മറ്റൊരു സ്കൂളിൽ ഡ്യൂട്ടിക്ക് പോയപ്പോൾ ശരീരമാകെ പൊള്ളിയ പാടുകളുളള ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു . എനിക്കവൻ്റെ മുഖത്ത് നോക്കുവാൻ വല്ലാത്ത മടിയോ പേടിയോ ഒക്കെ തോന്നി. ഞാൻ അവൻ്റെ നമ്പർ വിളിച്ചു. ഞാൻ മുഖമുയർത്തി അവനെ നോക്കി. അവൻ താഴേക്കും. മെല്ലെ അവൻ്റെ കൈയ്യിൽ തൊട്ട് ഞാൻ ചോദിച്ചു എങ്ങനെ പറ്റിയതാ മക്കളേ,അവൻ മുഖമുയർത്തി,പോളകൾ അടർന്നു പോയ അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി...കുറിപ്പ്


 ജീവിതത്തിൽ കണ്ടു മുട്ടിയ ചില മുഖങ്ങളെ വീണ്ടുമോർക്കുവാൻ ഞാനിഷ്ടപ്പെടുന്നതേയുണ്ടായിരുന്നില്ല. വലിഞ്ഞു മുറുകിയ പരുക്കൻ മുഖങ്ങളിൽ നിന്നും ഓടി രക്ഷപെടുവാനേ എന്നും തോന്നിയിട്ടുള്ളൂ. 

പക്ഷെ എപ്പൊഴൊക്കയോ ഞാനതിൽ ചില മുഖങ്ങളുടെ മുന്നിൽ തട്ടിത്തടഞ്ഞു വീണു.2012 ൽ എനിക്ക് പ്രാക്ടിക്കൽ പരീക്ഷാ ഡ്യൂട്ടി തഴവ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.രണ്ടാം ദിവസത്തെ ബാച്ചിൽ ശരീരമാകെ പൊള്ളിയ പാടുകളുളള ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു. എനിക്കവൻ്റെ മുഖത്ത് നോക്കുവാൻ വല്ലാത്ത മടിയോ പേടിയോ ഒക്കെ തോന്നി. മറ്റുള്ളവർ ഓരോ സംശയങ്ങൾ ചോദിക്കുവാൻ അടുത്ത് വന്നപ്പോഴും അവൻ എന്തോ എന്നോട് പുറം തിരിഞ്ഞു നിന്ന് ലാബ് ചെയ്തു. അവസാനം ഞാൻ വൈവയ്ക്കായി അവൻ്റെ നമ്പർ വിളിച്ചു. മടിച്ചു മടിച്ചു വന്ന അവനോട് ഞാൻ എൻ്റെ അടുത്തേക്ക് സ്റ്റൂൾ വലിച്ചിട്ട് ഇരിക്കുവാൻ പറഞ്ഞു.


ഞാൻ മുഖമുയർത്തി അവനെ നോക്കി. അവൻ താഴേക്കും. പൊള്ളൽ അവൻ്റെ മുഖത്തിൻ്റെ രൂപം തന്നെ മാറ്റിമറിച്ചിരുന്നു. നോക്കിയിരിക്കെ എൻ്റെ ഉള്ളു പിടഞ്ഞു.മെല്ലെ അവൻ്റെ കൈയ്യിൽ തൊട്ട് ഞാൻ ചോദിച്ചു എങ്ങനെ പറ്റിയതാ മക്കളേ….? അവൻ മുഖമുയർത്തി.പോളകൾ അടർന്നു പോയ അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ വിങ്ങിവിങ്ങി കരയുവാൻ തുടങ്ങി. ലാബ് നിശ്ശബ്ദം.. മണ്ണെണ്ണ വിളക്ക് തട്ടി മറിഞ്ഞ് തീപിടിച്ചതാ …. അവൻ വിക്കി വിക്കിപ്പറഞ്ഞു. ഞാനവൻ്റെ നെറുകയിൽ കൈ ചേർത്തുവെച്ചു പറഞ്ഞു “സാരമില്ല… മോനെ…. നിനക്കൊരു കുഴപ്പവുമില്ല….. ധൈര്യമായിട്ടിരിക്ക്. നന്നായി പഠിച്ചാൽ മതി….. ” അവൻ കരഞ്ഞു തീരുവാൻ ഏറെ സമയമെടുത്തു. എന്തോ ഭാരമൊഴിഞ്ഞ പോൽ… ഞാനും….

