നറുക്കെടുപ്പ് നടത്താന്‍ അവകാശം ലോട്ടറി വകുപ്പിന് മാത്രം: 2000 രൂപയ്ക്ക് വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി

 


തിരുവനന്തപുരം: കടത്തില്‍നിന്നു കരകയറാന്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് തിരിച്ചടി. നറുക്കെടുപ്പിലൂടെ വീട് വില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്നും ലോട്ടറി വകുപ്പ് വ്യക്തമാക്കി.

സമ്മാന നറുക്കെടുപ്പ് നടത്താന്‍ ലോട്ടറി വകുപ്പിനു മാത്രമാണ് അവകാശം. ചിട്ടി നടത്താനുള്ള നിയമപ്രകാരം സമ്മാനം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും ലോട്ടറി വകുപ്പ് ജോയന്റ് ഡയറക്ടര്‍ സുരേന്ദ്രന്‍ പറഞ്ഞു.

ഇത് തടയണമെന്നും ലോട്ടറി വകുപ്പ് ജോയന്റ് ഡയറക്ടര്‍ വട്ടിയൂര്‍ക്കാവ് പോലീസിനു നിര്‍ദ്ദേശം നല്‍കി. എന്നാല്‍, വകുപ്പ് രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിട്ടില്ല.ജോയന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം വട്ടിയൂര്‍ക്കാവ് പോലീസ്, വീട് വില്പനയ്ക്കു വച്ച അജോ-അന്ന ദമ്പതിമാരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

കേരള ബാങ്ക് ജഗതി ശാഖയില്‍ നിന്ന് വീട് വാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നതു മുടങ്ങിയതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്. വായ്പസമയം നീട്ടിക്കിട്ടാന്‍ മന്ത്രിയെയടക്കം കണ്ടെങ്കിലും ബാങ്കിലെ ജീവനക്കാരില്‍നിന്നുള്ള കടുത്ത സമ്മര്‍ദ്ദം കാരണമാണ് വീട് വിറ്റ് കടം തീര്‍ക്കാന്‍ ഇറങ്ങിയത്. അത്യാവശ്യക്കാരെന്നു കണ്ടതോടെ വിപണിവിലയിലും കുറച്ചു നല്‍കാനാണ് മിക്കവരും ശ്രമിച്ചത്.

ഇതിനൊരു പരിഹാരമെന്ന നിലയിലാണ് മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനു തടസ്സവാദവുമായാണ് ലോട്ടറി വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. അക്കൗണ്ടന്റായിരുന്ന അജോയ്ക്ക് അപകടത്തില്‍ കാഴ്ച പോയതോടെയാണ് ജോലി നഷ്ടമായത്. ഹോങ്കാങ്ങില്‍ എന്‍ജിനിയറായിരുന്ന അന്നയ്ക്ക് കോവിഡിനെ തുടര്‍ന്നാണ് പുതിയ ജോലി കണ്ടെത്താനുമായില്ല.

Post a Comment

0 Comments