‘ദാദാ കളിച്ച് തലയില്‍ തട്ടി’, അപമാനം പകയായി; ഒറ്റക്കുത്തിന് കൊന്നു

 


തൃശൂര്‍ കേച്ചേരി പന്നിത്തടത്ത് നാല്‍പതുകാരന്‍ ഫിറോസിനെ കുത്തിക്കൊന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഫിറോസിന്റെ അനുനായികളായ റാഷിദും സുഹൃത്ത് അയൂബുമായിരുന്നു കൊലയാളികള്‍. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു ഫിറോസ്.

 അര്‍ധരാത്രിയോടെ വീട്ടുമുറ്റത്തെത്തിയ റാഷിദും അയൂബും ഫിറോസിനെ വിളിച്ചുണര്‍ത്തി. വരാന്തയിലേക്ക് ഇറങ്ങിവന്ന ഫിറോസിന്റെ നെഞ്ചില്‍ ആഞ്ഞ് ഒരൊറ്റക്കുത്ത്. ഫിറോസ് മരിച്ചു വീണു. 

ചേതോവികാരമെന്ത്?

കൊലപാതകത്തിനു ശേഷം പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. റാഷിദും സുഹൃത്ത് അയൂബും. കേച്ചേരി മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ഫിറോസും റാഷിദും. ഇരുവരും ഒന്നിച്ചാണ് നടക്കാറുള്ളത്. പിന്നെ, എന്തിന് ഫിറോസിനെ റാഷിദ് കൊന്നു. മാത്രവുമല്ല, മൂന്നു ദിവസം മുമ്പു മാത്രം ഗള്‍ഫില്‍ നിന്ന് എത്തിയഅയൂബിന് എന്താണ് ഫിറോസിനോട് ഇത്ര ദേഷ്യം. പൊലീസ് ചികഞ്ഞ് അന്വേഷിച്ചു. പ്രതികളെ പിടികൂടാതെ കൊലയുടെ കാരണം വ്യക്തമാകില്ലെന്ന് പൊലീസിന് മനസിലായി. 


വിരല്‍ മടക്കി തലയില്‍ കുത്തും

ഒന്നിച്ചുള്ള സദസുകളില്‍ ഫിറോസ് പലപ്പോഴും വിരല്‍ മടക്കി റാഷിദിന്റെ തലയില്‍ കുത്താറുണ്ടത്രെ. ആളുകളുടെ മുമ്പിലിട്ട് ഇങ്ങനെ ചെയ്യുന്നതില്‍ ഏറെ അപമാനം തോന്നിയിരുന്നു റാഷിദിന്. ഫിറോസാകട്ടെ വയസിന് മൂത്തയാള്‍. നല്ല ഉയരവും ഭാരവും ഉള്ളയാള്‍. പോരാത്തതിന് നല്ല ശക്തിമാനും. റാഷിദിന്റെ സുഹൃത്ത് അയൂബ് ഗള്‍ഫില്‍ നിന്ന് വന്നതിന്‍റെ പിറ്റേന്ന് മരണവീടിനു സമീപത്ത് റാഷിദിനേയും അയൂബിനേയും ഫിറോസ് കണ്ടു. പതിവ് ‘വിരല്‍ക്കുത്ത്’ ഇരുവര്‍ക്കും ഫിറോസ് നല്‍കി. 


സുഹൃത്തിനെ തൊട്ടപ്പോള്‍ നൊന്തു

അയൂബിനെ അനാവശ്യമായി തലയില്‍ വിരല്‍ക്കൊണ്ട് കുത്തിയത് കണ്ടപ്പോള്‍ റാഷിദിന്റെ മനസില്‍ പകയായി. അന്ന് രാത്രി റാഷിദും അയൂബും ഒന്നിച്ച് മദ്യപിച്ചു. ഈ ലഹരിയില്‍ പക കൊടുമ്പിരിക്കൊണ്ടു. റാഷിദ് നേരെ മല്‍സ്യമാര്‍ക്കറ്റില്‍ പോയി കത്തി കൈക്കലാക്കി. നേരെ, അയൂബുമായി ഫിറോസിന്റെ വീട്ടില്‍ എത്തി. പരിചയക്കാര്‍ വിളിച്ചതിനാല്‍ ഫിറോസ് പുറത്തിറങ്ങി. നെഞ്ചില്‍ ആഞ്ഞ് കുത്തി. റാഷിദിന്റെ പകയോടെയുള്ള ആ ഒറ്റക്കുത്തില്‍ ഫിറോസ് മരിച്ചുവീണു. 


കണ്ണൂരിലേയ്ക്കു മുങ്ങി

കൊലപാതകത്തിനു ശേഷം രണ്ടു പേരും കണ്ണൂരിലേയ്ക്കാണ് മുങ്ങിയത്. കുന്നംകുളം എ.സി.പി: ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഫിറോസ് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

Post a Comment

0 Comments