പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുൾപ്പെടെയുള്ള പുതിയ ലൈംഗികരീതികൾ കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നു. മലയാളിയുടെ മാറുന്ന ലൈംഗികതാൽപര്യങ്ങൾ അപകടകരമാണോ? ഡോ. ഡി. നാരായണ റെഡ്‌ഡി ഉൾപ്പെടെ 25 പ്രമുഖരായ സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സെക്സോളജിസ്റ്റുകളും പങ്കെടുക്കുന്ന സർവേ
ചില സംഭവങ്ങള്‍ അല്ലെങ്കിൽ വാർത്തകൾ അവ സാധാരണ വാർത്താപ്രാധാന്യത്തിനപ്പുറം, മാറുന്ന സമൂഹത്തിന്റെ സൂചകങ്ങളായി മാറാറുണ്ട്. ചിലപ്പോഴത് മാറ്റത്തിന്റെ പടഹധ്വനിയായി മാറും – കോട്ടയത്തിനടുത്ത് ഭാര്യാഭർത്താക്കന്മാർ പരസ്പരം മാറി രസിക്കുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നെന്ന വാർത്ത അങ്ങനെയൊന്നായിരുന്നു. ഈ ഗ്രൂപ്പിൽപ്പെട്ട ഒരു സ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചതോടെയാണ് വിഷയം പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയത്.
ഇണകളെ, പ്രത്യേകിച്ച് ഭാര്യമാരെ കൈമാറുക; അതിനായി താക്കോൽ തിരഞ്ഞെടുക്കൽ പോലുള്ള രീതികൾ നടപ്പാക്കുക. ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിനും തുടരുന്നതിനും പ്രത്യേക ചട്ടങ്ങളും നിയമാവലിയും. ഇതൊക്കെ മലയാളിക്ക് കേട്ടുകേൾവി മാത്രമായിരുന്നു. ഈ കേസിൽ പരാതി ഉണ്ടായതുകൊണ്ടു മാത്രമാണ് നടപടിയെന്നും സദാചാര പോലീസാകാൻ കേരള പൊലീസ് തയാറല്ലെന്നുമുള്ള ഒരു വനിതാ പൊലീസ് ഓഫീസറുടെ മറുപടിയും പ്രത്യേകം ശ്രദ്ധിക്കണം. അടിമുടി മാറുന്ന മലയാളിയുടെ ലൈംഗികസമീപനങ്ങളുടെയും രീതിയുടെയും സദാചാരബോധത്തിന്റെയും ദൃഷ്ടാന്തമായി വേണം ഇതിനെ കാണാൻ.
മാറുന്ന മോഹങ്ങൾ
സെക്സ്– മലയാളിയുടെ മാറുന്ന മോഹങ്ങൾ, താൽപര്യങ്ങൾ, സമീപനങ്ങൾ എന്ന വിഷയത്തിൽ വിശദമായൊരു പഠനം – സർവേ നടത്താൻ മനോരമ ആരോഗ്യം തീരുമാനിച്ചതിന്റെ ഭാഗമായി മലയാളിയുടെ ലൈംഗിക സമീപനങ്ങളെ തൊട്ടറിഞ്ഞിട്ടുള്ള 25 മനോരോഗ–മനശ്ശാസ്ത്ര – ലൈംഗികരോഗ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനത്തിന്റെ പ്രസക്തി അവിടെയാണ്. ലൈംഗിക ഫാന്റസിയും കാഴ്ചയിലെ പുതുമ തേടലും, സെക്സു തേടാൻ യാത്രകൾ, ഏതുതരം ലൈംഗിക രീതിയും സ്വീകാര്യമാക്കുക. പുരുഷനും സെക്സ് ടോയ്സ് ഉപയോഗിക്കുക, വെർച്വൽ സെക്സിനോടുള്ള താൽപര്യം, ഒന്നിലധികം സെക്സ് പാർട്ട്നേഴ്സിനോടുള്ള താൽപര്യം. ഹോമോസെക്സിന് കിട്ടുന്ന പിന്തുണ, കൗമാരക്കാരിലെ രതി– ചൂഷണ പ്രശ്നങ്ങൾ, സെക്സ് വിഡിയോകൾ വ്യാപകമായി പ്രചരിക്കപ്പെടുക തുടങ്ങിയ 10 ഓളം പ്രവണതകളാണ് സർവേയിൽ ഉയർന്നു വന്നത്.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിഭാഗം മുൻ മേധാവി കൂടിയായ ഡോ. സുബാഷ് പറയുന്നത് ലൈംഗികതയിലുള്ള ഭൂരിപക്ഷം മാറ്റങ്ങളെയും മാറുന്ന സദാചാര സാമൂഹ്യ സാഹചര്യങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തലത്തിൽ കണ്ടാൽ മതിയെന്നാണ്. സൈക്കോപതോളജിക്കൽ ആയ മാറ്റങ്ങൾ കുറവാണ് ഇക്കാര്യത്തിൽ. ധാർമിക സങ്കല്പങ്ങളിലെ മാറ്റം പ്രധാനമാണ്. ലിവിങ് ടുഗദർ, ഹോമോ സെക്‌ഷ്വാലിറ്റി തുടങ്ങിയവയുടെ കാര്യത്തിൽ ധാർമിക അപചയമെന്നൊന്നും ഇന്നു പറയാനാകില്ല. ആളുകളുടെ തിരഞ്ഞെടുപ്പാണത്. പലരും സാഹചര്യങ്ങൾക്കനുസരിച്ച് മാറും. ലൈംഗിക വൈകൃതം എന്ന് കരുതിയാൽ സ്ത്രീക്കു നിരസിക്കാൻ അവകാശമുണ്ട്.

0 Comments