മലയാളത്തിലെ പുതുമുഖതാരങ്ങളില്‍ ശ്രദ്ധേയനാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വിഷ്ണു എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
രാപ്പകല്‍, അമൃതം, പളുങ്ക്, കഥ പറയുമ്പോള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിഷ്ണു നായകനായ ആദ്യ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍.
അടുത്തിടെ വെടിക്കെട്ട് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന് പൊള്ളലേറ്റിരുന്നു. രണ്ട് കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവന്നേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ അവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും വ്യക്തമാക്കി താരം നേരിട്ടെത്തിയിരിക്കുകയാണ്. ഒപ്പം ആശുപത്രിക്കിടക്കയിലെ ഒരു ചിത്രം കൂടി പങ്കിടുകയാണ് താരം.
'പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ...!! പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
'വെടിക്കെട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്‌നേഹം.' വിഷ്ണു കുറിയ്ക്കുന്നു.
വൈപ്പിനില്‍ വെച്ചായിരുന്നു വെടിക്കെട്ട് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. നടന് പരുക്ക് പറ്റിയതോടെ ഷൂട്ടിങ്ങ് തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന് അപകടം സംഭവിച്ച വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആശംസകളും പ്രാര്‍ഥനകളുമായെത്തിയത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയാരയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടാവുന്നത്. തിരക്കഥ ഒരുമിച്ചെഴുതിയിട്ടുണ്ടെങ്കിലും താരങ്ങള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സംവിധാനത്തിന് പുറമേ സിനിമയിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും താരങ്ങള്‍ തന്നെയാണ്. കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന പൂജ ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വെടിക്കെട്ടിന്റെ ചിത്രീകരണം ആരംഭിച്ചത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വള്ളത്തില്‍ നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റെന്നും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍. രണ്ടു കയ്യിലും പരിക്കേറ്റുവെന്നും പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവന്നേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന അണിയറപ്രവര്‍ത്തകര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

0 Comments