് ഒരാഴ്ച അതി നി‍ര്‍ണായകം; വിലയിരുത്താന്‍ മന്ത്രിസഭാ യോഗം, പുതിയ നിയന്ത്രണം?

 


തിരുവനന്തപുരം: മൂന്നാംതരംഗ ഭീഷണിയും, ഒമിക്രോണ്‍ വ്യാപനവും സംബന്ധിച്ച്‌ കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച്ച നിര്‍ണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്.പുതുവത്സരാഘോഷം, അവധിദിനങ്ങള്‍ എന്നിവയിലൂടെ വ്യാപനം ഒരാഴ്ച്ചക്കുള്ളില്‍ രാജ്യത്തെ മറ്റിടങ്ങളിലേതിന് സമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

 മൂന്നാംതരംഗമായിത്തന്നെ ഒമിക്രോണ്‍ വ്യാപനത്തെ കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. അതിനിടെ ഒമിക്രോണ്‍ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.കേസുകളുയരുമെന്ന മുന്നറിയിപ്പിന് ആക്കം കൂട്ടുന്നതായിരുന്നു ഇന്നലെ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ 3600 കടന്നത്.

 25 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കൊവിഡ് കണക്കാണ് ഇന്നലത്തേത്. പ്രതിദിനം കുറഞ്ഞുവന്നിരുന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും, ചികിത്സയിലുള്ളവരുടെ എണ്ണവും ഇന്നലെ ഉയര്‍ന്നു. പരിശോധനകള്‍ കൂട്ടിയതോടെ കൂടുതല്‍ രോഗികളെന്ന സ്ഥിതി. ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപനം തന്നെയാകും സംസ്ഥാനത്ത് മൂന്നാംതരംഗത്തിന് വഴിവെയ്ക്കുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്.

മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പതുക്കെ കേരളത്തിലും വ്യാപനമുണ്ടായെന്നും ഇത് മൂര്‍ധന്യാവസ്ഥയിലേക്ക് കടക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്. പതുക്കെ മാത്രം കുറയുന്നതായിരുന്നു കേരളത്തിലെ ആദ്യ കൊവിഡ് തരംഗങ്ങള്‍. ഒമിക്രോണില്‍ അതിനുള്ള സാവകാശം പ്രതീക്ഷിക്കാതെ ഒരുക്കം നടത്തണമെന്നാണ് ഒമിക്രോണിന്‍റെ വ്യാപനശേഷി വിലയിരുത്തി ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. വകഭേദത്തിന്‍റെ ആര്‍ വാല്യൂ ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാനുള്ള ശേഷി വളരെ കൂടുതലാണ്.

കേസുകള്‍ കൂടിയാല്‍ നിലവില്‍ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതന് അപ്പുറത്തേക്ക് നിയന്ത്രണം ഉണ്ടായേക്കും. സംസ്ഥാനത്തെത്തുന്നവരുടെ പരിശോധന, പരിശോധനകളുടെ എണ്ണം കൂട്ടല്‍, വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒമിക്രോണ്‍ പശ്ചാത്തലത്തിലുള്ള മാര്‍ഗരേഖ എന്നിവയും പരിഗണിക്കും.

Post a Comment

0 Comments