ബെഗളുരു: കർണാടകയിൽ (Karnataka) ഹിജാബ് പ്രതിഷേധങ്ങൾ (Hijab Row) തുടരുന്നതിനിടിയിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജി വച്ചു. കർണാടകയിലെ തുംകുരുവിലെ ജെയ്ൻ പിയു കോളേജിലെ അധ്യാപികയായ ചാന്ദിനിയാണ് ജോലി രാജി വച്ചത്. അധ്യാപകരോടും വിദ്യാർത്ഥികളോടും ഹിജാബോ കാവി ഷാളോ മറ്റ് മത ചിഹ്നങ്ങളോ കോളേജിനുള്ളിൽ ധരിക്കരുതെന്നാണ് കർണാടകയിലെ കോളേജുകൾ പറയുന്നത്.
''കഴിഞ്ഞ മൂന്ന് വർഷമായി ജെയ്ൻ പിയു കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലി ചെയ്ത് വരികയാണ് ഞാൻ. ഈ മൂന്ന് വർഷത്തിനിടയിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ ഇന്നലെ രാവിലെ ഞങ്ങളുടെ പ്രിൻസിപ്പൽ ഞങ്ങളെ വിളിച്ചു, ഞങ്ങൾ ഹിജാബ് ധരിക്കരുതെന്നും മത ചിഹ്നങ്ങൾ കോളേജിൽ നിരോധിച്ചതായും അറിയിച്ചു'' - ചാന്ദിനി പറഞ്ഞു.
തന്റെ ആത്മാഹഭിമാനത്തെ ഹനിക്കുന്നതാണ് ഇത്, അതിനാൽ താൻ രാജിവയ്ക്കുന്നുവെന്നും ഹിജാബില്ലതെ താൻ കോളേജിൽ ജോലി ചെയ്യില്ലെന്നും ചാന്ദിനി പറഞ്ഞു. ചാന്ദിനി സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്തും അവർ പുറത്തുവിട്ടു. അതേസമയം അധ്യാപികയോട് ഹിജാബ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ കെ ടി മഞ്ജുനാഥ് പ്രതികരിച്ചു. കർണാടകയിലെ ഉടുപ്പിയിലാണ് ഹിജാബിന്റെ പേരിലുള്ള തർക്കം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
0 Comments