എന്തിനാണ് നുണകൾ പറയുന്നത്? മകൾക്ക് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞുകൊടുത്ത് ശിൽപ ബാല

 


ആർത്തവത്തെക്കുറിച്ചും സാനിറ്ററി നാപ്കിനെക്കുറിച്ചുമൊക്കെ ഇപ്പോഴും അടക്കി പിടിച്ചു പറയുന്നവരുണ്ട്. സാനിറ്ററി നാപ്കിൻ ഒളിച്ചും മറച്ചും മാത്രം ഉപയോ​ഗിക്കുന്ന സ്ത്രീകൾ. എന്നാൽ ആ കാലമെല്ലാം കഴിഞ്ഞെന്നും ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവത്കരിക്കേണ്ട കാലമാണിതെന്നും പറഞ്ഞുള്ള പുരോ​ഗമന ചർച്ചകളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് നടി ശിൽപ ബാലയും മകളും തമ്മിലുള്ള സംഭാഷണം. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ശിൽപ ബാല മകൾ യാമിയോട് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന വീഡിയോ പങ്കുവെച്ചത്.ഒരു ദിവസം നൂറുചോദ്യങ്ങൾ വരെ മകൾ ചോദിക്കുന്ന സമയമെത്തി എന്ന ആമുഖത്തോടെയാണ് ശിൽപബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അസ്ഥിരമായ കുഞ്ഞു നുണകൾ പറയുന്നതിനേക്കാൾ നല്ലത് അവരോട് യാഥാർഥ്യം പറയുകയാണെന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്ന് മകൾ ചോദിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മ ചെറിയ കുട്ടിയല്ല എന്നും പിന്നെന്തിനാണ് പാംപേഴ്സ് ഉപയോ​ഗിക്കുന്നതെന്നും ചോദിക്കുന്നത് കേൾക്കാം.ഇതിന് താൻ ചെറിയ കുട്ടിയല്ല, വലിയ സ്ത്രീയാണ് എന്നും വലുതാകുമ്പോൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കേണ്ട സമയം വരുമെന്നും ശിൽപ ബാല പറയുന്നു. കുട്ടികൾ ഡയപ്പേഴ്സ് ഉപയോ​ഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കുമെന്നും ശിൽപ ബാല പറയുന്നുണ്ട്.

കുട്ടിക്കാലത്തേ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിൽ തെറ്റില്ലെന്നും ശിൽപ ബാല കുറിക്കുന്നു. നിരവധി പേരാണ് ശിൽപ ബാലയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തത്.കുട്ടിക്കാലത്ത് ഇതെന്താണെന്ന് മാതാപിതാക്കളോട് ചോദിക്കുമ്പോൾ ഒരിക്കലും യഥാർഥ ഉത്തരം ലഭിച്ചിരുന്നില്ല എന്നും മനസ്സിലാകും വിധത്തിൽ കാര്യങ്ങളെ കുട്ടികളെ പഠിപ്പിക്കുന്നതാണ് നല്ല പാരന്റിങ് എന്നുമൊക്കെയാണ് വീഡിയോക്ക് കീഴെ കമന്റുകൾ.

Post a Comment

0 Comments