അനുഗ്രഹീത ശബ്ദം കൊണ്ട് മലയാളിയുടെ സംഗീത ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ഗായകൻ. നമ്മുടെ സ്വന്തമായി മാറിയ എം.ജി ശ്രീകുമാറിനെ മലയാളികൾക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. ആ അനുഗ്രഹീത ശബ്ദം തിരിച്ചറിയാൻ ഏതൊരു മലയാളിക്കും ഏതു സാഹചര്യത്തിലും നിഷ്പ്രയാസം സാധിക്കും.
1957 മെയ് 25ന് ഗോപാലൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനായി ഹരിപ്പാട് ആയിരുന്നു എം ജി ശ്രീകുമാറെന്ന സംഗീത പ്രതിഭയുടെ ജനനം. സംഗീതം പാരമ്പര്യമായി പകർന്നു കിട്ടിയ കുടുംബമാണ് എം.ജി ശ്രീകുമാറിന്റേത് എന്നത് നമുക്കെല്ലാം പരിചിതമായ മറ്റൊരു കാര്യം. എം ജി യുടെ ചെറുപ്പകാലത്തുതന്നെ അദ്ദേഹത്തിന്റെ ജേഷ്ഠൻ എം.ജി രാധാകൃഷ്ണൻ മലയാള സിനിമ സംഗീതസംവിധാന രംഗത്തെ അറിയപ്പെടുന്ന കലാകാരനാണ്. സഹോദരി ഓമനക്കുട്ടി ടീച്ചർ ആണെങ്കിലോ കർണാടക സംഗീതജ്ഞയും സ്വാതിതിരുനാൾ സംഗീത കോളേജിലെ മുൻ പ്രിൻസിപ്പളും ആയിരുന്നു.
സംഗീതരംഗത്ത് സ്വന്തം കുടുംബത്തിൽ നിന്നുള്ള രണ്ടുപേർ ഉണ്ടായിട്ടും സംഗീതത്തിലേക്കുള്ള എം.ജി ശ്രീകുമാറിനെ വരവ് അത്ര എളുപ്പമായിരുന്നില്ല എന്നദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. കാരണം പ്രതിഭ തെളിയിച്ചാൽ മാത്രം നിലനിന്നു പോകാൻ ആകുന്ന ഒരു രംഗമാണ് സംഗീതം. അവിടെ സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും സ്ഥാനമില്ല. ചേർത്തല ഗോപാലൻ നായരുടെ കീഴിൽ ആയിരുന്നു എം ജിയുടെ ആദ്യ സംഗീത പഠനം. ആറു വർഷത്തിനു ശേഷം നെയ്യാറ്റിൻകര വാസുദേവൻ നായരുടെ കീഴിൽ സംഗീതം അഭ്യസിച്ചു തുടങ്ങി. എന്നാലും ചേട്ടൻ എം.ജി രാധാകൃഷ്ണൻ തന്നെയായിരുന്നു പ്രധാനഗുരു. 1984 ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെയാണ് എം.ജി ശ്രീകുമാറിന്റെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്കുള്ള ഗംഭീരമായ അരങ്ങേറ്റം.യേശുദാസ് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗം അടക്കി വാണിരുന്ന കാലത്ത് തന്റെ അനുഗ്രഹീതമായ ശബ്ദം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായ ഒരിടം എം.ജിശ്രീകുമാർ അധികം വൈകാതെ തന്നെ കണ്ടെത്തി.
പിന്നീടങ്ങോട്ട് എം.ജി ശ്രീകുമാർ എന്ന ഗായകന്റെ കാലമായിരുന്നു. ചിത്രം സിനിമയിലെ ഗാനങ്ങളിലൂടെ മോഹൻലാൽ – എം.ജി കൂട്ട്കെട്ട്,മലയാളം അതുവരെ കണ്ട ഏറ്റവും മികച്ച ഹിറ്റുകൾ പിറക്കാൻ കാരണമായി. യേശുദാസ് നോടുള്ള സംവിധായകൻ പ്രിയദർശൻ പരിഭവമാണ്, സത്യത്തിൽ ലാൽ -എംജി കൂട്ടുകെട്ടിന് വഴിത്തിരിവായത് എന്നത് പരസ്യമായ രഹസ്യം. സൗഹൃദത്തിൽ ഉണ്ടായിരുന്ന ആത്മബന്ധം ഇരുവരുടെയും ശബ്ദത്തിനും സാമ്യത നൽകി എന്നുതന്നെ പറയേണ്ടിവരും. പിന്നീട് എം.ജി ശ്രീകുമാറിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആര്യൻ,അഭിമന്യു,കാലാപാനി മിഥുനം,മിന്നാരം,തേന്മാവിൻ കൊമ്പത്ത് അങ്ങനെ മലയാള സംഗീത ആസ്വാദകർ എക്കാലവും ഓർത്തിരിക്കുന്ന എത്രയോ ഹിറ്റുകൾ ഇരുവരും സമ്മാനിച്ചു.
കണ്ണീർ പൂവിന്റെ കവിളിൽ തലോടി ഗാനം സമ്മാനിച്ച് മലയാളി മനസ്സിലേക്ക് ചേക്കേറിയ സംഗീതത്തിലെ അതുല്യ പ്രതിഭയെ തേടി രണ്ട് ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും എത്തി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിനും,ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗാനത്തിനും അദ്ദേഹം ദേശീയ അവാർഡ് നേടി.ലേഖയാണ് എംജി ശ്രീകുമാറിനെ ഭാര്യ. അവരും ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട താരമാണ്.14 വർഷത്തെ ലിവിങ് ടുഗെതറിനു ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. നിരവധി പരസ്യ ചിത്രങ്ങളിലും എം.ജി ശ്രീകുമാറിനൊപ്പം ലേഖ അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലേഖക്കുണ്ട്.അതിലൂടെ തന്നെ അവരുടെ കുടുംബ വിശേഷങ്ങളും എം.ജിശ്രീകുമാർ വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രേഖയുടെ രണ്ടാം വിവാഹമാണ് എംജി ശ്രീകുമാറുമായി. ആദ്യവിവാഹത്തിൽ ഇവർക്ക് ഒരു മകളുണ്ട്.അടുത്തിടെ മകളുമായുള്ള ചിത്രവും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

0 Comments