മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മൃദുല വിജയ്യും യുവ കൃഷ്ണയും. ഇരുവരും വിവാഹജീവിതത്തിലും ഒന്നിച്ചത് ആരാധകർക്ക് ഇരട്ടിമധുരമായി. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം.
കോവിഡ് കാലത്തായിരുന്നു വിവാഹവും വിവാഹനിശ്ചയവുമെല്ലാം നടന്നത്.വിവാഹത്തിന് ശേഷമുള്ള ജീവിതത്തിലെ സന്തോഷനിമിഷങ്ങളെല്ലാം മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും പൊതുസുഹൃത്തായ രേഖ രതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് യുവയും മൃദുലയും. അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരുന്ന താരം ഇരുവരും ആരാധകരെ അറിയിച്ചത്. അമ്മയാകാൻ തയ്യാറെടുക്കുന്നതിനാൽ അഭിനയത്തിൽ നിന്ന് മൃദുല ചെറിയൊരു ഇടവേള എടുത്തിട്ടുണ്ട്.
ഇനി കുഞ്ഞ് ജനിച്ച് അഞ്ചോ ആറോ മാസത്തിന് ശേഷമേ അഭിനയിക്കാനെത്തൂ. ഗർഭിണിയാണെന്നറിഞ്ഞ ആദ്യ മാസങ്ങളിൽ നേരിട്ട വിഷമതകളെക്കുറിച്ച് മൃദുല തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗർഭിണിയായ ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മൃദുല.
സിനിമകളിൽ കാണുന്നത് പോലെ അത്ര എളുപ്പമല്ല ഗർഭിണിയായിട്ടുള്ള ജീവിതമെന്ന് പറയുകയാണ് മൃദുല. ആദ്യ മാസങ്ങളിൽ ഭാരം നാല് കിലോ വരെ കുറഞ്ഞെന്നും തനിക്ക് ഒന്നും തന്നെ കഴിയ്ക്കാൻ സാധിക്കുന്നില്ലായിരുന്നുവെന്നും പറയുകയാണ് താരം. ‘ഗർഭകാലജീവിതം എന്നത് സിനിമയിൽ കാണുന്നതു പോലെ അത്ര എളുപ്പമുള്ള സംഗതിയല്ല.
അതിന് ചില മോശം വശങ്ങളുമുണ്ട്. ഗർഭിണിയായിരുന്ന ആദ്യ മാസങ്ങളിൽ ഭക്ഷണത്തിന്റെ ഗന്ധം പോലും എനിക്ക് പ്രശ്നമായിരുന്നു. അയൽപക്കത്തുള്ളവർ ഭക്ഷണം ഉണ്ടാക്കുന്നതു പോലും എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്ത് മണം വന്നാലും അപ്പോൾ ഛർദ്ദിക്കും. ഒരു മാസം കൊണ്ട് എന്റെ ഭാരം ഒറ്റയടിക്ക് നാല് കിലോ വരെ കുറഞ്ഞു. പക്ഷെ, ഇപ്പോൾ ആ കഷ്ടപ്പാടിന്റെ ദിനങ്ങൾ സന്തോഷം നൽകുകയാണ്. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് വേണ്ടിയായിരുന്നുവല്ലോ അതെല്ലാം എന്നോർക്കുമ്പോൾ വലിയ ആഹ്ളാദവും അത്ഭുതവുമാണ്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗർഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു. ഇപ്പോൾ ഞാനും യുവയും കുടുംബാംഗങ്ങളുമെല്ലാം വലിയ സന്തോഷത്തിലും ഒപ്പം ശുഭപ്രതീക്ഷയിലുമാണ്. ആദ്യ മാസത്തിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് അഭിനയവും ടിവി ഷോകളുമൊക്കെ ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്നത്. പ്രശ്നങ്ങൾ സങ്കീർണ്ണമായപ്പോൾ ഡോക്ടർമാർ തന്നെയാണ് എന്നോട് വിശ്രമിക്കാനും ഇടവേള എടുക്കാനും നിർദ്ദേശിച്ചത്.
ഷോ നിർത്തണമെന്ന് എനിക്ക് താത്പര്യമേ ഇല്ലായിരുന്നു. എന്റെ ഭർത്താവും അതിന് വലിയ പിന്തുണയായിരുന്നു. പക്ഷെ, ഷൂട്ടിങ്ങ് പുരോഗമിക്കുന്നതനുസരിച്ച് എനിക്ക് ക്ഷീണം കൂടിവരികയായിരുന്നു. ആദ്യ സ്‌കാനിങ്ങിൽതന്നെ ഡോക്ടർമാർ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേത്തുടർന്നാണ് വിശ്രമിക്കാനും ഇടവേളയെടുക്കാനും തീരുമാനിച്ചത്. എന്റെ ടീം നല്ല പിന്തുണ നൽകിയതു കൊണ്ടു കൂടിയാണ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ സാധിച്ചത്.’ മൃദുല പറയുന്നു.

0 Comments