‘ചാകാൻ കിടക്കുന്നവനാണോടാ പെണ്ണ്’ എന്ന് ചോദിച്ചു കളിയാക്കിയവരുണ്ട്; കനീഷിന് വൃക്കയ്ക്ക് പകരം സ്വന്തം ജീവിതം പകുത്തുനൽകിയ സിനി, അപൂർവ പ്രണയകഥ

 


പ്രണയത്തിനു കണ്ണില്ല, കാതില്ല, യുക്തിയില്ല.! പക്ഷേ, ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഉൾക്കരുത്തുണ്ട്. കാരണം എന്താണെന്ന് അറിയുമോ? ഉള്ളിൽ ഉലയാതെ ജ്വലിച്ചു നിൽക്കുന്ന സ്നേഹം. ലോകം മുഴുവൻ വിട്ടുകളയാൻ പറഞ്ഞാലും തിരയും തീരവും പോലെ അവ പരസ്പരം പുണർന്നു കൊണ്ടിരിക്കും.

 'ഇതു മതി, ഇതുമാത്രം മതി, ഇതില്ലാതെ കഴിയില്ല' എന്ന് ഹൃദയം മന്ത്രിക്കുന്നത് കേൾക്കാതിരിക്കാൻ കഴിയില്ലല്ലോ.! സിനിയെ ആദ്യമായി കാണാൻ പോകുമ്പോൾ കനീഷും കരുതിക്കാണും, 'കൊച്ചുപെൺകുട്ടിയുടെ മനസ്സാണ്, പക്വതയില്ലായ്മയാണ്.. പറഞ്ഞു തിരുത്താം. ജീവിതമാണോ മരണമാണോ ദൈവം തനിക്ക് വിധിച്ചതെന്ന് അറിയില്ല. അതിനിടയിൽ ഒരു പെൺകുട്ടിയുടെ കണ്ണുനീർ വീഴാൻ താൻ കാരണമാകരുത്.' പക്ഷേ, കനീഷിനെ  ഞെട്ടിച്ചുകൊണ്ട് സിനി പറഞ്ഞു, 'ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും എനിക്ക് അണ്ണന്റെ ഒപ്പം മതി.'

രണ്ടു വൃക്കകളും പരാജയപ്പെട്ട കായംകുളം കരിയിലകുളങ്ങര സ്വദേശിയായ കനീഷിന് സ്വന്തം വൃക്ക നൽകാൻ ആഗ്രഹിച്ചെത്തിയതാണ് കൊട്ടാരക്കര സ്വദേശിനിയായ സിനി. പക്ഷെ, വൃക്കയ്ക്ക് പകരം പകുത്തുനൽകിയത് സ്വന്തം ജീവിതമാണെന്ന് മാത്രം. ഇന്ന് ഇരുവരും പ്രണയത്തിന്റെ പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. കനീഷിനും സിനിയ്ക്കും കൂട്ടായി അഞ്ചു വയസ്സുള്ള മകൻ തേജസും ഒപ്പമുണ്ട്. ഈ പ്രണയദിനത്തിൽ വിധി പകർന്നു നൽകിയ 'മധുരം' വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സിനിയും കനീഷും. 



പറന്നിറങ്ങിയ 'ബ്യൂട്ടിഫുൾ ബട്ടർഫ്ലൈ' 

കെഎസ്ആർടിസിയുടെ ആലപ്പുഴ ഡിപ്പോയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന കാലത്താണ് അണ്ണന് അസുഖം വരുന്നത്. രണ്ടു വൃക്കകളും തകരാറിലായതോടെ സഹായം അഭ്യർഥിച്ചുകൊണ്ട് ഒരു ആഴ്ചപ്പതിപ്പിൽ അണ്ണന്റെ കഥ അച്ചടിച്ചു വന്നു. 2011 ലാണ് സംഭവം. അന്നു ഞാൻ അടൂരിൽ അയാട്ട പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഒരു നല്ല ചെറുപ്പക്കാരൻ, രണ്ടു കിഡ്നിയും പോയി സഹായിക്കണം എന്നപേക്ഷിച്ചു കൊണ്ടുള്ള വാർത്ത കണ്ടപ്പോൾ എനിക്ക് വിഷമമായി. അന്ന് അണ്ണന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇന്നും 40 ശതമാനം മാത്രമാണ് കാഴ്ചശക്തി. 

വാർത്തയ്‌ക്കൊപ്പം അണ്ണന്റെ ഫോട്ടോയും അഡ്രസും ഉണ്ടായിരുന്നു. 'വേഗം അസുഖം മാറും, വിഷമിക്കേണ്ട' എന്നുപറഞ്ഞ് ആ വിലാസത്തിലേക്ക് ഞാൻ ആദ്യമായി ഒരു കത്തെഴുതി. അന്നുതന്നെ അണ്ണനോട് എന്തോ പ്രത്യേകത തോന്നിയിരുന്നു, എന്നാലത് പ്രണയം ആയിരുന്നില്ല. എന്റെ പേരോ, അഡ്രസ്സോ ഒന്നും സൂചിപ്പിക്കാതെ 'ബ്യൂട്ടിഫുൾ ബട്ടർഫ്ലൈ' എന്ന പേരിലാണ് കത്തുകളെഴുതിയത്. അങ്ങനെ എഴുത്തുകൾ അയക്കുന്നത് പതിവായി. 

അന്ന് ഓർക്കൂട്ടിന്റെ കാലമായിരുന്നു. ഒരെഴുത്തിൽ എന്റെ ഓർക്കൂട്ട് ഐഡി കൂടി പങ്കുവച്ചതോടെ അണ്ണന്റെ ഒരു ബന്ധുവിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നു. അദ്ദേഹത്തിൽ നിന്ന് അണ്ണന്റെ ഫോൺ നമ്പർ ഞാൻ സംഘടിപ്പിച്ചു. പിന്നെ വിളിച്ചു തുടങ്ങി, കുറെയേറെ സംസാരിച്ചു. ഞങ്ങൾക്കിടയിലെ സ്നേഹം പതിയെ പ്രണയമായി മാറി. 

Post a Comment

0 Comments