തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയോട് ഞാന്‍ വീണ്ടും ചോദിച്ചു എന്തേ ആരെയും കൂട്ടി വരാത്തത്; ഉത്തരം പതിവുപോലെ മൗനം! എപ്പോഴും ഫുള്‍സ്ലീവ് ടീഷര്‍ട്ടില്‍ വരുന്ന പെണ്‍കുട്ടിയുടെ ഇടതു കയ്യില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകള്‍; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട പെണ്‍കുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം; വ്യക്തിപരമായ നിരാശയും പ്രൊഫഷണല്‍ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം; ഉക്രൈന്‍ ബിരുദധാരിയായ പെണ്‍കുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കി ഡോ. സുല്‍ഫി നൂഹ്

 


ഉക്രൈന്‍ ബിരുദധാരിയായ പെണ്‍കുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ഡോ. സുല്‍ഫി നൂഹ്.അദ്ദേഹം ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ; 

ഒരു ഉക്രൈന്‍ ആത്മഹത്യ കുറിപ്പ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.നിര്‍ത്താത്ത തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയോട് ഞാന്‍ വീണ്ടും ചോദിച്ചു. എന്തേ ആരെയും കൂട്ടി വരാത്തത്. ഉത്തരം പതിവുപോലെ മൗനം!

തലവേദനയുടെ കൃത്യമായ കാരണം കണ്ടെത്താനാകാതെ ചില പരിശോധനകള്‍ കൂടി ഞാന്‍ ആവശ്യപ്പെട്ടു. ദന്തരോഗവിദഗ്ദ്ധനും നേത്രരോഗ വിദഗ്ധനും പ്രത്യേകിച്ച്‌ ബുദ്ധിമുട്ടുകളില്ലായെന്ന് വിധിയെഴുതിയ ഒരു നോണ്‍ സ്പെസിഫിക് തലവേദന. ആദ്യദിവസം മുതല്‍ ഒരു സൈക്യാട്രി കണ്‍സള്‍ട്ടേഷന്‍ അത്യാവശ്യമെന്ന് തോന്നല്‍ കൂടുതല്‍ കൂടുതല്‍ ശക്തമായി. അതും കൂടി മനസ്സില്‍ കണ്ടാണ് വീട്ടില്‍ നിന്നും ആരെയെങ്കിലും കൂട്ടി വരാന്‍ ആവശ്യപ്പെട്ടത്.

വീണ്ടും ഒറ്റയ്ക്കെത്തിയ പെണ്‍കുട്ടിയോട് ഞാന്‍ കാര്യകാരണങ്ങള്‍ ഒന്നുകൂടി ചോദിച്ചു. ഒന്നും കണ്ടെത്താനായില്ലെങ്കിലും എപ്പോഴും ഫുള്‍സ്ലീവ് ടീഷര്‍ട്ടില്‍ വരുന്ന പെണ്‍കുട്ടിയുടെ ഇടതു കയ്യില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകള്‍ ഞാന്‍ ശ്രദ്ധിച്ചു. റ്റെന്‍ടെടിവ് കട്സ് എന്നറിയപ്പെടുന്ന ഈ മുറിവുകള്‍ ആത്മഹത്യ ശ്രമത്തിനിടെ കിട്ടിയതെന്നുറപ്പ്. എങ്കിലും ഞാന്‍ വീണ്ടും ചോദിച്ചു.

"ഇതെന്താ"? ഒരു നിമിഷം പരിപൂര്‍ണ്ണ നിശബ്ദത. പെട്ടെന്ന് പെണ്‍കുട്ടി പൊട്ടിക്കരയാന്‍ തുടങ്ങി. ഒരുതരത്തില്‍ കുട്ടിയെ സമാധാനിപ്പിച്ചു. മെല്ലെമെല്ലെ പെണ്‍കുട്ടി കഥയുടെ ചുരുളഴിച്ചു. ആദ്യത്തെ വാചകം തന്നെയെന്നെ ഞെട്ടിച്ചു. "പറഞ്ഞില്ലെന്നേയുള്ളൂ. ഞാന്‍ ഡോക്ടറാണ്". അതുകേട്ട് ഞാന്‍ ചെറുതായൊന്ന് ഞെട്ടിയെങ്കിലും പിന്നെ പറഞ്ഞ കഥകള്‍ എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.ഒരു ഉക്രയിന്‍ ബിരുദധാരി.

