നമ്മുടെ കുഞ്ഞ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ചില അപാകതകള്‍ ഉള്ളതാണെന്ന് തിരിച്ചറിയുന്ന നിമിഷം പലരും ജീവിതത്തിലെ പരാജയത്തില്‍ ദുഖിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെയാണ് നടി ശ്രുതി വിപിന്‍ മാതൃകയാവുന്നത്.ഉയരെ, കാണെക്കാണെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി വിപിൻ.
അഭിനയത്തിനൊപ്പം മോഡലിങിലും സജീവമാണ് ശ്രുതി.കുഞ്ഞിനെ തന്റെ കൈകളിലേക്ക് നഴ്‌സുമാര്‍ വെച്ചുതന്നപ്പോഴാണ് ശ്രുതിക്ക് സംശയം തോന്നിയത്. മകള്‍ക്ക് എന്തോ കുഴപ്പമുള്ളതായി തോന്നി. ഡൗണ്‍ സിന്‍ട്രോം ആണ് തന്റെ മകള്‍ക്കെന്ന് ശ്രുതി തിരിച്ചറിഞ്ഞു.ഒരു വ്യക്തിയുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും 46 ക്രോമോസോമുകൾ ഉണ്ടാകേണ്ടതിന് പകരം 47 എണ്ണം ഉണ്ടാവുക അഥവാ സാധാരണയായി 23 ജോഡി ക്രോമോസോമുകൾ വേണ്ട ഇടത്ത് ഇരുപത്തി ഒന്നാമത്തെ ക്രോമോസോം ജോഡിക്ക് പകരം 3 എണ്ണം ഉണ്ടാകുന്ന അവസ്ഥയാണ് ഡൗൺ സിൻഡ്രോം.
ജനനം മുതൽ തന്നെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ഒരു പ്രത്യേക മുഖഛായയാണ് ഇവരിൽ കാണുന്നത്. മംഗോളിയൻമാരുടെ മുഖമാണ് രോഗിക്കുണ്ടാവുക. അതുകൊണ്ട് ഇതിനെ മംഗോളിയൻ ഡിസീസ് എന്നും പറയുന്നുണ്ട്. ഇവരുടെ കണ്ണുകൾ മുകളിലേക്ക് ചരിഞ്ഞാണ് കാണപ്പെടുന്നത്. പതിഞ്ഞ മൂക്ക്, പരന്ന തല, പൊക്കക്കുറവ്, തുടങ്ങിയ ലക്ഷണങ്ങൾ പൊതുവെ കാണും. മറ്റ് കുട്ടികളെ അപേക്ഷിച്ച് ഇരിക്കാനും നിൽക്കാനും നടക്കാനും എല്ലാം താമസമുണ്ടാകും. പൊതുവേ മറ്റ് കുട്ടികളെക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ കൂടുതൽ ആയിരിക്കും. കൃത്യമായ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയും ഇവരുടെ ബുദ്ധി വളർച്ച സാധാരണ കുട്ടികളുടെ ബുദ്ധി വളർച്ചയുടെ 30 മുതൽ 70 ശതമാനം വരെ എത്തിക്കാൻ കഴിയും.തന്റെ കുഞ്ഞിന്റെഇത്തരം അവസ്ഥയില്‍ പരിതപിക്കില്ലെന്നും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോകില്ലെന്നും ശ്രുതി മനസ്സിലുറപ്പിച്ചു. അവിടെയാണ് ശ്രുതി വ്യത്യസ്ഥയാകുന്നത്.
മലപ്പുറമാണ് ശ്രുതിയുടെ നാട്. ജനിച്ചതും വളര്‍ന്നതും ഉത്തരേന്ത്യയിലായിരുന്നു. കോളേജ് വിദ്യാഭ്യാസമെത്തിയപ്പോള്‍ നാട്ടില്‍ താമസമാക്കുകയായിരുന്നു. ഹോം സയന്‍സില്‍ ബിരുദം കഴിഞ്ഞ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ പൂര്‍ത്തിയാക്കിയ ശേഷം മീഡിയ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്തു. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവ് വിപിന്‍ കുമാറിനൊപ്പം ചെന്നൈയിലെത്തി ജോലി നേടി. മകളെ പ്രസവിച്ചപ്പോള്‍ കാണാന്‍ വരുന്നവരുടെ മുഖം വാടുന്നത് പതിവായിരുന്നു. എന്ത് തന്നെയായാലും നമ്മള്‍ ഈ കുഞ്ഞിനെ വളര്‍ത്തുമെന്ന് വിപിന്‍ ആത്മവിശ്വാസം നല്‍കിയത് ശ്രുതിക്ക് കൂടുതല്‍ കരുത്തേകി.അവളെ എങ്ങനെ പരമാവധി മിടുക്കിയാക്കാം എന്നായി പിന്നെ ചിന്ത. തുടക്കത്തില്‍ ശ്രുതി മെറ്റേണിറ്റി ലീവ് നീട്ടിയെടുത്തു. മകളെ നോക്കാന്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ പിന്നീട് ജോലി രാജിവെച്ചു. നല്ല ഫിസിയോ തെറാപ്പി നല്‍കിയതിലൂടെ സംസാരം ഒഴിച്ചുള്ള ബാക്കി കാര്യങ്ങളെല്ലാം സാധാരണ കുട്ടികളെ പോലെ നേടിയെടുക്കാന്‍ സാധിച്ചു. സംസാരം വൈകിയപ്പോള്‍ സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായം തേടുകയായിരുന്നു. ഇന്ന് 4 വസ്സുള്ള തന്റെ മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് കാണുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് നിറയുമെന്ന് ശ്രുതി പറയുന്നു.
മകളുടെ കാര്യത്തിനൊപ്പം തന്റെ കരിയറും പുനസ്ഥാപിക്കണമെന്ന് ശ്രുതിക്ക് തോന്നി. അങ്ങനെ പ്രമുഖ മാസികയിലേക്ക് നടന്ന മിസിസ് കേരള കോണ്‍ടെസ്റ്റ് ഓഡീഷനില്‍ പോവുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ഇന്റര്‍നാഷണല്‍ ലവ് സ്‌റ്റോറി എന്ന സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് പത്മവ്യൂഹത്തിലെ അഭിമന്യു, ഉയരെ, ബ്ലാക്ക് കോഫി, കാണെക്കാണെ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അനീഷ് ബാബു അബാസിന്റെ പൂവിലേത് വ്യത്യസ്ഥ കഥാപാത്രമായിരുന്നു. ഒരുപാട് ചിത്രങ്ങള്‍ തേടിയെത്തിയെങ്കിലും മകളെ വിട്ട് ഒരുപാട് ദിവസം വിട്ട്‌നില്‍ക്കാന്‍ പറ്റാത്തതിനാല്‍ അത്തരം ചിത്രങ്ങള്‍ ഒഴിവാക്കി. എന്റെ കുഞ്ഞ് എന്റെ ജീവിതം പരിമിതപ്പെടുത്തുന്നു എന്ന് പറയാന്‍ തനിക്ക് താല്പര്യമില്ലെന്നും പകരം സ്മാര്‍ട്ട് അമ്മയായി അവളെ സ്മാര്‍ട്ട് ആയി വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ശ്രുതി പറയുന്നു.
0 Comments