ഇടക്ക് ബോധം വന്നപ്പോൾ ഡോക്ടർമാർ ഉറങ്ങരുതെന്ന് പറയുന്ന കേട്ടു , എന്നാൽ എന്റെ കണ്ണുകൾ അടയാൻ തുടങ്ങി ; മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ കുറിപ്പ്

 


മരണം മുന്നില്‍ കണ്ട് പിന്നീട് ജീവിതത്തിലേക്ക് തിരികെ ചേക്കേറിയ പലരുടേയും അനുഭവ കഥകള്‍ നാം കേട്ടിട്ടുണ്ട്.ഗര്‍ഭിണിയായിരിക്കെ പെട്ടന്ന് വയറുവേദന വന്നതും പിന്നീട് ആശുപത്രിയിലെ നീണ്ട നാളുകളും വിവരിച്ച് കൊണ്ട് ആതിരാ രാജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

”7 മാസത്തിനു മുമ്പൊരു പുലർച്ചെ 8 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എനിക്ക് പെട്ടെന്ന് വയറുവേദനിക്കാൻ തുടങ്ങിയത്. ഉടൻ തന്നെ ഞങ്ങൾ പത്തനംതിട്ടയിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെത്തി.കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ എന്റെ അരികിലെത്തി റിപ്പോർട്ടുകൾ പരിശോധിക്കുകയും തുടർന്ന് ഇവിടെ പറ്റില്ലെന്നും കുഞ്ഞിനെ വേഗം പുറത്തെടുക്കണമെന്നും മാസം തികയാത്തത് കൊണ്ട് നല്ല ബേബികെയർ ഫെസിലിറ്റി ഉള്ള ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.ഉടനെ ഞങ്ങൾ അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ലൈഫ് ലൈനിൽ എത്തിയ ഉടൻ തന്നെ എനിക്ക് ഫിറ്റ്സ് വരികയും ബോധം പോവുകയും ചെയ്തു.ഉടനേ ICU വിലേക്ക് മാറ്റി.എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങളുടെ മാതാപിതാക്കൾ പരിഭ്രാന്തരായി.ബിപി ഒരുപാട് കൂടുതൽ ആയിരുന്നു.അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്ന ബിപി നിയന്ത്രിക്കാൻ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടത് അനിവാര്യമായിരുന്നു. അതോടെ ലൈഫ് ലൈനിലെ ഡോക്ടർമാർ എത്രയും വേഗം സിസേറിയൻ ചെയ്യുവാനുള്ള ഒരുക്കങ്ങൾ നടത്തി.

പക്ഷെ ഇടയ്ക്കിടെ ഫിറ്റ്സ് വന്നുകൊണ്ടിരുന്നു ഒപ്പം ശ്വസിക്കുവാൻ ബുദ്ധിമുട്ടും. ഇടയ്ക്ക് എനിക്ക് ബോധം വന്നപ്പോൾ എന്റെ അരികിൽ ഡോക്ടർമാരും നഴ്സ്മാരും നിൽക്കുന്നത് ഒരു പുകമറയ്ക്കുള്ളിലെന്നപോലെ ഞാൻ കണ്ടു.അവർ എന്നെ ആവർത്തിച്ചു വിളിച്ചു കൊണ്ടേയിരുന്നു.കണ്ണുകൾക്ക് മുകളിൽ വല്ലാത്ത ഭാരം എനിക്ക് അനുഭവപ്പെട്ടു.ഉറക്കം വരുന്നത് പോലെ ഒരു തോന്നൽ .എന്റെ കണ്ണുകൾ അടയാൻ തുടങ്ങി.ഉറങ്ങരുത് ആതിരാ കണ്ണ് തുറന്നു പിടിക്ക്… കവിളിൽ തട്ടിക്കൊണ്ടു ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നു.അടയാൻ തുടങ്ങുന്ന കണ്ണുകൾ വലിച്ചു തുറന്ന് ഞാൻ എല്ലാവരെയും നോക്കി. പിന്നെ എന്റെ കണ്ണുകൾ താനെ അടഞ്ഞു.കുറെ തവണ വിളിച്ചിട്ടും എന്റെ ഭാഗത്ത്‌ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ഇടതു കൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടമാവുകയും ചെയ്തു.അതോടെ, എന്റെ ആരോഗ്യനില കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അവിടത്തെ സൗകര്യങ്ങൾ കുഞ്ഞിനെ സംരക്ഷിക്കുവാൻ മാത്രമേ പര്യാപ്തമാവുകയുള്ളുവെന്നും എത്രയും വേഗം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ മാത്രമേ എന്നെ രക്ഷപ്പെടുത്തുവാൻ കഴിയുകയുള്ളൂ എന്നും അവർ അറിയിച്ചു.

