ബിഗ് ബോസ് മലയാളം നാലാം സീസൺ അവസാനിച്ചിട്ടും ഷോയെ സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് സംഭവബഹുലമായ ബിഗ് ബോസ് വീടായിരുന്നു ഇത്തവണ പ്രേക്ഷകർ കണ്ടത്.
ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു. പക്ഷേ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം മറ്റൊന്നാണ്. വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച റിയാസ് സലിം. തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് റിയാസ്.
'ബിഗ് ബോസ് ജീവിതസ്വപ്നമായി കൊണ്ടുനടന്ന ആൾ', റിയാസിനെക്കുറിച്ച് ആദ്യം കേട്ട കാര്യം ഇതാണ്. എങ്ങനെയാണ് ഇത്തരമൊരു സ്വപ്നമുണ്ടായത്?
എപ്പോഴും പറയുന്നതുപോലെ കഴിഞ്ഞ ഒമ്പത് വർഷമായി ഹിന്ദി ബിഗ് ബോസ് കാണുന്ന ആളാണ് ഞാൻ. ഈ ഷോ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കാരണം ഇതിന് മനുഷ്യരിലുണ്ടാക്കാനാവുന്ന സ്വാധീനത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ആളുകളുടെ വ്യക്തി ജീവിതത്തിലടക്കം വലിയ മാറ്റങ്ങൾ വരുത്താനാകുന്ന, അവരെക്കൊണ്ട് മാറി ചിന്തിപ്പിക്കാൻ കഴിയുന്നതരം ഒരു ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെയാണ് ഇതിന്റെ ഭാഗമാവുക എന്നത് എന്റെ വലിയ ആഗ്രഹമായത്. ചിലപ്പോൾ നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ പ്രപഞ്ചം നമ്മളെ സഹായിക്കുമെന്നാണല്ലോ പറയുന്നത്, അങ്ങനെയാവാം ഞാനിതിലേക്ക് എത്തിയത്.
ഒരു സോ കാൾഡ് പുരുഷൻ അല്ലാതിരുന്നതിന്റെ, മാസ്‌ക്കുലൈൻ സ്വഭാവങ്ങൾ ഇല്ലാതിരുന്നതിന്റെ എല്ലാം പേരിൽ ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ആളാണ് റിയാസ്. ബിഗ് ബോസ് പോലെ പ്രേക്ഷകരുടെ വോട്ടിന്റെയും അവരുടെ ഇഷ്ടത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ മത്സരിക്കേണ്ട ഒരു ഷോയിൽ വരുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നോ?
ബിഗ് ബോസിൽ പങ്കെടുത്ത് ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നപ്പോഴും മലയാളി പ്രേക്ഷകർ എന്നെപ്പോലൊരാളിനെ എങ്ങനെയാണ് കാണാൻ പോകുന്നതെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിജയി ആവുക എന്നത് എന്നെ സംബന്ധിച്ച് എത്ര ബുദ്ധിമുട്ടായിരിക്കുമെന്നും അറിയാമായിരുന്നു. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതെന്താണെന്നും അവർക്കിഷ്ടപ്പെടുന്നത് എന്താണെന്നും നമുക്കറിയാമല്ലോ. പുരുഷന്മാർ എങ്ങനെയായിരിക്കണമെന്ന് ആളുകൾ തീരുമാനിച്ച് വച്ചിട്ടുണ്ട്. താടി വച്ച, കരുത്തനായ, കരയാത്ത, ഗാംഭീര്യമുള്ള ശബ്ദമുള്ള ആളുകളെ മാത്രമേ നമ്മുടെ സമൂഹം പുരുഷന്മാരായി കണക്കാക്കുന്നുള്ളൂ, അതാണ് നമ്മുടെ സങ്കല്പം. ദുർബ്ബലരായ, കരയുന്ന, 'പൗരുഷം' പ്രകടിപ്പിക്കാത്ത, സ്ത്രൈണതയുള്ള പുരുഷൻ എന്നത് പലർക്കുമൊരു പ്രശ്നമാണ്. ഇതെല്ലം പണ്ടുമുതലേ ചിലർ നിർണ്ണയിച്ചുവച്ച അളവുകോലുകളാണ്. അത് പിന്തുടരേണ്ട ആവശ്യം എനിക്കില്ല. എനിക്കെത്രത്തോളം പൗരുഷം വേണമെന്ന് തീരുമാനിക്കാനുള്ളത് ഞാനാണ്. നിങ്ങൾക്കെത്ര പൗരുഷം ഉണ്ടാവണമെന്നും എത്രത്തോളം സ്ത്രൈണത വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ളത് മറ്റുള്ള ആൾക്കാരാണ്, നിങ്ങളാണ്.

0 Comments