അസാമാന്യമായ നൃത്ത വൈഭവം കാഴ്ച്ച വെച്ചിരുന്ന സ്വര്‍ണ തോമസിനെ ആരും പെട്ടന്ന് മറക്കാനിടയില്ല. റിയാലിറ്റി ഷോയിലൂടെ നമുക്കെല്ലാം സുപരിചിതയായി മാറിയ സ്വര്‍ണയെത്തേടി തുടര്‍ന്ന് സിനിമയിലേക്കും മോഡലിംങിലേക്കും അവസരം വരുകയായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ അപകടം സംഭവിച്ചതോടെ പെട്ടന്ന് സ്വര്‍ണ ലൈം ലൈറ്റില്‍ നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു.
എന്നാല്‍ തന്നെ കീഴ്‌പ്പെടുത്തിയ അപകടത്തില്‍ നിന്നും ശക്തിയോടെ തിരിച്ച് വരുകയാണ് സ്വര്‍ണ തോമസ് ഇപ്പോള്‍.2013 ജൂണ്‍ 13 ആണ് സ്വര്‍ണയുടെ ജീവിതത്തിലെ കറുത്ത ദിനം.അന്ന് 18 വയസ്സായിരുന്നു അവളുടെ പ്രായം. ഡാന്‍സിന് പുറമേ അഭിനയത്തിലും തിളങ്ങിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അന്ന് തന്റെ അനിയന്‍ വിളിക്കുന്നതായി തോന്നിയ സ്വര്‍ണ 5-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് എത്തി നോക്കി. പൊടുന്നനെ കാല്‍ വഴുതി താഴേക്ക് വീണു. തലയിടിച്ചില്ല, ബോധം പോയില്ല, രക്തം വന്നില്ല. എന്നാല്‍ നട്ടെല്ല് പൊട്ടുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ദുഷ്‌കരമാവുകയും ചലനശേഷി നഷ്ടമാവുകയും ചെയ്തു. പതിയെ അവള്‍ അബോധാവസ്ഥയിലായി.
പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ബോധം തിരികെ കിട്ടിയത്. ബോധം വന്നപ്പോൾ അവള്‍ തിരിച്ചറിഞ്ഞിരുന്നു ചലനശേഷി നഷ്ടപ്പെട്ടുവെന്ന്. സംസാരിക്കാൻ കഴിയില്ലെന്നതിനാൽ ഒരു പേപ്പറും പേനയും സ്വര്‍ണയ്ക്കായി ഡോക്ടർമാർ കരുതി വെച്ചിരുന്നു. ബോധം വന്നപ്പോൾ സ്വര്‍ണ എഴുതി ചോദിച്ചത് ഇനി നൃത്തം ചെയ്യാൻ കഴിയുമോ എന്നാണ്. അവരുടെ മുഖഭാവത്തിൽ നിന്ന് സ്വര്‍ണയ്ക്ക് കാര്യങ്ങൾ മനസിലായി. അന്ന് സങ്കടം സഹിക്കവയ്യാതെ തന്നെ ഒന്ന് വിഷം നൽകി കൊല്ലുമോ തനിക്ക് ഇനി ഇങ്ങനെ ജീവിക്കണ്ടയെന്ന് വരെ ഡോക്ടർമാരോട് ചോദിച്ചിരുന്നു. പിന്നീട് തിരിച്ച് വരാനുള്ള ശ്രമമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ചെറുതായി കാലുകൾ ചലിപ്പിക്കാൻ സാധിച്ചു. അന്ന് ഡോക്ടർമാർ ഒരു പ്രതീക്ഷ പറഞ്ഞു.ആശുപത്രിക്കിടക്കയില്‍ വെച്ച് ജീവിതം അവസാനിച്ചെങ്കിലെന്ന് ആഗ്രഹിച്ച സ്വര്‍ണ്ണ ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് മുബൈയിലേക്ക്. പിന്നീട് അതിശയകരമായ മാറ്റങ്ങളാണ് അവളുടെ ശരീരത്തില്‍ ഉണ്ടായത്. എഴുന്നേറ്റിരിക്കാന്‍ തന്നെ 5 വര്‍ഷം വേണ്ടിവരുമെന്ന് പറഞ്ഞ ഡോക്ടര്‍മ്മാര്‍ക്ക് മുന്നില്‍ അത്ഭുതമായി അവള്‍ 5 വര്‍ഷം കൊണ്ട് ഊന്നുവടി ഉപയോഗിച്ച് നടക്കാന്‍ തുടങ്ങി. നൃത്തവും വ്യായാമവും പതിയെ പുനരാരംഭിച്ചു.
മഴവിൽ മനോരമയിൽ ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സ്വർണ തന്റെ ജീവിതകഥകൾ വിവരിച്ചത്.കസേരയില്‍ ഇരുന്നും ഊന്നുവടി പിടിച്ചു നിന്നും സ്വർണ വേദിയിൽ നൃത്തം അവതരിപ്പിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. പുതിയ പരീക്ഷണമായാണ് ഇത്തരത്തിൽ നൃത്ത പ്രകടനങ്ങൾ ആരംഭിച്ചതെന്നു സ്വർണ പറയുന്നു. അപടകത്തെത്തുടർന്ന് അഭിനയം അവസാനിപ്പിച്ചപ്പോൾ നാല് മലയാള സിനിമകളും രണ്ട് തമിഴ് സിനിമകളുമാണ് സ്വര്‍ണയുടേതായുണ്ടായിരുന്നത്.താൻ അഭിനയിച്ച സിനിമകളൊന്നും അപകടത്തിനു ശേഷം സ്വർണ കണ്ടില്ല. അപ്പോഴുണ്ടാകുന്ന സങ്കടം താങ്ങാൻ പറ്റാത്തതുകൊണ്ടാണ് അതു വേണ്ടെന്നു വച്ചതെന്നു സ്വർണ പറയുന്നു.മുംബൈയിൽ ജനിച്ചു വളർന്ന സ്വർണ ഇപ്പോൾ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്.

0 Comments