അപ്പോഴേക്കും സമയം വൈകിട്ട് 3 മണിയോടടുത്തിരുന്നു. എറണാകുളത്തായിരുന്ന എന്റെ ഭർത്താവ് കുട്ടേട്ടനും അപ്പോഴേക്കും അവിടെയെത്തി.ICU ആംബുലൻസിൽ എന്നെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിൽ എത്തിച്ചു.നേരത്തെ അറിയിച്ചതനുസരിച്ച് ഡ്യൂട്ടി കഴിഞ്ഞു പോയ അവിടത്തെ ഗൈനക്കോളജിസ്റ്റായ കുരുവിള ഡോക്ടർ അടൂർ നിന്ന് എമർജൻസി വരുന്നതറിഞ്ഞു തിരികെ എത്തി ഒരു കൂട്ടം ഡോക്ടർമാരുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.മരണത്തിന്റെ വക്കിലെത്തി നിന്നിരുന്ന എന്നെ അവർ ഏറ്റുവാങ്ങി.എമർജൻസി ആയതിനാൽ ഡിപ്പാർട്മെന്റ് ഹെഡ് ആയ കുഞ്ഞമ്മ ഡോക്ടറും എത്തിയിരുന്നു.അവിടെ വെച്ച് നടത്തിയ ടെസ്റ്റുകളിൽ നിന്നും എന്റെ ബ്രെയിനിൽ ബ്ലഡ്‌ ക്ലോട്ട് ആയതായും ബ്രെയിനിന്റെ പ്രധാന ഭാഗങ്ങൾക്ക് ക്ഷതം സംഭവിച്ചതായും ഒപ്പം കരൾ,കിഡ്‌നി തുടങ്ങിയ ആന്തരികാവയവങ്ങൾക്കും എന്തൊക്കെയോ തകരാറുകൾ സംഭവിച്ചതായും കണ്ടെത്തി.

ബിപി വീണ്ടും വീണ്ടും കൂടി കൊണ്ടിരുന്നു.രണ്ടും കൽപ്പിച്ച് ചെയ്ത സർജറിയിലൂടെ എന്റെ കുഞ്ഞുവാവ പുറത്തെത്തി .ഒരു കുഴപ്പവും ഇല്ലാതെ.തുടർ ദിവസങ്ങളിൽ ഒരുപാട് രക്തം ആവശ്യമായി വന്നു.തുടർന്ന്‌ എന്റെ അവസ്ഥ അതീവ ഗുരുതരമായതോടെ മെഡിക്കൽ ICU വിൽ വെന്റിലേറ്ററിലേക്ക് മാറ്റി.ആന്തരികാവയവങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചിരുന്നു.മിടിപ്പില്ലാത്ത ഹൃദയവും ചലനമില്ലാത്ത ശരീരവും വെന്റിലേറ്ററിൽ നില നിൽക്കുന്ന ജീവനുമായി ഞാൻ മരണത്തോട് മല്ലിട്ടു. ദിവസങ്ങളോളം. എല്ലാത്തിനെയും ഞാൻ അതിജീവിക്കുമെന്ന് ഉറപ്പ് തരാൻ കഴിയാതെ ഡോക്ടർമാരും.പരിഭ്രാന്തരായി കണ്ണീരോടെ എന്റെയും കുട്ടേട്ടന്റെയും കുടുംബവും.വീട്ടിൽ ആരമ്മ കുഞ്ഞു വാവയെയും കൊണ്ട് വരുന്നതും കാത്ത് ഒന്നുമറിയാതെ എന്റെ പൊന്നോമന കുഞ്ഞായിയും.വലിയ പ്രതീക്ഷകൾ വേണ്ടെന്നുള്ള ഡോക്ടർമാരുടെ വാക്കുകൾ എന്റെ അമ്മയിൽ നിന്ന് മറച്ചു വെച്ച് ആശ്വസിപ്പിക്കാനും മനസിന്റെ വിങ്ങൽ അടക്കിപ്പിടിക്കാനും കുട്ടേട്ടൻ നന്നേപാടുപെടുന്നുണ്ടായിരുന്നു.

MICU വിന്റെ മുമ്പിൽ അമ്മയും കുട്ടേട്ടനും കാത്തിരുന്നു പ്രാർഥനയോടെ .അതിലേറെ പ്രതീക്ഷയോടെ.പ്രതീക്ഷകൾ ഒന്നുമില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു എല്ലാവരുടെയും ഉള്ളിലൊരു നൊമ്പരമായി എന്റെ നില മാറ്റമില്ലാതെ തുടർന്നു.ഗൈനക്കോളജി,നെഫ്രോ, ന്യുറോ, ഫിസിയോതെറാപ്പി തുടങ്ങിയ ഡിപ്പാർട്മെന്റുകളിലെ മുഴുവൻ ഡോക്ടർമാരും ഊണും ഉറക്കവുമില്ലാതെ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു.എല്ലാ ശ്രമങ്ങളും പാഴാകും എന്ന സ്ഥിതിയിലെത്തിയപ്പോൾ അവർ തങ്ങളുടെ അറിവും വിശ്വാസവും കൂട്ടിക്കലർത്തി.ദൈവത്തെ മുറുകെ പിടിച്ചു.കുഞ്ഞമ്മ ഡോക്ടർ 3 ദിവസത്തെ ഉപവാസപ്രാർത്ഥന തുടങ്ങി.ഞങ്ങളുടെ കുടുംബം പ്രാർത്ഥനകൾ തുടർന്നുകൊണ്ടേയിരുന്നു .

Post a Comment

0 Comments