എനിക്ക് സര്‍ക്കാര്‍ ജോലിയുണ്ട്; തരാമെന്ന് പറഞ്ഞ മാല പോലും തന്നിട്ടില്ല; വിവാഹവേദിയില്‍ സ്ത്രീധനത്തിന് വഴക്കിട്ട് വരന്‍; ഒടുവില്‍

 


സ്ത്രീധനം വേണമെന്ന ആവശ്യവുമായി കല്ല്യാണ വേദിയില്‍ വച്ച്‌ കലഹിക്കുന്ന വരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.

ബിഹാറില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം നടക്കില്ലെന്നാണ് വധുവിനെ അടുത്തിരുത്തി വരന്‍ പറയുന്നത്. വിവാഹ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും വേദിയില്‍ ഇരിക്കുന്നത്. സ്ത്രീധനം മേടിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഇയാള്‍ വേദിയില്‍ ഇരുന്ന് ചോദിക്കുന്നത്. കുറേയധികം നേരം ഇയാള്‍ സ്ത്രീധനം ലഭിക്കണമെന്ന ആവശ്യവുമായി വധുവിന്റെ ബന്ധുക്കളോട് വാദിക്കുന്നത് കാണാം. ഈ സമയമത്രയും വധു നിര്‍വികാരയായിട്ടാണ് വരന്റെ അടുത്തിരിക്കുന്നത്.

' ഇവിടെ സ്ത്രീധന സംവിധാനം ഇല്ലെന്ന് ആരാണ് പറഞ്ഞത്. സ്ത്രീധനം വാങ്ങുന്നതില്‍ എന്താണ് തെറ്റ്. എല്ലായിടത്തും നടക്കുന്ന കാര്യമാണിത്. ചിലതൊക്കെ പുറത്ത് അറിയും, ചിലത് അറിയാറില്ല. അത്രയേ ഉള്ളു. എനിക്ക് സ്ത്രീധനം കിട്ടാതിരുന്നത് കൊണ്ടാണ് നിങ്ങളെല്ലാവരും ഇപ്പോള്‍ ഇതേക്കുറിച്ച്‌ അറിഞ്ഞത്. ഇല്ലെങ്കില്‍ ആരും ഇതൊന്നും അറിയില്ല'. പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ കുറച്ച്‌ കൊണ്ടുവന്നിട്ടുണ്ടെന്നും, ബാക്കി പിന്നീട് നല്‍കാമെന്നും വധുവിന്റെ വീട്ടുകാര്‍ ഈ സമയം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ സ്ത്രീധനം മുഴുവന്‍ ഇന്ന് തന്നെ ലഭിക്കണമെന്നും, എങ്കില്‍ മാത്രമേ വിവാഹം നടക്കൂ എന്നുമാണ് വരന്‍ പറയുന്നത്.

' എനിക്ക് തരാമെന്ന് പറഞ്ഞ മാല ഇതുവരെ തന്നിട്ടില്ല. എനിക്ക് ഒരു സര്‍ക്കാര്‍ ജോലിയുണ്ട്. അതുകൊണ്ട് എന്റെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കണമെന്നും' വരന്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസമുള്ള ആളല്ലേ, മനുഷ്യത്വത്തോടെ പെരുമാറൂ എന്നും ചുറ്റും ഉള്ളവര്‍ പറയുന്നുണ്ട്. വാഗ്വാദത്തിന് ഒടുവില്‍ വരന്‍ വിവാഹത്തിന് സമ്മതിക്കുന്നുമുണ്ട്. അതേസമയം വരനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Post a Comment

0 Comments