പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിയ്ക്ക് കിട്ടുന്ന റോളുകള്‍ കിട്ടില്ല: നദിയ മൊയ്തു

 


മമ്മൂട്ടിയുടെ പ്രായത്തെ വെല്ലുന്ന ലുക്കിനെ പലപ്പോഴും സോഷ്യല്‍ മീഡിയയും ആരാധകരും മാധ്യമങ്ങളുമെല്ലാം പുകഴ്ത്താറുണ്ട്. അതേസമയം ഇന്നും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന നടിമാരെ പുകഴ്ത്തുന്ന സിനിമാ ലോകം അ്‌വസരം നല്‍്കുന്നതിന്റെ കാര്യത്തില്‍ സീകരിക്കാറുള്ളത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് തുറന്ന് കാണിച്ചിരിക്കുകയാണ് നദിയ മൊയ്തു. പുതിയ സിനിമയായ ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലായിരുന്നു നദിയയുടെ പ്രതികരണം.

മമ്മൂട്ടിയോടൊപ്പം വീണ്ടും നായികയാവുകയാണല്ലോ, അന്നത്തെ സൗന്ദര്യം മമ്മൂട്ടി ഇന്നും നിലനിര്‍ത്തുന്നുണ്ട്, അതില്‍ അസൂയ ഉണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് നദിയ മൊയ്തു നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.. 'അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കാഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. കുശുമ്പ് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇപ്പോഴും അദ്ദേഹത്തിന് അതുപോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മള്‍ പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകള്‍ കിട്ടുന്നില്ല. അതില്‍ കുശുമ്പുണ്ട്,' എന്നായിരുന്നു നദിയയുടെ മറുപടി.

അതേസമയം ഭീഷ്മ പര്‍വ്വവും മഹാഭാരതവും തമ്മിലുള്ള സാമ്യതകള്‍ ചര്‍ച്ചയായി മാറുന്നുണ്ട്. ഇതേക്കുറിച്ചും മമ്മൂട്ടി പ്രതികരിക്കുകയുണ്ടായി. മഹാഭാരതവുമായി 'ഭീഷ്മ പര്‍വത്തിനും' ചില സാമ്യമങ്ങളുണ്ടെന്ന് മമ്മൂട്ടി പറയുന്നത്. മഹാഭാരതത്തിന്റെ അടരുകളില്ലാത്ത സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറന്‍സുകള്‍ വരാറില്ലേ, തീര്‍ച്ചയായും ഭീഷ്മപര്‍വത്തിലും അതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഭീഷ്മ പര്‍വ്വം കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്.. ഇത് വേറെ വെടിക്കെട്ടാണ്. ബിലാലുമായി ഒരു സാമ്യവുമില്ല. ചിലപ്പോള്‍ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരിയൊക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍. മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി 'പ്രേക്ഷകന്‍ സിനിമ കണ്ടിട്ട് എന്താന്ന് വെച്ചാല്‍ പറയും. നമുക്ക് അവരോട് പറയാനുള്ളതാണ് ഈ സിനിമ. ഇനി സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ പറയട്ടെ. അവര്‍ പറയുന്നത് സത്യമായി നിങ്ങള്‍ പറഞ്ഞാല്‍ മതി,' എന്നായിരുന്നു.

വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയില്‍ നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ലെന, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ശ്രിന്ദ, സുദേവ് നായര്‍, കെപിഎസി ലളിത, നെടുമുടി വേണു, ശ്രീനാഥ് ഭാസി, അനഘ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാര്‍ച്ച് മൂന്നിന് സിനിമ തീയേറ്ററുകളിലെത്തും. ചിത്രത്തിന് ഫാന്‍ ഷോ ഉണ്ടായിരിക്കില്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments