ഓണം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ അധ്യാപകരും അധികൃതരും കൂടുതൽ ജാഗരൂകരാണ്. വിദ്യാലയങ്ങൾക്ക് പുറത്ത് കുട്ടികളെ വലയിൽ വീഴ്ത്താൻ ലഹരി മാഫിയ കാത്തിരിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഇതിന്‍റെ പ്രധാന കാരണം.
ആൺ പെൺ ഭേദമില്ലാതെ വിദ്യാർത്ഥികളെ ലഹരി മാഫിയ ഉപയോഗപ്പെടുത്തുന്നു. ഇന്ന് വിദ്യാർത്ഥികളുടെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നായി മയക്കു മരുന്നുൾപ്പെടെയുള്ള ലഹരികളും മറ്റും മാറിക്കഴിഞ്ഞു.
രാവിലെ സ്കൂൾ തുറക്കുമ്പോഴും വൈകുന്നേരം സ്കൂൾ വിട്ടു പോകുമ്പോഴും കുട്ടികളെ വലയിലാക്കാൻ സ്ത്രീകൾ അടക്കമുള്ളവർ കച്ചകെട്ടി കാത്തിരിക്കുകയാണ്. വിദ്യാർത്ഥിനികള്‍ക്ക് സ്ത്രീകളെ ഉപയോഗിച്ചാണ് ലഹരി മരുന്നു കൈമാറുന്നത്. കഞ്ചാവും സിന്തറ്റിക് ലഹരികളും ഇന്ന് വലിയൊരു വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പരിചിതമായ വസ്തുവായി മാറിക്കഴിഞ്ഞു. വിദ്യാർത്ഥികളെ വലയിലാക്കാൻ അശ്ലീല ചിത്രങ്ങളും മറ്റും ഈ സംഘം ഉപയോഗിക്കുന്നുമുണ്ട്. തൃശ്ശൂർ ജില്ലയിൽ മാത്രം ചുരുങ്ങിയ നാളുകൾക്കുള്ളിൽ കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നാണ് പിടികൂടിയത്. ഇതിന്റെ വലിയൊരു വിഭാഗം വിപണനവും നടക്കുന്നത് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ്.
സ്കൂൾ കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കുന്നത് ലഹരി മിഠായികൾ നൽകുകയാണ്. അഡിക്റ്റ് ആയെന്ന് കണ്ടാൽ പിന്നീട് പണം ഇടാക്കുകയും പണം കണ്ടെത്താൻ വേണ്ടി മറ്റ് അസന്മാർഗീയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂർ ജില്ലയിലെ ഒരു പ്രമുഖ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് പ്രഗ്നൻസി ടെസ്റ്റ് റിസൾട്ട് അധികൃതർക്ക് ലഭിച്ചു. കുട്ടികളിലെ ലഹരിയും സെക്സും നഗരത്തിൽ ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.
അധ്യായന വർഷം ആരംഭിക്കുമ്പോൾ മുതൽ തന്നെ ഇതിനായി ബോധവൽക്കരണവും സ്കൂളുകളുടെ മുന്നിൽ പോലീസിന്റെ സാന്നിധ്യവും ഉണ്ടെങ്കിൽ മാത്രമേ ഒരു പരിധിവരെ ഇതിനെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. എന്നാൽ പോലീസിന്റെ നിരീക്ഷണം പോലും പലപ്പോഴും പേരിനു മാത്രമായി ചുരുങ്ങുകയാണ്. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിയോടുള്ള ആഭിമുഖ്യം പൊതുജനങ്ങളിലും അതുപോലെതന്നെ അധികാരികളിലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

0 Comments