തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ നടപടിയിൽ കേരളം ഏറ്റവും ഒടുക്കം ഇടഞ്ഞിരിക്കുന്നത് എച്ച് എൽ എല്ലിന്റെ പേരിലാണ്. കുടുംബാസൂത്രണത്തിന്റെ ഭാഗമായി 55 വർഷം മുൻപ് ഇന്ത്യയിൽ ആരംഭിച്ച ഒരു കോണ്ടം നിർമ്മാണ കമ്പനിക്ക് വേണ്ടി കേരളം എന്തിനാണ് ഇങ്ങിനെ വാശിപിടിക്കുന്നത്?
കോണ്ടം മാത്രമാണോ എച്ച് എൽ എൽ ഉൽപ്പാദിപ്പിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. ഏഴ് പതിറ്റാണ്ട് കൊണ്ട് കേരളത്തിന് പുറത്തേക്ക് വളർന്നു പന്തലിച്ച ഈ സ്ഥാപനത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ പ്രധാനപ്പെട്ടതാണ്.
എച്ച് എൽ എൽ കഥ ഇതുവരെ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 'ചെറിയ കുടുംബം സന്തുഷ്ട കുടുംബം' എന്ന ദേശീയ കുടുംബാസൂത്രണ പദ്ധതിയ്ക്ക് രൂപം നൽകിയത് 1950 കളിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗർഭ നിരോധന ഉറകൾക്ക് പ്രചാരമേറുന്നത്. ഇവ പൊതുമേഖലയിൽ തന്നെ നിർമ്മിച്ച് വിതരണം ചെയ്യാനായിരുന്നു ആദ്യത്തെ തീരുമാനം. പ്രകൃതിദത്ത റബ്ബർ ലാറ്റക്സ് കോണ്ടം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എച്ച് എൽ എൽ പ്രവർത്തനം തുടങ്ങുന്നത്. 1966 മാർച്ച് 1 നായിരുന്നു ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് 144 ദശലക്ഷം വാർഷിക ഉൽപ്പാദന ക്ഷമതയോടെ ആരംഭിച്ച എച്ച് എൽ എൽ അഞ്ചര പതിറ്റാണ്ട് കാലത്തിൽ രാജ്യത്തെ അപൂവം മിനി രത്ന കമ്പനികളുടെ പട്ടികയിൽ വരെ ഇടംപിടിച്ചു.
ഗർഭ നിരോധന മേഖലയിലെ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്ഥാപനമാണ് ഇന്ന് എച്ച് എൽ എൽ. രണ്ട് ബില്യൺ ഗർഭനിരോധന ഉറകളാണ് പ്രതിവർഷം എച്ച് എൽ എൽ ഇന്ന് നിർമിക്കുന്നത്. ആഗോള കോണ്ടം ഉൽപ്പാദനത്തിന്റെ 10 ശതമാനം വിപണി വിഹിതമാണ് എച്ച് എൽ എല്ലിനുള്ളത്. ലോകത്തെ കോണ്ടം ഉൽപ്പാദക കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ന് എച്ച് എൽ എല്ലാണ്. മൂഡ്സ് എന്ന വാണിജ്യ ഉൽപ്പന്ന ബ്രാന്റിന് പുറമെ 72 ഓളം ആരോഗ്യ പരിരക്ഷാ ബ്രാൻഡുകളും എച്ച് എൽ എൽ വിപണിയിലിറക്കുന്നുണ്ട്.
തുടക്കത്തിൽ ഗർഭ നിരോധന ഉറകൾ ഉൽപ്പാദിപ്പിച്ച് തുടങ്ങിയ എച്ച് എൽ എൽ ആരോഗ്യ സംരക്ഷണ രംഗത്ത് വിവിധ തരം ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് മുന്നോട്ട് പോയത് വളർച്ചയ്ക്ക് കാരണമായി. സ്ത്രീകൾക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ, ബ്ലഡ് കളക്ഷൻ ബാഗുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് എച്ച് എൽ എൽ കടന്നത് 1980 - 90 കാലഘട്ടത്തിലാണ്. 1985ൽ കർണാടകയിലെ കനഗലയിലും 1994ൽ തിരുവനന്തപുരത്തെ ആക്കുളത്തും എച്ച് എൽ എൽ പുതിയ ഫാക്ടറികൾ തുറന്നു. പിന്നീട് പല കാലങ്ങളിൽ പലതരം ഉൽപ്പന്നങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട് കൊച്ചി, ഐരാപുരം, കാക്കനാട്, ഇൻഡോർ, മനേസർ, ഭഗവൻപുർ എന്നിവിടങ്ങളിലെല്ലാം എച്ച് എൽ എൽ പുതിയ ഫാക്ടറികൾ തുറന്നു.
രാജ്യത്തിന് പുറത്തും ബിസിനസ്
എച്ച് എൽ എൽ ഉൽപ്പനങ്ങൾ 115 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന് തടസമില്ലാതെ ഗർഭനിരോധന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുക വഴി രാജ്യത്തിൻറെ ഗർഭനിരോധന സുരക്ഷാ ഉറപ്പാക്കുന്ന ദൗത്യമാണ് പ്രധാനമായും എച്ച് എൽ എല്ലിനുള്ളത്. 2000ത്തിന്റെ തുടക്കത്തിലാണ് എച്ച് എൽ എൽ ആരോഗ്യ സേവന മേഖലയിലേക്ക് കടന്നത്. അടിസ്ഥാന വികസനം, രോഗ നിർണയം, പ്രൊക്യൂർമെന്റ് കൺസൾട്ടൻസി, ആശുപത്രി നിർമ്മാണം, വാക്സീനുകൾ, മരുന്നുകൾ, റീസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് തുടങ്ങി ആരോഗ്യ രംഗത്തെ സർവ്വ മേഖലകളിലേക്കും എച്ച് എൽ എൽ കടന്നു. 2009 ജനുവരി 1 ൽ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് എന്ന പുതിയ പേര് സ്വീകരിച്ചായി പ്രവർത്തനങ്ങൾ.

0 Comments