സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഇടപഴകുന്ന രീതി സമസ്തയില്‍ ഇല്ല; ന്യായീകരിച്ച് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍

 


കോഴിക്കോട്: സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഇടപഴകുന്ന രീതി സമസ്തയില്‍ ഇല്ലെന്ന് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍.

അല്ലാതെ തന്നെ സ്ത്രീകള്‍ക്ക് എല്ലാ തരത്തിലുള്ള ബഹുമാനവും പിന്തുണയും സമസ്ത നല്‍കുന്നുണ്ട്. സമസ്ത മാറണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കാലോചിതമായി തന്നെയാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു.

മുന്‍പും ഇതുപോലെ സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലുമെല്ലാം നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും സ്റ്റേജിലേക്ക് വിളിച്ച് വിളിച്ചുവരുത്തി ആയിരുന്നില്ല. മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് കൊണ്ടുവരാതിരിക്കുന്നതിലൂടെ അവര്‍ക്ക് കുറെ ഗുണങ്ങളുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത രംഗത്തുവന്നത്. പെണ്‍കുട്ടിക്ക് വിഷമം തോന്നാതിരിക്കാന്‍ വേണ്ടിയാണ് മാറ്റിനിര്‍ത്തിയതെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പരാതിയില്ലെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ചാണ് മാറ്റിയതെന്നും പത്രസമ്മേളനത്തില്‍ ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാരാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയില്‍ നിന്നും ഇറക്കിവിട്ടത്.

മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ് ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.

Post a Comment

0 Comments