2022ൽ ഏറ്റവും കൂടുതൽ ഓളം സൃഷ്ടിച്ച സിനിമയായിരുന്നു ഹൃദയം. ഒരു നൂലിൽ മുത്ത് കോർക്കുന്നപോലെ നടന്ന് തീർന്ന വഴികളിലേക്കെപ്പോഴൊക്കെയോ തിരികെ നടത്തി ഓർമ്മകളെ ഒന്ന് ആഞ്ഞ് കുലുക്കി അവയിലേക്ക് മനസുകൊണ്ട് തിരിഞ്ഞ് നടന്ന് ആസ്വദിക്കാൻ പറ്റുന്ന മൂന്ന് മണിക്കൂർ ആയിരുന്നു ഹൃദയം എന്ന സിനിമയെന്നാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെട്ടത്.
ഹൃദയം തുടങ്ങുമ്പോൾ പ്രേക്ഷകന് മുന്നിൽ വരുന്ന അരുൺ നീലകണ്ഠൻ എന്ന 18 വയസുകാരൻ നല്ല രീതിയിൽ ചിന്തിക്കുന്ന ഒരു ഐഡന്റിറ്റിയുള്ള ചെറുപ്പക്കാരനാണ്. എന്നാൽ മുന്നോട്ടുള്ള യാത്രയിൽ അയാൾക്ക് നഷ്ടപ്പെടുന്നത് അയാളുടെ ദർശനയോടുള്ള പ്രണയത്തിനൊപ്പം സ്വന്തം ഐഡന്റിറ്റി കൂടിയാണ്.അവിടെ നിന്ന് അയാൾ കാണുന്ന കാഴ്ചകളും പരിചയപ്പെടുന്ന വ്യക്തികളും അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളും അയാളെ കൊണ്ട് ചെന്നെത്തിക്കുന്നത് ഒരു പക്വതയുള്ള വ്യക്തിയിലേക്കാണ്. അരുൺ എന്ന വ്യക്തിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഹൃദയം എന്ന സിനിമ. വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതിയ സിനിമ ഇക്കഴിഞ്ഞ ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. ശേഷം ദിവസങ്ങൾക്ക് മുമ്പ് സിനിമ ഒടിടിയിലും റിലീസ് ചെയ്തു. പ്രണവ് മോഹൻലാലായിരുന്നു ചിത്രത്തിൽ നായകനായത്. ദർശന, കല്യാണി പ്രിയദർശൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ നായികമാർ.
തിയേറ്ററുകളിൽ സിനിമ എത്തിയപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ദർശനയും നിത്യയും അരുണുമെല്ലാമാണെങ്കിൽ ഒടിടിയിൽ ചിത്രം റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ചിത്രത്തിലെ മായ എന്ന കഥാപാത്രമാണ്. അരുണിന്റെ ജീവിതത്തിൽ രണ്ടാമത് സംഭവിക്കുന്ന പ്രണയമാണ് മായ. ദർശനയുമായുള്ള വേർപിരിയലിന് ശേഷം അവളോടുള്ള വാശി തീർക്കാനായിട്ടാണ് അരുൺ മായയെ പ്രണയിച്ച് തുടങ്ങുന്നത്. പിന്നീട് അറുൺ പക പോക്കാനാണ് തന്നെ പ്രണയിക്കുന്നത് എന്ന് മനസിലാക്കിയപ്പോൾ മായ തന്നെ അരുണിന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകുന്നതായിട്ടാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഒടിടി റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ കൈയ്യടി ലഭിച്ചതും മായയെന്ന കഥാപാത്രത്തിന് ആയിരുന്നു. ഇന്ന് പ്രേമനൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുമ്പോൾ മായയെന്ന കഥാപാത്രം എല്ലാവർക്കും ഒരു ഉദാഹരണമാണ് എന്ന തരത്തിലായിരുന്നു സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പ്രചരിച്ചത്.
മായയായി ഹൃദയത്തിൽ അഭിനയിച്ചത് നടി അന്നു ആന്റണി ആയിരുന്നു. മലയാള സിനിമയുടെ ഭാഗമായതിനെ കുറിച്ചും ഹൃദയത്തിൽ എത്തിച്ചേർന്നതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ അന്നു ആന്റണി. 'ആനന്ദമാണ് ആദ്യം അഭിനയിച്ച സിനിമ. ഉള്ളിന്റെയുള്ളിൽ എവിടെയോ അഭിനയ മോഹം ഉണ്ടായിരുന്നുവെന്നല്ലാതെ ഇന്നേ വരെ ഞാൻ സിനിമയ്ക്ക് വേണ്ടി നടന്നിട്ടില്ല. ആനന്ദത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ്. ഞാൻ പഠിച്ച സ്കൂളിൽ ആനന്ദം ടീം ഓഡീഷന് വന്ന് എന്നെ കണ്ടപ്പോൾ സെലക്ട് ചെയ്യുകയായിരുന്നു. ഒന്ന് അഭിനയിച്ച് നോക്കാം എന്ന തരത്തിലാണ് ആ സിനിമയുടെ ഭാഗമായതും. സിനിമ റിലീസ് ചെയ്തപ്പോൾ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സന്തോഷം തോന്നി സൂചിമോൾ എന്ന പേരിൽ പലരും ഓർക്കുന്നുണ്ട്.'
'2019ൽ ആണ് ഹൃദയത്തിൽ വേഷമുണ്ടെന്ന് പറഞ്ഞ് വിനീതേട്ടൻ വിളിക്കുന്നത്. എല്ലാവർക്കും ഒരുപാടിഷ്ടമുള്ള സംവിധായകൻ സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് വിളിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. തുടക്കത്തിൽ പ്രണവാണ് നായകൻ എന്ന് അറിയാതെയാണ് അഭിനയിക്കാൻ പോയത്. പ്രണവുമായി ഒരുമിച്ച് അഭിനയിക്കാൻ സുഖമാണ്. പ്രണവ് താരപുത്രനാണ് എന്ന തോന്നൽ നമുക്ക് ഉണ്ടാവുകയേ ഇല്ല. എന്റെ സ്വഭാവവുമായി ചേർന്ന് നിൽക്കുന്നത് മായയുടെ കഥാപാത്രമാണ്. സൂചി മോളുടെ സംസാര രീതി മാത്രമെ ഞാനുമായി സാമ്യമുള്ളൂ. ബാക്കി എല്ലാത്തിലും ഞാൻ ഒരു മായയാണ്. അഭിനയത്തിൽ എത്തിയിരുന്നില്ലെങ്കിൽ ചിലപ്പോൾ അധ്യാപനത്തിലേക്ക് പോകുമായിരുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഇനി വരാനുള്ളത് മെയ്ഡ് ഇൻ കാരവാൻ എന്ന സിനിമയാണ്' അന്നു ആന്റണി പറയുന്നു.
0 Comments