മറ്റൊരിക്കൽ മുറിയിൽ തട്ടി വീണ് പൊട്ടിയ കാൽവിരലുമായി ഞാൻ കരുനാഗപ്പള്ളി യൂണിറ്റി ഓർത്തോപീഡിക് സെൻ്ററിൽ ചെന്നു.


അവർ എക്സ് റേ എടുക്കുവാൻ പറഞ്ഞു. ഞാൻ കാത്തിരുന്നു. എൻ്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരൻ്റെ കൈ വലുതായി പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നുണ്ട്. എക്സ് റേ എടുക്കുവാൻ സമയമായപ്പോൾ കൂട്ടുകാരൻ അവൻ്റെ കൈയ്യുടെ കെട്ടഴിച്ചു. ആ കൈപ്പത്തി വികൃതമായ രീതിയിൽ വീങ്ങി വെളുത്തിരിക്കുന്നു. തൊലിയും നഖങ്ങളും ഒന്നും ഇല്ല. അതു കണ്ടയുടനെ ഞെട്ടി അടുത്തിരുന്നവർ മുഖം തിരിച്ചു. ചിലരൊക്കെ എഴുന്നേറ്റു. അവൻ്റെ കണ്ണുകൾ നിറഞ്ഞു. കൂട്ടുകാരൻ തോർത്ത് വലിച്ച് ആ കൈപ്പത്തിക്ക് മുകളിലൂടെ ഇട്ടു. കൈക്ക് എന്ത് പറ്റിയതാ……? ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. ടാങ്കർ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനിടയിൽ പൊള്ളിയതാ… കൂട്ടുകാരൻ പറഞ്ഞു. ഞാൻ ഒന്നു ശ്വാസമെടുത്തു. പുത്തൻ തെരുവ് ടാങ്കർ ദുരന്തം, ആ ആർത്തനാദങ്ങൾ… മരണങ്ങൾ… അടർന്നു മാറി തെറിച്ചു പോയ ശരീരഭാഗങ്ങൾ…..


എൻ്റെ ചിന്തകളാണ് പൊള്ളിക്കയറിയത്. ഒന്നുമോർക്കാതെ രക്ഷാപ്രവർത്തനത്തിനോടിയെത്തിയതാ അവൻ …. അവനോടാണോ നാം മുഖം തിരിച്ചുപിടിക്കേണ്ടത്…. ? ആ ചെറുപ്പക്കാരൻ്റെ നനഞ്ഞ മിഴികൾ….. ഒരിക്കലും മറക്കില്ല…മറക്കുവാൻ പറ്റില്ല…പെരിങ്ങാലം സ്കൂളിൽ ജോലി ചെയ്യുമ്പോൾ കടത്തി റങ്ങി ഏറെ ദൂരം ചേറിലൂടെ നടന്ന് ഒരു മല കയറി വേണ മായിരുന്നു സ്കൂളിൽ എത്തുവാൻ… പോകുന്ന വഴിക്കുള്ള വീട്ടുകാരോടെല്ലാം വിശേഷങ്ങൾ പങ്കിട്ടായിരുന്നു നടത്തം. മലയിടവാരത്തിലെ ഒരു വീട്ടിലെ ചേച്ചി മാത്രം ഞങ്ങളോട് ഒന്നും മിണ്ടിയിരുന്നില്ല. അവരുടെ മുഖം ഒരിക്കലും ചിരിച്ചു കണ്ടിട്ടുമില്ല. ക്രമേണ അതങ്ങു ശീലമായെങ്കിലും അവരോട് എന്തോ ഉള്ളിലൊരു വെറുപ്പ് വളർന്നു വന്നിരുന്നു. മനുഷ്യരോട് ഒന്നു ചിരിച്ചു കൂടെ….. എന്തൊരു സ്ത്രീ… !!എന്നു ചിന്തിച്ച് തന്നെ വർഷങ്ങൾ കടന്നു പോയി.

Post a Comment

0 Comments