യുക്രൈന്‍ കോഴ്സ് കഴിഞ്ഞെങ്കിലും ഭാരതത്തിലെ ലൈസന്‍സിങ് പരീക്ഷയായ എഫ് എം ജി എഴുതുവാനുള്ള നിരന്തര ശ്രമം പരാജയപ്പെട്ട വിദ്യാര്‍ത്ഥിനി. പരീക്ഷ എഴുതാനായി ഡല്‍ഹിയിലും തിരുവനന്തപുരത്തും പറന്നു നടക്കുന്നു. ഇത്തവണ അഞ്ചാം തവണയാണ് പരീക്ഷ എഴുതുന്നത്. വീണ്ടും വീണ്ടും പരീക്ഷ എഴുതുന്നു .വീണ്ടും വീണ്ടും തോല്‍ക്കുന്നു. വലിയ തുക ലോണെടുത്ത് വലിയ പ്രതീക്ഷയോടെ ഡോക്ടറാക്കാന്‍ പറഞ്ഞു വിട്ട മാതാപിതാക്കള്‍ കടുത്ത നിരാശയില്‍.

കല്യാണ ആലോചനകള്‍ സ്വയംതട്ടിയെറിഞ്ഞ പെണ്‍കുട്ടി ലൈസന്‍സ് പരീക്ഷ എഴുതി എടുക്കാനുള്ള ശ്രമം തുടര്‍ന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട പെണ്‍കുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം വ്യക്തിപരമായ നിരാശയും പ്രൊഫഷണല്‍ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം. മാതാപിതാക്കളെ കണ്ടാലെ ചികിത്സ തുടരാന്‍ കഴിയൂയെന്ന് നിര്‍ബന്ധം പിടിച്ച ഞാന്‍ ഒരു തരത്തില്‍ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. ആ കുട്ടി എന്ത് പിഴച്ചു.

എനിക്ക് ആര്‍ക്കിടെക്‌ട് ആകാനാണ് ഇഷ്ടമെന്ന് മാതാപിതാക്കളോട് ആയിരംവട്ടം പറഞ്ഞതായി കുട്ടി പറയുന്നു. കുറ്റവാളികള്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ തന്നെയാണ് സമൂഹവും പിന്നെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ചില റിക്രൂട്ടിങ് ഏജന്‍സികളും. ഈ സംഭവം നടക്കുമ്ബോള്‍ നീറ്റ് പരീക്ഷ ആവശ്യമില്ലെന്നാണ് ഓര്‍മ്മ. ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ വെറും15 ശതമാനത്തിനടുത്ത് മാര്‍ക്ക് വാങ്ങിയാല്‍ (ഫിഫ്റ്റിയത്ത് പെര്‍സെന്റെല്‍)

പരീക്ഷ പാസാകും. പ്ലസ് ടു പരീക്ഷ പാസാകുന്ന എല്ലാ കുട്ടികളും നീറ്റില്‍ ക്വാളിഫൈ ചെയ്യാതിരിക്കാന്‍ കഴിയില്ല. നീറ്റ് പരീക്ഷ പാസായി എന്ന ഒറ്റ കാരണം കൊണ്ട് ഇതുപോലെ പോലെ ആയിരക്കണക്കിന് കുട്ടികള്‍ കടുത്ത മനോവ്യഥയില്‍. തിരിച്ചറിയേണ്ടത് രക്ഷകര്‍ത്താക്കളും പൊതുസമൂഹം. വീണ്ടും വീണ്ടും ആത്മഹത്യാക്കുറിപ്പുകള്‍ ഉണ്ടാകാതിരിക്കട്ടെ. 

ഡോ സുല്‍ഫി നൂഹു

Post a Comment

0 Comments