കോവിഡ് വന്നശേഷം മരണകാരണമായ പ്രത്യാഘാതങ്ങള്‍! അറ്റാക്കിനുള്ള സാധ്യത 63% കൂടി : പുതിയ പഠനം ഞെട്ടിക്കുന്നത്

 


വാഷിങ്ടണ്‍: കോവിഡ് മുക്തരെ ഞെട്ടിക്കുന്ന കണ്ടെത്തലാണ് അമേരിക്കയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.കോവിഡ് ബാധയ്ക്കു ശേഷം രോഗമുക്തരായവര്‍ക്ക് ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. 

വാക്സിന്‍ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍, കോവിഡ് ബാധിച്ച 1.53 ലക്ഷം പേരിലും, വൈറസ് ബാധ ഏല്‍ക്കാതിരുന്ന 56 ലക്ഷം പേരിലും, കോവിഡിനു മുന്‍പ് വിവരങ്ങള്‍ ശേഖരിച്ച 59 ലക്ഷം പേരിലും നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. കോവിഡ് രോഗമുക്തി നേടി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം, രോഗം ബാധിച്ചവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 63% ഉയര്‍ന്നിരിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തി.

ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതിനുള്ള സാധ്യത 69 ശതമാനവും, സ്ട്രോക്ക് വരാനുള്ള സാധ്യത 52 ശതമാനവും, ഹൃദയം നിലച്ചു പോകാനുള്ള സാധ്യത 72 ശതമാനവും വര്‍ദ്ധിച്ചിരിക്കുന്നതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത, രോഗം വരാത്തവരെ അപേക്ഷിച്ച്‌ മൂന്നു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നതെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണ്. നേച്ചര്‍ മെഡിസിനില്‍, തിങ്കളാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഇവയെല്ലാം പരാമര്‍ശിക്കുന്നു.

ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാല്‍, കോവിഡ് മുക്തരായ എല്ലാവരിലും പ്രായഭേദമന്യേ ഈ പ്രത്യാഘാതങ്ങള്‍ കാണപ്പെടുന്നുണ്ട്. കിഡ്നി രോഗം ഉള്ളവരിലും ഇല്ലാത്തവരിലും, പ്രമേഹം ഉള്ളവരിലും ഇല്ലാത്തവരിലും, പുകവലിക്കുന്നവരിലും വലിക്കാത്തവരിലുമെല്ലാം യാതൊരു പക്ഷഭേദമില്ലാതെ തന്നെ ഈ പ്രശ്നങ്ങള്‍ ഒരുപോലെ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടു തന്നെ, എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ സിയാദ് അല്‍ അലി മുന്നറിയിപ്പ് നല്‍കുന്നു.ഗുരുതരമല്ലാത്ത രീതിയില്‍ കോവിഡ് ബാധിച്ചവരിലും, ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ രോഗം മാറിയവരിലും ഒരുപോലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി അലി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തുന്നു.



Post a Comment

0 Comments