കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോകളും കാണുന്നവരെ അറസ്റ്റ് ചെയ്തു പോക്സോ കേസ് എടുക്കുന്നതിനെതിരെ പോലീസിനുള്ളിൽ തന്നെ ഒരു വിഭാഗത്തിന് അമർഷം.
പോൺ സൈറ്റുകൾ നിരോധിക്കാതെ അത് കാണാൻ അവസരം ഒരുക്കിയതിനു ശേഷം അതിൽ ഉൾപ്പെടുന്നവരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നതിലെ യുക്തിരാഹിത്യത്തെയാണ് പോലീസിനുള്ളിൽ തന്നെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.
പലപ്പോഴും ഇതിൽ കേസെടുക്കാൻ നിർബന്ധമാവുകയാണ് പോലീസ്. മിക്കപ്പോഴും ഈ കേസിൽ ഉൾപ്പെടുന്നത് മാന്യമായി ജീവിക്കുന്നവരാണ്. വിവരങ്ങൾ ശേഖരിച്ചതിനു ശേഷം ഇവരെ ഓഫീസിലോ വീടുകളിലോ എത്തി അറസ്റ്റ് ചെയ്യുകയാണ് രീതി. അപ്രതീക്ഷിതമായി ഇത്തരം ഒരു അറസ്റ്റ് സംഭവിക്കുന്നതോടെ കുടുംബത്തിലുള്ള മറ്റുള്ളവർക്കും അത് ഒരു നാണക്കേടായി മാറും. ഇത് റെയ്ഡിന് പോകുന്ന പല ഉദ്യോഗസ്ഥരും നേരിട്ട് മനസ്സിലാക്കുന്ന കാര്യമാണ്. പലപ്പോഴും പോലീസ് അന്വേഷിച്ചു വീട്ടിലെത്തുമ്പോഴാണ് ഈ സംഭവം കുടുംബത്തിലുള്ളവർ അറിയുന്നത്. ഇത്തരത്തിൽ പോലീസ് കേസ് എടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവവും ഉണ്ട്.
ഓപ്പറേഷൻ പി ഹണ്ട് നടത്തുന്നതിനിടയില്‍ അറസ്റ്റിലായവരിൽ പ്രഫഷണലുകളും വിദ്യാർഥികളും വരെ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട വലിയൊരു വിഭാഗം പേരും യാതൊരു വിധ ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തവരാണ്. പോൺ വീഡിയോ കണ്ടു എന്നതിനപ്പുറം മറ്റൊരു കേസിലും ഇവർ ഇതിനുമുമ്പ് ഉൾപ്പെട്ടിട്ടുമില്ല. ഇതുകൊണ്ടു തന്നെ നടപടിയെടുക്കാനും പോലീസ് മടിക്കുന്നുണ്ട്. എന്നാൽ ഡിജിറ്റൽ തെളിവ് ഉള്ളതിനാൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സ്ഥിതിയിലാണ് പോലീസുകാർ. കുട്ടികൾ ഉൾപ്പെട്ട വീഡിയോകൾ പോൺ സൈറ്റിൽ നിന്നും നീക്കം ചെയ്യുകയാണ് ഏക പ്രതിവിധി എന്ന് ഒരുവിഭാഗം പോലീസ് പറയുന്നു.കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കാണുന്നതും അത് പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

0 Comments