ജയസൂര്യയുടെ അത്ഭുത വീട് ; മലയാളത്തിലെ മറ്റൊരു സിനിമാതാരത്തിനും ഇങ്ങനെയൊരു വീട് ഉണ്ടാകാനിടയില്ല!

 


മലയാള സിനിമയില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് ജയസൂര്യ.2001ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത് കൊണ്ട് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2002ല്‍ വിനയന്‍ സംവിധാനം ചെയ്ത ”ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍” എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

തുടര്‍ന്നിങ്ങോട്ട് നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.കത്തനാര്‍, ഈശോ, ആവാസ് സുനോ, ജോണ്‍ ലൂഥര്‍ എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍ . തന്റെ സിനിമാ തിരക്കുകള്‍ക്കിടയിലും വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് താരം ഇപ്പോള്‍.എന്താണ് ആ സര്‍പ്രൈസ് എന്നറിയണ്ടേ… എറണാകുളം കടവന്ത്രയില്‍ പുതുമയുള്ള ഒരു വീട് വാങ്ങിച്ചിരിക്കുകയാണ് ജയസൂര്യ. കെട്ടിലും മട്ടിലും കൗതുകമുണര്‍ത്തുന്ന ഒരു മനോഹരമായ വീട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയിട്ട, ഏകദേശം 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഒരു വീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സിനിമാ തിരക്കുകളില്‍ നിന്നും മാറി റിലാക്‌സ് ആയി ചെലവഴിക്കാനുള്ള രീതിയിലാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. പുറത്തെ എല്ലാ ബഹളങ്ങളില്‍ നിന്നും മാറി ധ്യാനത്തില്‍ എന്ന പോലെ കുറച്ച് ദിവസം സ്വസ്ഥമായി ചെലവഴിക്കാന്‍ ഒരു സ്ഥലം വേണമെന്നാണ് ജയസൂര്യ ഡിസൈനര്‍ മനോജ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നത്.വീട്ടിലെത്തുന്നവര്‍ക്കെല്ലാം ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കത്തക്ക തരത്തിലാണ് ഇതിന്റെ ഇന്റീരിയര്‍ ഒറുക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ ബുദ്ധ തീമിലുള്ള ജയസൂര്യയുടെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലേത് പോലെ ഇവിടെയും ബുദ്ധ തീം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

പഴയ വീടിനെ എസി ഷീറ്റ് കൊണ്ട് പൊതിഞ്ഞതാണ് പുറം കാഴ്ചയിലെ മുഖ്യ ആകര്‍ഷണം. ഇതുമൂലം തീര്‍ത്തും വ്യത്യസ്ഥമാര്‍ന്ന രൂപ മനോഹാരിതയാണ് വീടിന് ലഭിക്കുന്നത്. ചുറ്റുമതില്‍ വയര്‍ മെഷില്‍ മെറ്റല്‍ വിരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന വീട് ആണിത്.ഈ പുതിയ വീട് പണിതിരിക്കുന്നത് ഇടുങ്ങിയ അകത്തളങ്ങളുണ്ടായിരുന്ന പഴയ വീടിനെ മൊത്തത്തില്‍ പരിഷ്‌ക്കരിച്ച് കൊണ്ടാണ്. 2200 അടി ചതുരശ്രയടിയുള്ള വീട് ആണിത്. ലിവിങ്, രണ്ട് കിടപ്പ് മുറികള്‍, കിച്ചന്‍, ഹോം തിയ്യറ്റര്‍, റിലാക്‌സിംങ് എന്നിവയാണ് വീട്ടിലുള്ളത്.

സ്വീകരണമുറിയിൽ നിലത്ത് ലാമിനേറ്റഡ് വുഡ് വിരിച്ചു. ബാക്കിയിടങ്ങളിൽ പഴയ മാർബിൾ പോളിഷ് ചെയ്തെടുത്തു. ഫർണിച്ചറുകൾ റെഡിമെയ്ഡ് വാങ്ങി.കിടപ്പുമുറിയുടെ ചുവരുകളിൽ റസ്റ്റിക് സിമന്റ് ഫിനിഷ് ലഭിക്കുന്ന ടെക്സ്ചർ ഉപയോഗിച്ചു. വ്യത്യസ്ഥത പുലര്‍ത്തുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ വീടിനുള്ളില്‍ ഡോള്‍ബി ശബ്ദ മികവിലുള്ള ഒരു ഹോം തിയേറ്റര്‍ ഒരുക്കിയിട്ടുള്ളതാണ്‌.പ്രധാന ഗേറ്റിന് പുറമേ ഒരു വിക്കറ്റ് ഗേറ്റും വീടിനുണ്ട്. വിക്കറ്റ് ഗേറ്റ് തുറന്നാല്‍ റോഡില്‍ നിന്നും ആളുകളെ ശ്രദ്ധ പോകുന്നത് ബുദ്ധരൂപത്തിലേക്കാണ്. ജയസൂര്യ വീടിന് നല്‍കിയിരുന്ന പേര് ബോധി എന്നാണ്. എന്തായാലും കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന വീടാണ് ബോധി എന്ന് നിസ്സംശയം പറയാം…

Post a Comment

0 Comments