‘നൂല്‍ ബന്ധമില്ലാതെ ഡോക്ടറെന്ന് പറയുന്ന പുരുഷന്റെ മുന്നില്‍ കിടക്കണം; മാനസിക രോഗിയാക്കി ആശുപത്രിയിലാക്കി’: മഠത്തില്‍ നിന്ന് നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് മലയാളി കന്യാസ്ത്രീ

 


കോഴിക്കോട്: മൈസൂരു സെന്റ് റോസെല്ലാ കോണ്‍വെന്റില്‍ നിന്നും ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് വ്യക്തമാക്കി മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ മേരി എല്‍സീന. 

കോണ്‍വെന്റിലെ അനീതി ചൂണ്ടിക്കാട്ടിയതിന് ക്രൂരമായി മര്‍ദ്ദിച്ചെന്നും മാനസിക രോഗിയായി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും സിസ്റ്റര്‍ പറയുന്നു.

കോണ്‍വെന്റിലെ അനീതി, അക്രമം, അഴിമതി എന്നിവ ചൂണ്ടിക്കാട്ടി വനിത കമ്മീഷന് പരാതി നല്‍കിയതോടെയാണ് തനിക്കെതിരെ അക്രമം തുടങ്ങിയതെന്നും സിസ്റ്റര്‍ പറയുന്നു. പരാതി പിന്‍വലിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായി, അതിനു വഴങ്ങിയില്ല. എന്നെ ഒറ്റപ്പെടുത്തി. ഡ്യൂട്ടി തരാതെ ഒഴിവാക്കി. ഇക്കഴിഞ്ഞ 31ന് നാല് പുരുഷന്‍മാര്‍ കോണ്‍വെന്റിലെത്തി മര്‍ദ്ദിച്ചു.

മാനസികരോഗിയെന്ന് മുദ്രകുത്തി ആശുപത്രിയിലാക്കി. നാല് ദിവസം മൈസൂരുവിലെ മാനസികാരോഗ്യ ആശുപത്രിയില്‍ കഴിയേണ്ടിവന്നുവെന്നും പുരുഷന്‍മാരെത്തി മഠത്തില്‍ വച്ച് അക്രമിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ മേരി എല്‍സീന പറഞ്ഞു.

എന്നോട് ചെയ്ത പോലെ പലരോടും ചെയ്യുന്നു, വിമര്‍ശിക്കുന്ന എല്ലാവരേയും ഭ്രാന്തിയാക്കുന്നു. മോശമായ അനുഭവം എനിക്കുമുണ്ടായി. സുഖ ചികിത്സ ചെയ്യുന്നവരാണ് എന്നു പറഞ്ഞ് നൂല്‍ ബന്ധമില്ലാതെ ഡോക്ടറാണെന്നു പറയുന്ന പുരുഷന്റെ മുന്നില്‍ കിടക്കണം, ഞാന്‍ പോലീസില്‍ പരാതി കൊടുത്തിരുന്നു. പിന്നീട് സമ്മര്‍ദ്ദം കാരണം പിന്‍വലിച്ചു-സിസ്റ്റര്‍ മേരി എല്‍സീന താന്‍ നേരിട്ട അക്രമത്തെ കുറിച്ച് പറഞ്ഞു.

പോലീസിന്റെ സഹായത്തോടെയാണ് അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് കിട്ടിയത്. തിരിച്ചു ചെന്നെങ്കിലും തിരുവസ്ത്രം തരുന്നില്ല. എനിക്ക് ജീവിക്കണം. 25 വര്‍ഷമായി സഭയോടൊപ്പമാണ് ജീവിതം. ഞാനിപ്പോള്‍ പെരുവഴിയിലാണ്. എന്നെ തിരിച്ചെടുക്കണം, അല്ലെങ്കില്‍ ജീവിക്കാനായി നഷ്ടപരിഹാരം നല്‍കണമെന്നും’ എല്‍സീന പറയുന്നു.

Post a Comment

0 Comments