'ഒരുമിച്ചുള്ള ആ യാത്ര നടന്നില്ല, എനിക്ക് ആ സ്വപ്‌നം സാധിച്ചെടുക്കണം, ചേട്ടന്‍ എന്റെ ഒപ്പമുണ്ടാകും'

 


തീവ്രമായ ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ ഏതു സാധാരണക്കാരനും ഏതുപ്രായത്തിലും ലോകപര്യടനം സാധ്യമെന്ന് എല്ലാവരെയും പഠിപ്പിച്ച ദമ്പതികളായിരുന്നു കൊച്ചി കടവന്ത്രയില്‍ ശ്രീബാലാജി കോഫി ഹൗസ് എന്ന ചായക്കട നടത്തി ജീവിച്ചിരുന്ന വിജയനും മോഹനയും. പരസ്പരം കൈചേര്‍ത്തുപിടിച്ച് വിജയനും മോഹനയും ലോകം കണ്ടു. സിംഗപ്പൂര്‍, മലേഷ്യ,യുഎസ്എ,സ്വിറ്റ്‌സര്‍ലന്റ്,റഷ്യ തുടങ്ങി 25ലധികം രാജ്യങ്ങളാണ് മോഹനയും വിജയേട്ടനെന്ന് സ്‌നേഹത്തോടെ എല്ലാവരും വിളിച്ചിരുന്ന വിജയനും കണ്ടുതീര്‍ത്തത്.

 ഇവരെപ്പറ്റിയറിഞ്ഞ ദേശീയമാധ്യമങ്ങളടക്കമുള്ളവര്‍ അവരുടെ യാത്രാപ്രേമത്തെ വാര്‍ത്തയാക്കി ലോകത്തിന് മുന്നില്‍ വിളിച്ചോതി. അപ്പോഴും ഉലകസഞ്ചാരികളായി ഭാര്യയേയും ചേര്‍ത്ത് പിടിച്ച് വിജയന്‍ യാത്രകളുടെ തിരക്കിലായിരുന്നു.പക്ഷേ, ജീവിതയാത്രയില്‍ മോഹനയെ ഒറ്റയ്ക്കാക്കി വിജയന്‍ യാത്രയായപ്പോള്‍ മലയാളികള്‍ക്കത് തീരാനോവായി മാറി. അദ്ദേഹത്തിന്റെ വേര്‍പാടിലും തന്റെ വിജയേട്ടന്റെ സ്വപ്‌നങ്ങളുടെ പാത തുടര്‍ന്നു പോകുകയാണ് മോഹനയിപ്പോള്‍.


മോഹനയുടെ വാക്കുകള്‍ ഇങ്ങനെ;

” ഞാന്‍ കരയുന്നത് ചേട്ടന് ഇഷ്ടപ്പെടില്ല. ചിരിക്കുന്നതാണ് എപ്പോഴും ഇഷ്ടം. ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള ഓര്‍മ്മകള്‍ തന്നിട്ടല്ലേ പോയത്. പിന്നെ ഞാനെന്തിന് കരയണം?പറയാതെ എവിടെയോ യാത്ര പോയി എന്നാണ് എനിക്ക് തോന്നുന്നത്. കാന്‍സറിനെ വിജയേട്ടന്‍ ഭയപ്പെട്ടിരുന്നില്ല. പറഞ്ഞുവെച്ചതൊക്കെ എനിക്ക് ചെയ്യണം. ചേട്ടന്‍ കണ്ട സ്വപ്‌നങ്ങളിലൂടെ എന്നെക്കൊണ്ടാകും പോലെ മുന്നോട്ട് പോകണം. അതിന് കട തുറന്നേ പറ്റൂ. ഇവിടുന്നാണ് ഞങ്ങള്‍ എല്ലാം തുടങ്ങിയത്. ഇനി ഏഴ് ജന്മമുണ്ടെങ്കിലും ആ മനുഷ്യനെത്തന്നെ ഭര്‍ത്താവായി കിട്ടണം.

കണ്ണുള്ളപ്പോള്‍ കാണുക, ആരോഗ്യമുള്ളപ്പോള്‍ ആസ്വദിക്കുക എന്നതായിരുന്നു ചേട്ടന്‍ ജീവിതം കൊണ്ട് പഠിപ്പിക്കാന്‍ ശ്രമിച്ച പാഠം. എന്തിനും ലക്ഷ്യവും ഉറച്ച മനസ്സും വേണം. ചേട്ടന് അത് ഉണ്ടായിരുന്നു. നന്നേ ചെറുപ്പം മുതലേ യാത്രയാണ് ഇഷ്ടം. ഒന്‍പതാം വയസ്സില്‍ ശബരിമലയ്ക്ക് പോയിത്തുടങ്ങിയ യാത്രയാണ്. പലരും പണം സൂക്ഷിച്ച് വെയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നാളെ എന്തുചെയ്യുമെന്നോര്‍ത്ത് വേവലാതിപ്പെട്ട് ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ, നാളെയെപ്പറ്റി ചിന്തിക്കാതെ ഇന്നില്‍ ജീവിച്ച മനുഷ്യനാണ് വിജയേട്ടന്‍.

ലോകം കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം. വ്യത്യസ്ഥ രീതിയിലുള്ള ആളുകളെ കാണാനും ഓരോ നാടും കാണാനും അവിടുത്തെ രീതികള്‍ അറിയാനും വലിയ താല്‍പ്പര്യമായിരുന്നു. ഒരു രാജ്യം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അടുത്ത യാത്ര പ്ലാന്‍ ചെയ്യും. പിന്നെ അത് നടത്താനുള്ള ആലോചനയിലാവും. പുതിയ ട്രിപ്പ് പാക്കേജ് വരുമ്പോള്‍ പല ട്രാവല്‍സും വിളിക്കും. ഞങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞ് അത് ബുക്ക് ചെയ്യും. ബുക്കിംങ് കഴിഞ്ഞാണ് എന്നോട് പറയാറ്.

അദ്ദേഹത്തിനൊപ്പം അവസാനമായി പോയ റഷ്യയിലെത്തിയപ്പോള്‍ കുറച്ച് കഷ്ടപ്പെട്ടു. കാന്‍സറില്‍ നിന്ന് ഒരു കൊല്ലം മുന്നേ രക്ഷപ്പെട്ടതാണ്. എങ്കിലും എല്ലാ മാസവും ചെക്കപ്പിന് പോകാറുണ്ടായിരുന്നു. തണുപ്പ് താങ്ങാന്‍ കഴിയുമോ എന്നും അടുത്ത വര്‍ഷം പോയാല്‍ പോരേ എന്നും ഡോക്ടര്‍ ചോദിച്ചു. അടുത്ത കൊല്ലം ഞാനില്ലെങ്കിലോ അതുകൊണ്ട് ഈ വര്‍ഷം തന്നെ പോയേ തീരൂവെന്ന് അദ്ദേഹം കടുംപിടിത്തം പിടിച്ചു. റഷ്യ കണ്ടുകൊണ്ടിരിക്കെ അടുത്തതായി ജപ്പാനിലേക്ക് പോകണമെന്ന പറഞ്ഞിരുന്നു. ഒരുമിച്ചുള്ള ആ യാത്ര നടന്നില്ല. പക്ഷേ എനിക്ക് ആ സ്വപ്‌നം സാധിച്ചെടുക്കണം. ചേട്ടന്‍ എന്റെ ഒപ്പമുണ്ടാകും”-മോഹന പറഞ്ഞു.

Post a Comment

0 Comments