മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. ഇരുവരും സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ പുതിയ ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും.
മൃദുലയും യുവയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സീരിയൽ താരങ്ങളുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽമീഡിയ വഴിയാണ്.
മൃദുലയും യുവയും യുട്യൂബ് വഴി വ്ലോഗായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മൃദുല ഏഴാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
മൃദുലയുടെ കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഇരുവരും ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. തിരുവന്തപുരത്തെ യുവയുടെ വാടക വീട്ടിൽ വെച്ചായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്.
വിവാഹത്തിന് യുവയുടെ വീട്ടുകാർ സമ്മാനിച്ച സാരിയണിഞ്ഞായിരുന്നു മൃദുല സീമന്ത ചടങ്ങിനെത്തിയത്. യുവയുടെ മൂത്ത ചേച്ചിയുടെ പിറന്നാൾ കൂടിയായിരുന്നു. അതിനാൽ തന്നെ ചടങ്ങിന് പൊലിമ കൂടി. സർവാഭരണ വിഭൂഷിതയായാണ് ചടങ്ങിനായി മൃദുല എത്തിയത്.
നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. കുഞ്ഞാവയ്ക്കും മൃദുലയ്ക്കും യുവയ്ക്കും ആശംസകൾ എന്നാണ് ഏറെയും ആരാധകർ കുറിച്ചിരിക്കുന്നത്. കുഞ്ഞുവാവയെ കാണാൻ കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ടായിരുന്നു.
രണ്ട് മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. യുവ-മൃദുല ജോഡിയുടെ വിശേഷങ്ങൾ എപ്പോഴും യുട്യൂബിൽ ട്രെന്റിങാകാറുണ്ട്.
അതേസമയം ഇനി കുറച്ച് നാൾ മൃദുലയെ പിരിഞ്ഞ് കഴിയേണ്ടി വരുമെന്ന സങ്കടത്തിലാണ് യുവ. അടുത്തിടെ മൃദുല ഒരു വീട് സ്വന്തമാക്കിയതിന്റെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വിഴവൂർ എന്ന സ്ഥലത്താണ് മൃദുലയുടെ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചര സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. ജൂൺ ഒന്നിനായിരുന്നു വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്.
സീരിയലുകളിലൂടെ ലഭിച്ച വരുമാനമാണ് വീടിന്റെ നിർമാണത്തിനായി മുഴുവൻ വിനിയോഗിച്ചതെന്നും തന്റെ വരുമാനം കൊണ്ട് മാത്രം നിർമിച്ച വീടാണ് ഇതെന്നും മൃദുല പറഞ്ഞിരുന്നു.
വാടക വീടുകളിലെ താമസ്തതിന് മോചനമായതിന്റെ സന്തോഷവും മൃദുലയ്ക്കുണ്ട്. 'ഓർമവെച്ച കാലം തൊട്ടേ വാടകവീട്ടിലാണ് താമസം.'
'ജനിച്ചുവീണതും വാടകവീട്ടിലാണ്. അതിനാൽ, ചെറിയ കുട്ടിയായിരിക്കുമ്പോഴേ സ്വന്തമായൊരു വീട് വേണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു.'
'ഞാൻ ജനിച്ചതിന് ശേഷം ഏകദേശം 13 വീടുകളിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അപ്പോൾ അച്ഛനും അമ്മയും താമസിച്ച വാടകവീടുകളുടെ എണ്ണം അതിലും ഉയരും. പുതിയ വീട്ടിലേക്ക് മാറിയതിൽ പറഞ്ഞ് അറിയിക്കാൻ ആവാത്ത സന്തോഷമുണ്ട്.'
'അച്ഛൻ വിജയ് കുമാർ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നുള്ള വരുമാനം ഒരു വീട് കെട്ടിപ്പടുക്കാൻ തികയുമായിരുന്നില്ല. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കണം, വീട്ടിലെ ചെലവ്, ഒപ്പം ഞങ്ങളുടെ പഠനം. ഇതിനെല്ലാമായിരുന്നു അച്ഛൻ വരുമാനം ഉപയോഗിച്ചിരുന്നത്.'
'ഞാൻ സീരിയലിൽ വന്നതോടെയാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നം കുറച്ചുകൂടി ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയത്. ഇത് അഭിനയത്തിലൂടെ എനിക്ക് ലഭിച്ച വരുമാനം കൊണ്ട് മാത്രം പണിതുയർത്തിയ വീടാണ്.'
'ഏകദേശം ആറുമാസങ്ങൾകൊണ്ട് വീട് പണി പൂർത്തിയാക്കണമെന്നാണ് കരുതിയിരുന്നത്. എന്നാൽ കരാറുകാരന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. അതിനാൽ രണ്ടുവർഷത്തിന് അടുത്തായി വീടുപണി പൂർത്തിയാകാൻ' മൃദുല പറയുന്നു. മൃദുലയ്ക്കും യുവയ്ക്കും പാലക്കാട് സ്വന്തമായി വീടുണ്ട്.

0 Comments