''ഉമ്മക്ക് ഇവിടെ നില്‍ക്കണ്ട മോനേ.. ഉമ്മയെ എത്രയും വേഗം നാട്ടിലേക്ക് അയക്കൂ'' ; മരുമകളുടെ മര്‍ദനേമേറ്റ് മരിച്ച അമ്മായിയമ്മയുടെ അവസാന വാക്കുകൾ

 


അബുദാബിയില്‍ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.63കാരിയായ റൂബി മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അബുദാബി ഗയാത്തിയിലാണ് സംഭവം നടന്നത്.റൂബിയുടെ മകന്‍ സജ്ഞു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് ഷജനയെ വിവാഹം കഴിച്ചത്.

ജനുവരി 25ന് ഓൺലൈനിലൂടെയാണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജ്നയെ നിക്കാഹ് ചെയ്തത്. പിന്നീട് ഷജനയെയും റൂബിയെയും സജ്ഞു സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരുകയായിരുന്നു.നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ ഗയാതിയില‍െ ഒരു എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു .വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മരുകളുടെ അടിയേറ്റാണ് റൂബി മരിച്ചത്.

സഞ്ജുവിന്റേയും ഷജ്‌നയുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. ഫെബ്രുവരി 11ന് ഷജ്‌നയും റൂബിയും സന്ദര്‍ശക വിസയില്‍ അബുദാബിയില്‍ എത്തിയതില്‍പ്പിന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. റൂബിയായിരുന്നു എന്നും ഭക്ഷണം ഉണ്ടാക്കിയിരുന്നത്. തനിക്കും ഷജ്‌നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തരുമായിരുന്നെന്നും ഭാര്യയ്ക്ക് അത് പക്ഷേ ഇഷ്ടമായിരുന്നില്ല എന്നും സഞ്ജു പറയുന്നു. തന്നെ ഉമ്മ പാചകം ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ഷജ്‌നയുടെ പരാതി.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കൊലപാതകത്തിന് ഇടയാക്കിയ സംഭവം നടക്കുന്നത്. രണ്ട് ദിവസമായി ഭാര്യയും ഉമ്മയും തമ്മില്‍ സംസാരിക്കാത്തത് ശ്രദ്ധിച്ച സജ്ഞു ഇരുവരോടും ഇതേക്കുറിച്ച് ചോദിച്ചു. ഇതിനിടെ ഷജ്‌ന പ്രകോപിതയായി. തുടര്‍ന്ന് റൂബിയെ ചവിട്ടി നിലത്തിടുകയും ചെയ്തു. ബഹളം കേട്ട് അടുത്തുള്ളവര്‍ വന്ന് വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനായി സജ്ഞു പോയ സമയത്ത് റൂബിയുടെ മുടിയില്‍ പിടിച്ച് ഷജ്‌ന തറയില്‍ അടിക്കുകയായിരുന്നു.’ എനിക്ക് ഇവിടെ നില്‍ക്കണ്ട മോനേ…എത്രയും വേഗം എന്നെ നാട്ടിലേക്ക് അയക്കൂ’ എന്നാണ് അവസാനമായി ആ ഉമ്മ തന്റെ മകനോട് പറഞ്ഞത്.കുറച്ച് കഴിഞ്ഞപ്പോഴേക്കും റൂബി അബോധാവസ്ഥയിലാവുകയും ചെയ്തു. പിന്നീട് പൊലീസ് സംഭവ സ്ഥലത്ത് എത്തി മരണം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്ക് മാറ്റി. ഷജ്‌നയെ പൊലീസ് അറസ്റ്റ് ചെയ്തു.

റൂബിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഖബറടക്കം കബറടക്കം ഏലൂർ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ നടക്കും. തനിക്കിനി ആരുമില്ല എന്നും ഈ ലോകത്ത് ഒറ്റയ്ക്കായിപ്പോയി എന്നും പറഞ്ഞ് അബുദാബി നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗയാത്തിയിലെ തമാസ സ്ഥലത്തിരുന്ന് വിലപിക്കുന്ന സജ്ഞുവിനെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് സുഹൃത്തുക്കള്‍. ഉപ്പ മരിച്ചതിന് ശേഷം സജ്ഞുവിന് എല്ലാം തന്റെ ഉമ്മയായിരുന്നു.ആ ഉമ്മ തന്റെ ഭാര്യയുടെ മര്‍ദ്ദനമേറ്റ് മരിച്ചു എന്ന വാര്‍ത്ത അദ്ദേഹത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.ആദ്യ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയായിരുന്നതിനാലാണ് വിവാഹ മോചനം നേടിയത് എന്നാണ് ഷജ്‌ന തന്നോട് പറഞ്ഞിരുന്നതെന്ന് സജ്ഞു പറഞ്ഞു.പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദാലി ആണ് റൂബിയുടെ ഭർത്താവ്. മകൾ സ്മേര.അമ്മായിയമ്മ- മരുമകള്‍ വഴക്കുകള്‍ സര്‍വ്വസാധാരണമാണെങ്കിലും ഇതുപോലുള്ള അക്രമങ്ങളും മരണങ്ങളും അപൂര്‍വ്വമാണ്.

Post a Comment

0 Comments